കേരളത്തെ നോളജ് ഹബ്ബാക്കി മാറ്റണം: കാന്തപുരം

0
1863
SHARE THE NEWS

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ അവസരങ്ങളൊരുക്കി കേരളത്തെ നോളേജ് ഹബ്ബാക്കി മാറ്റിയെടുക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനാ നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക രംഗത്ത് അടിസ്ഥാനപരമായ പല മാറ്റങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാരിന്റെ ചില വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ ചട്ടം ലഘൂകരിച്ച നടപടി സ്വാഗതാര്‍ഹമാണ്. ആരാധനാലയങ്ങളുടെ നിര്‍മ്മാണ കാര്യത്തിലും ഈ ലഘൂകരണം ബാധകമാക്കി പെര്‍മിറ്റ് നല്‍കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്ക് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2017ല്‍ നടന്ന പി.എസ്.സി പരീക്ഷയില്‍ പൊലീസിലേക്ക് നിയമനോത്തരവ് ലഭിച്ച നൂറുകണക്കിന് പേര്‍ക്ക് ഇപ്പോഴും ജോലിയില്‍ പ്രവേശിക്കാനായിട്ടില്ല. അവരുടെ നിശ്ചിത കാലാവധി ഈയിടെ കഴിഞ്ഞെങ്കിലും, മാനുഷിക പരിഗണനകള്‍ നല്‍കി നിയമന ലിസ്റ്റില്‍ വന്നവരെന്ന നിലയില്‍ ജോലി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

വിദേശങ്ങളില്‍ കൂടുതല്‍ തൊഴിലവസരങ്ങളൊരുക്കുന്ന ഭാഷകളുടെ പഠനത്തിനു പ്രാമുഖ്യം നല്‍കുന്ന ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി ആരംഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീല്‍ അല്‍ ബുഖാരി ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് റമളാനില്‍ വരുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. ന്യൂനപക്ഷ പഠന മേഖലയിലെ വിദഗ്ധരെ കൂടി ആസൂത്രണബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നും കാലിക്കറ്റ് സര്‍വകലാശാലയില്‍ ആരംഭിക്കുമെന്നു പ്രഖ്യാപിച്ച മൈനോറിറ്റി സ്റ്റഡി സെന്റര്‍, കള്‍ച്ചറല്‍ സ്റ്റഡീസ് സെന്റര്‍ എന്നിവ തുടങ്ങാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സിറാജ് മാനേജിങ് എഡിറ്റര്‍ എന്‍. അലി അബ്ദുല്ല ആവശ്യപ്പെട്ടു.

ഹജ്ജ് കമ്മറ്റി യുടെ നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കൊണ്ട് കമ്മറ്റിയുടെ കീഴില്‍ വിപുലമായ ഒരു ഗവേഷണ കേന്ദ്രം ആരംഭിക്കുക, കേരളത്തിലെ മുസ്ലിം പള്ളികളോട് ചേര്‍ന്നുള്ള ഗ്രന്ഥശാലകള്‍ നവീകരിക്കാനും, ഡിജിറ്റലൈസ് ചെയ്യാനുമുള്ള പദ്ധതികള്‍ക്ക് വഖഫ് ബോര്‍ഡുമായി സഹകരിച്ചു പദ്ധതികള്‍ ആവിഷ്‌കരിക്കുക, സംസ്ഥാനത്തിനു പുറത്തേക്കു ഉന്നത വിദ്യഭ്യാസത്തിനു പോകുന്ന വിദ്യാര്‍ഥികള്‍ക്കും കേരളത്തിലെ സ്‌കോളര്‍ഷിപ്പുകള്‍ ക്ക് അപേക്ഷിക്കാന്‍ സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു.


SHARE THE NEWS