ആഘോഷത്തിന്റെ പേരിൽ തെരുവിലിറങ്ങരുത്: കാന്തപുരം

0
912
SHARE THE NEWS

കോഴിക്കോട്: ലോക്ഡൗണിന്റെ നാലാം ഘട്ടത്തിലാണ് റമളാന്‍ വ്രതത്തിന് ശേഷമുള്ള പെരുന്നാള്‍ വരുന്നത്. റമളാനില്‍ വിശ്വാസികള്‍ വീട്ടിലിരുന്ന് വ്രതശുദ്ധി കൈവരിച്ചതുപോലെ പെരുന്നാളിലും സ്വന്തം വീടുകളില്‍ കഴിയണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഇത് വലിയൊരു പരീക്ഷണത്തിന്റെ ഘട്ടമാണ്. പള്ളികള്‍ പെരുന്നാള്‍ നിസ്‌കാരമില്ലാതെ അടഞ്ഞുകിടക്കുമ്പോള്‍ നാം കുടുംബസന്ദര്‍ശനങ്ങളുടെ പേരില്‍ പോലും പുറത്തിറങ്ങരുത്. നൂറുകണക്കിന് മനുഷ്യര്‍ പട്ടിണി കിടന്നും രോഗത്താലും വിവിധ ഭാഗങ്ങളില്‍ ബുദ്ധിമുട്ടിക്കഴിയുമ്പോള്‍ പെരുന്നാളിന്റെ പേരില്‍ പുത്തന്‍ വസ്ത്രങ്ങൾക്ക് വേണ്ടി അങ്ങാടിയിലിറങ്ങരുത്. ഒരാർഭാടവും ഈസമയത്ത് നമുക്ക് വേണ്ട. അത് വിശ്വാസിക്ക് ചേര്‍ന്നതുമല്ല. ഈ സമയത്ത് കുറ്റമറ്റ ജാഗ്രതയാണ് നമുക്ക് വേണ്ടത്. ചെറിയൊരു ജാഗ്രതക്കുറവുപോലും ജീവിതംകൊണ്ടുള്ള കളിയായി മാറുകയാണല്ലോ. കൊവിഡ് എന്ന മഹാമാരിയെ പൂര്‍ണമായും തുരത്തുന്നതുവരെ അധികൃതരുടെ നിര്‍ദേശങ്ങള്‍ നാം പാലിച്ചേ മതിയാകൂ. നമ്മുടെ പള്ളികളും മതപഠന ശാലകളും തുറക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്. കൊവിഡ് പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്ത ഒരു രാജ്യവുമില്ലെന്ന് മാത്രമല്ല, പല രാജ്യങ്ങളിലും ഈ രോഗം കൂടുതൽ മാരകമാവുകയാണ്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും ആശങ്കാജനകമാണ്. ലോക്ഡൗണിന്റെ ഇളവുകള്‍ നാം ഒരിക്കലും ദുരുപയോഗ ചെയ്യരുത്. ഒരിളവുകിട്ടുമ്പോഴേക്കും പലരും പുറത്തിറങ്ങുന്നത് അത്യാവശ്യ കാര്യങ്ങള്‍ക്കല്ല. ഇത് രോഗവ്യാപനത്തിന് വലിയ കാരണമാകാം. പെരുന്നാള്‍ ആഘോഷങ്ങള്‍ക്കപ്പുറം സ്വന്തം വീടുകളില്‍ പട്ടിണിയിലും മറ്റ് പ്രയാസങ്ങളിലും കഴിയുന്നവർക്ക് അന്നവും മരുന്നും മറ്റ് അവശ്യ സഹായങ്ങളും എത്തിക്കുന്നതിലാവണം നമ്മുടെ ശ്രദ്ധ. ഈ മാരകരോഗത്തെ പ്രതിരോധിക്കുന്നതില്‍ ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ്. മാസ്‌കും ശുചിത്വവും സാമൂഹിക അകലവും പാലിക്കലും ഇപ്പോൾ നാം ജീവിതശൈലിയുടെ ഭാഗമാക്കണം. ഈ മഹാവിപത്തില്‍നിന്ന് ലോകത്തെ രക്ഷിക്കാനുള്ള അകമുരുകിയ പ്രാര്‍ത്ഥനകളായിരിക്കണം ഇനിയുള്ള പവിത്രമായ ദിനങ്ങളിലും പെരുന്നാള്‍ ദിനത്തിലും വിശ്വാസികളില്‍നിന്നുണ്ടാവേണ്ടതെന്നും കാന്തപുരം പറഞ്ഞു.


SHARE THE NEWS