മൃതദേഹ സംസ്‌കരണത്തിന് ഇളവനുവദിക്കണം: കാന്തപുരം പ്രധാനമന്ത്രിക്ക് കത്തയച്ചു

0
774

കോഴിക്കോട്: കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ സംസ്കരണവുമായി ബന്ധപ്പെട്ട പ്രോട്ടോകോളിൽ ഇളവ് വേണമെന്ന് അഭ്യർത്ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കത്തയച്ചു.  ലോകാരോഗ്യ സംഘടന പുറത്തിറക്കിയ നിർദേശപ്രകാരം  കോവിഡ് ബാധിച്ച വ്യക്തികളിൽ മതപരവും സാമൂഹികവുമായ  കർമ്മങ്ങൾ അനുഷ്ഠിക്കാൻ പഅനുവദിക്കുന്നു. പി.പി.ഇ കിറ്റടക്കമുള്ള നിയമങ്ങൾ പാലിച്ച്‌ മൃതദേഹം കാണാനും, കയ്യുറ പോലുള്ള ശരീരത്തിൽ ജലസ്പർശനം അസാധ്യമാക്കുന്ന വസ്തുക്കൾ ധരിച്ചു കുളിപ്പിക്കാനും, മറമാടാനും  ലോകാരോഗ്യ സംഘടന 2020 മാർച്ച് 24 ന് പുറത്തിറക്കിയ നിർദേശങ്ങളിൽ  അനുവദിക്കുന്നു. എന്നാൽ, മൃതശരീരം കുളിപ്പിക്കാനോ, മതാചാര പ്രകാരം വസ്ത്രം ചെയ്യിക്കാനോ സാധ്യമാകാത്ത വിധത്തിലുള്ള നിലവിലുള്ള നിയമങ്ങൾ മരണപ്പെട്ടവരോടുള്ള അനാദരവുണ്ടാക്കുന്നവയാണ്. മരണപ്പെട്ടവരെ ഏറ്റവും ബഹുമാനത്തോടെ പരിഗണിക്കുന്ന സമീപനമാണ് എല്ലാ മതങ്ങളും സ്വീകരിച്ചിട്ടുള്ളത്.  മാത്രമല്ല, കടുത്ത രോഗാവസ്ഥയിൽ ആശുപത്രികളിൽ കഴിയുന്നവരെ മരണാനന്തരം ആചാര പ്രകാരം ചടങ്ങുകൾ നടത്താൻ സാധിക്കില്ല എന്ന കാര്യം വിഷമത്തിലാക്കുന്നു. അതിനാൽ, ലോകാരോഗ്യ സംഘടന പുറപ്പെടുവിപ്പിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച്‌, ആരോഗ്യവാന്മാരായ ആളുകൾക്ക്, മൃതദേഹങ്ങളിൽ മതാചാര പ്രകാരമുള്ള കർമ്മങ്ങൾ ചെയ്യാൻ അനുമതി നൽകുന്ന വിധത്തിൽ രാജ്യത്തെ പ്രോട്ടോകോളിൽ ഭേദഗതി വരുത്തണമെന്നു കാന്തപുരം കത്തിൽ ആവശ്യപ്പെട്ടു.