ജി.സി.സി രാജ്യങ്ങളുടെ ഒത്തൊരുമ വികസനത്തിന് കരുത്തുപകരും: കാന്തപുരം

0
509
SHARE THE NEWS

കോഴിക്കോട്: ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ ഒരുമയും സൗഹൃദവും ഊഷ്മളമായത് സന്തോഷകരമാണെന്നും മിഡില്‍ ഈസ്റ്റിന്റെ വികസനത്തിനും മുന്നേറ്റത്തിനും ഈ യോജിപ്പ് കരുത്തുപകരുമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ജി.സി.സി രാഷ്ട്രങ്ങള്‍ ഒരുമിച്ചു നിന്ന് സാമൂഹിക-സാമ്പത്തിക പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത് അറബ് ലോകത്തിന്റ സുസ്ഥിര വളര്‍ച്ചയെ ത്വരിതപ്പെടുത്തും. അറബ്-ഇസ്ലാമിക പൈതൃകം ആഴത്തില്‍ നിലനില്‍ക്കുന്ന ഈ രാജ്യങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളും, പദ്ധതികളും ഏഷ്യ-ആഫ്രിക്ക വന്കരകളിലെ നിരവധി രാജ്യങ്ങള്‍ക്കും സഹായകരമാകും. ആഫ്രിക്കയിലെ പല ദരിദ്ര രാജ്യങ്ങളുടെയും ജി.ഡി.പിയെ വര്‍ദ്ധിപ്പിക്കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും, അവിടെ നിലനില്‍ക്കുന്ന തൊഴില്‍, വ്യാപാര സാഹചര്യങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഇന്ത്യയുടേയും പ്രധാന വാണിജ്യ സൗഹൃദ രാജ്യങ്ങളാണ് ജി.സി.സി രാഷ്ട്രങ്ങള്‍. ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും എന്ന് പ്രതീക്ഷിക്കുകയാണ്:അദ്ദേഹം പറഞ്ഞു.
ഖത്തറിന് മേല്‍ മൂന്നു വര്‍ഷമായി ചുമത്തിയിരുന്ന ഉപരോധം പിന്‍വലിച്ച് സഊദി ബോര്‍ഡര്‍ തുറക്കുന്നതോടെ, പൂര്‍വ്വാധികം ഭംഗിയായി മിഡില്‍ ഈസ്റ്റിന്റെ ബഹുമുഖ മേഖലകളിലെ വളര്‍ച്ച നടക്കും: കാന്തപുരം വ്യക്തമാക്കി. സഊദിയില്‍ നടന്ന ജി.സി.സി നാല്പത്തിയൊന്നാം സമ്മിറ്റില്‍ പ്രശംസനീയമായ ഈ തീരുമാനത്തിന് നേതൃത്വം നല്‍കിയ യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, സഊദി ക്രൗണ്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ റഹ്മാന്‍ സബാഹി, ഖത്തര്‍ അമീര്‍ ഹിസ് ഹൈനസ് തമീം ബിന്‍ ഹമദ് അല്‍ അസാനി, ഒമാന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് ഫഹദ് ബിന്‍ മഹമൂദ്, ബഹ്റൈന്‍ ക്രൗണ്‍ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നീ ഭരണകര്‍ത്താകളെ കാന്തപുരം അനുമോദിച്ചു.


SHARE THE NEWS