ആശ്വാസ വചനങ്ങളുമായി ഫൈസലിന്റെ വീട്ടില്‍ കാന്തപുരമെത്തി

0
649

തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ വെട്ടേറ്റ് മരിച്ച ഫൈസലിന്റെ വീട്ടില്‍ ആശ്വാസ വചനങ്ങളുമായി അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ എത്തി. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ എത്തിയ കാന്തപുരം കൊടിഞ്ഞി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലെ ഫൈസലിന്റെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തി. ശേഷം ഫൈസലിന്റെ വീട്ടിലെത്തി ഫൈസലിന്റെ പറക്കമുറ്റാത്ത പിഞ്ചുമക്കളെ ആശ്വസിപ്പിക്കുകയും പ്രത്യേകം പ്രാര്‍ഥന നടത്തുകയും ചെയ്തു.

കൊടിഞ്ഞി സംഭവത്തിന്റെ പേരില്‍ നാട്ടിലെ സമാധാനം തകരുന്ന പ്രവണതകള്‍ ആരില്‍ നിന്നും ഉണ്ടാവരുതെന്നും സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും കാന്തപുരം പറഞ്ഞു. സംഭവം ഏറ്റവും ഖേദകരമാണ്. കുറ്റവാളികളെ പിടികൂടാന്‍ നിയമപാലകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാം കരുതുന്നത്. സമാധാനത്തിന്റെ പാത ഒരിക്കലും കൈവിടരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി സമസ്ത കേന്ദ്രമുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുഹാജി വേങ്ങര, വി ടി ഹമീദ് ഹാജി, പി എം ഇബ്‌റാഹീം കുട്ടി ഹാജി കാന്തപുരത്തോടൊപ്പം ഉണ്ടായിരുന്നു.
News Courtesy: Siraj Daily