സഊദിയിലേക്കു നേരിട്ട് ഫ്ളൈറ്റുകള്‍ അനുവദിക്കണം; കാന്തപുരം ഇടപെട്ടു

0
436
SHARE THE NEWS

കോഴിക്കോട്: ഇന്ത്യയില്‍ നിന്ന് സഊദി അറേബിയയിലേക്കു പോകുന്ന യാത്രക്കര്‍ക്ക് നേരിട്ട് വിമാനമാര്‍ഗം പോകാന്‍ ഫ്ളൈറ്റുകള്‍ അനുവദിക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് സഊദി അറേബ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഔസാഫ് സയീദ്, ഇന്ത്യയിലെ സഊദി അംബാസിഡര്‍ ഡോ സൗദ് മുഹമ്മദ് എന്നിവര്‍ക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കത്തയച്ചു. ഈ വിഷയത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായും കാന്തപുരം ചര്‍ച്ച നടത്തി.

സഊദി അറേബ്യയില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ മടക്കയാത്ര വളരെ ദുഷ്‌കരമാണിപ്പോള്‍. യു.എ.ഇ -യില്‍ പതിനഞ്ചു ദിവസം താമസിച്ചു മാത്രമേ അവര്‍ക്ക് കഴിഞ്ഞദിവസം വരെ സഊദിയിലേക്കു സഞ്ചരിക്കാന്‍ അനുമതി ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ നിലവില്‍ ആ മാര്‍ഗവും അടഞ്ഞ അവസ്ഥയാണുള്ളത്. ഇതുമൂലം വലിയ പ്രയാസങ്ങളാണ് സഊദിയില്‍ തൊഴിലിനു പോകുന്ന ഇന്ത്യക്കാര്‍ അനുഭവിക്കുന്നത്.

യാത്രയില്‍ നേരിടുന്ന പലതരം പ്രതിസന്ധികള്‍ കാരണം പല പ്രവാസികളും മടങ്ങേണ്ട സമയം കഴിഞ്ഞിട്ടും സഊദിയിലേക്കു തിരിച്ചുപോകാനാവാതെ പ്രതിസന്ധിയിലാണ്. ജോലി നഷ്ടമാകുന്നതിന്റെയും വിസ കാലാവധി പൂര്‍ത്തിയാകുന്നതിന്റെയും ആശങ്കയിലാണ് പ്രവാസികള്‍. അതിനാല്‍, കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് നേരിട്ട് സഊദിയിലേക്കു ഫ്ളൈറ്റ് അനുവദിക്കാന്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.


SHARE THE NEWS