രാജ്യാന്തര സഖാഫി പണ്ഡിത സമ്മേളനത്തിന്‌ ഉജ്ജ്വല തുടക്കം.

0
589

കുന്ദമംഗലം: ഇസ്‌ലാമിക വിജ്ഞാനം ലോകത്താകെ പ്രചരിപ്പിച്ചത്‌ വിശുദ്ധ ജീവിതം നയിച്ച പണ്ഡിതന്മാരായിരുന്നുവെന്നും പാരമ്പര്യത്തിലൂന്നിയ ജ്ഞാനവിനിമയ നീതിയെയാണ്‌ അവര്‍ പ്രോത്സാഹിപ്പിച്ചതെന്നും സമസ്‌ത പ്രസിഡന്റ്‌ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസ്‌ കാമ്പസില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ സഖാഫി സംഗമം ഉദ്‌ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുനബി പഠിപ്പിച്ച വിജ്ഞാനം ആര്‍ജരനത്തിന്റെയും വിതരണത്തിന്റെയും മഹിതമായ ഒരു മാര്‍ഗമുണ്ട്‌. അല്ലാഹുവിനെ അറിയലും സൃഷ്ടാവിന്റെ കല്‍പനക്കനുസരിച്ച്‌ ജീവിതം ക്രമീകരിക്കലുമാണ്‌ യഥാര്‍ത്ഥ ജ്ഞാനി ചെയ്യേണ്ടത്‌. മതപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക്‌ നഷ്ടപ്പെട്ടത്‌ പാരമ്പര്യത്തിലൂന്നിയ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ തനിമയാണെന്നും ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ പറഞ്ഞു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പണ്ഡിതമാരുടെ ദൗത്യം ആധുനിക കാലത്ത്‌ വളരെയേറെ കൂടിയിട്ടുണ്ടെന്നും ഇസ്‌ലാമികമായി ആഴത്തില്‍ ജ്ഞാനം ആര്‍ജിക്കുന്നതോടൊപ്പം വിവിധ ഭാഷകളിലും വിജ്ഞാന ശാസ്‌ത്രങ്ങളിലും മത പണ്ഡിതന്മാര്‍ കഴിവ്‌ നേടണമെന്നും അദ്ദേഹം പറഞ്ഞു.
മര്‍കസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ്‌ യൂസുഫ്‌ കോയ തങ്ങള്‍ ബുഖാരി പതാക ഉയര്‍ത്തി . പ്രാര്‍ത്ഥന നിര്‍വഹിച്ചു. സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മലേഷ്യ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഡോ.അബ്ദുല്‍ ഹകീം അസ്‌ഹരി ആമുഖ പ്രഭാഷണം നടത്തി. സി മുഹമ്മദ്‌ ഫൈസി സ്വാഗത പ്രഭാഷണം നടത്തി. കെ.കെ അഹ്മദ്‌ കുട്ടി മുസലിയാര്‍, സയ്യിദ്‌ ഹബീബ്‌ കോയ തങ്ങള്‍ ചരക്കാപറമ്പ്‌, ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം പങ്കെടുത്തു തുടങ്ങിയവര്‍ പ്രസംഗിച്ചു.