ജാഗ്രതയും സമര്‍പ്പണ മനസ്സും പ്രധാനം: കാന്തപുരം

0
129

കോഴിക്കോട്: കോവിഡ് ഭീഷണി മൂര്‍ദ്ധന്യതയില്‍ നില്‍ക്കുന്ന ഈ സമയത്തെ ബലിപെരുന്നാളിന് ജാഗ്രതയും സമര്‍പ്പണ മനസ്സും പ്രധാനമായി വിശ്വാസികള്‍ക്ക് ഉണ്ടാവണമെന്നു ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ത്യാഗത്തിന്റെ ഓര്‍മപ്പെടുത്തലാണ് ബലിപെരുന്നാള്‍. ജീവിതത്തില്‍ വലിയ ത്യാഗങ്ങള്‍ അനുഷ്ടിച്ചു ദൈവിക കല്പന മുറുകെപ്പിടിച്ച ഇബ്‌റാഹീം നബിയുടെയും കുടുംബത്തിന്റെയും സേവനങ്ങളെ നിതാന്തമാക്കി നിലനിറുത്തുകയാണ് ബലിപെരുന്നാളിലൂടെ. അതിനാല്‍ വിട്ടുവീഴ്ചകളിലൂടെയും ത്യാഗങ്ങളിലൂടയും ഈ പ്രയാസ കാലത്തെ നാം അതിജീവിക്കണം.
കോവിഡ് കാരണം വിഷമത്തിലായ അനേകം കുടുംബങ്ങളുണ്ട്. അവര്‍ക്ക് സഹായങ്ങള്‍ ചെയ്യാന്‍ ഈ ബലിപെരുന്നാള്‍ ഉപയോഗപ്പെടുത്തണം. എല്ലാ വിശ്വാസികളും സന്തോഷത്തോടെ പെരുന്നാള്‍ ആഘോഷിക്കുന്നുവെന്നു ഉറപ്പു വരുത്തണം. സര്‍ക്കാര്‍ മാനദണ്ഡം പൂര്‍ണ്ണമായും അനുസരിച്ചാവണം ഉദ്ഹിയ്യതും പെരുന്നാള്‍ നിസ്‌കാരവും. നമ്മുടെ സുരക്ഷക്കായി സദാ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും പോലീസുകരുടെയും കാര്യത്തില്‍ ശ്രദ്ധയുണ്ടാവണം. അവര്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കണം. സമ്പര്‍ക്കം പരമാവധി കുറച്ചു, നമ്മുടെയും ചുറ്റുമുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഓരോ വിശ്വാസിയും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കാന്തപുരം പറഞ്ഞു.