കോഴിക്കോട്: മര്‍കസിന്റെ നേതൃത്വത്തില്‍ നടക്കുന്ന മര്‍ഹൂം അബ്ദുല്‍ ജലീല്‍ മുഹമ്മദ് അല്‍ ഫഹീം പതിനഞ്ചാമത് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഇന്ന് സമാപിക്കും. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങള്‍ക്ക് മര്‍കസ് മാലിക് ദീനാര്‍ പാറപ്പള്ളി, ഖല്ഫാന് ഇസ്ലാമിക് സെന്റര്‍ കൊയിലാണ്ടി വേദികളായി. ഖുര്‍ആന്‍ മനപ്പാഠ-പാരായണ ഇനങ്ങളിലായി നടന്ന മത്സരത്തിന്റെ സ്ക്രീനിംഗില്‍ കേരളത്തിലെ 64 സ്ഥാപനങ്ങളില്‍ നിന്നായി 117 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുകയും 60 വിദ്യാര്‍ത്ഥികള്‍ സെമിഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുകയും ചെയ്തു. ഇന്ന് നടക്കുന്ന ഫൈനല്‍ റൗണ്ടില്‍ 16 വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്.
വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന സമാപന വേദിയില്‍ സയ്യിദ് അലി ബാഫഖി ആധ്യക്ഷം വഹിക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അരനൂണ്ടാറ്റിലേറെക്കാലം മതാധ്യാപന രംഗത്ത് നിസ്തുല സേവനമര്‍പ്പിച്ച ഗ്രന്ഥകര്‍ത്താവ് വി.എം മുഹ്യുദ്ദീന്‍ കുട്ടി മുസ്ലിയാരെ ആദരിക്കും. ഹജ്ജ് കമ്മിറ്റി ചെയര്മാന് സി.മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍, വി.പി.എം ഫൈസി വില്ല്യാപള്ളി, ചിയ്യൂര് മുഹമ്മദ് മുസ്ലിയാര്, സയ്യിദ് അബ്ദുല്‍ അസീസ് ശാമില്‍ ഇര്‍ഫാനി, സയ്യിദ് സൈന്‍ ബാഫഖി, അഫ്സല് കൊളാരി, അസീസ് പയ്യോളി, അന്‍വര്‍ മുസ്ലിയാര്, അസീസ് മാഷ് കൊല്ലം തുടങ്ങിയവര്‍ സംബന്ധിക്കും. മത്സര വിജയികള്‍ക്കുള്ള രണ്ടര ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും മര്‍കസ് ഖത്മുല് ബുഖാരി സംഗമത്തില്‍ വെച്ച് നല്‍കും.