മഅ്ദനിക്ക് നീതി ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് കാന്തപുരത്തിന്റെ കത്ത്

0
430

ബംഗളുരു: ആറു വര്‍ഷത്തിലധികമായി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക് നീതി ആവശ്യപ്പെട്ടു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കത്ത് നല്‍കി. കഴിഞ്ഞ ദിവസം ബംഗളുരുവിലെത്തിയ കാന്തപുരം കര്‍ണാടക ഭക്ഷ്യ വകുപ്പ് മന്ത്രി യു.ടി ഖാദര്‍ മുഖേനെയാണ് കത്ത് കൈമാറിയത്.

പത്ത് വര്‍ഷത്തിലധികം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ മഅ്ദനി നിരപരാധിയാണെന്ന് തെളിയിച്ചാണ് മോചിതനായത്. തുടര്‍ന്ന് ശാരീരികമായി നിരവധി പ്രയാസങ്ങള്‍ അനുഭവിച്ച അദ്ദേഹത്തെ 2010ല്‍ വീണ്ടും മറ്റൊരു കേസില്‍ തടവുശിക്ഷക്ക് വിധിക്കുകയായിരുന്നു. ആ അറസ്റ്റിന് നിരത്തിയ കാരണങ്ങള്‍ ദുര്‍ബലവും വ്യാജവുമായിരുന്നെന്ന് പല മാധ്യമങ്ങളും തുറന്നുകാട്ടിയിട്ടുണ്ട്. ഈ കേസില്‍ സത്യസന്ധമായ അന്വേഷണം വേഗത്തില്‍ നടത്തി നീതിയുക്തമായ വിധത്തില്‍ മഅ്ദനിയോട് പെരുമാറാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അദ്ദേഹത്തിന്റെ വിചാരണയും കേസിനായി കോടതി സംഗമിക്കലും നിരന്തരം വൈകിപ്പിച്ചും മന:പ്പൂര്‍വ്വം മാറ്റിവെച്ചും നീട്ടിക്കൊണ്ടു പോകുന്നതും സംശയകരമാണ്. കഠിനമായ ശാരീരിക ബുദ്ധിമുട്ടുകളനുഭവിക്കുന്ന മഅ്ദനിയുടെ കേസിന്റെ വിചാരണ നീതിയുക്തമായും വേഗത്തിലും നടത്തണമെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം ആവശ്യപ്പെട്ടു.
2012 ഡിസംബറില്‍ അന്നത്തെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടാറിനെയും ആഭ്യന്തര മന്ത്രിയായിരുന്ന ആര്‍. അശോകിനെയും നേരില്‍കണ്ട് മഅ്ദനി വിഷയത്തില്‍ നീതി തേടി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇടപെടല്‍ നടത്തിയിരുന്നു. ശനിയാഴ്ച മര്‍കസില്‍ നടന്ന ആയിരങ്ങള്‍ പങ്കെടുത്ത ആത്മീയ സംഗമത്തില്‍ മഅ്ദനിക്ക് വേണ്ടി കാന്തപുരം പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.