ലക്ഷദ്വീപിലെ പുതിയ പരിഷ്‌കാരങ്ങൾ അപലപനീയം; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് കാന്തപുരം

0
1066
SHARE THE NEWS

കോഴിക്കോട്: ലക്ഷദീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന, ജനജീവിതം ദുസ്സഹമാക്കുന്ന നടപടികളിൽ കടുത്ത ആശങ്കകൾ രേഖപ്പെടുത്തി ഇന്ത്യൻ രാഷ്‌ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്ക്  ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കത്തയച്ചു.

ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ് കാന്തപുരം ഇക്കാര്യം വ്യക്തമാക്കിയത്.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

ഭാഷാപരമായും ഭൂമിശാസ്ത്രപരമായും കേരളത്തോട് ചേർന്നുനിൽക്കുന്ന ലക്ഷദീപ്, കുറ്റകൃത്യങ്ങൾ പോലും അസാധാരണമായ, സമാധാനത്തിന് പേരുകേട്ട പ്രദേശമാണ്. ആറു മാസമായി ചുമതലയിലുള്ള അഡ്മിനിസ്ട്രേറ്റർ പ്രൊഫുൽ പട്ടേൽ കൊണ്ടുവന്ന നിയമങ്ങൾ ലക്ഷദീപിലെ ജനങ്ങളുടെ സവിശേഷ സംസ്കാരത്തെ തകർക്കുന്നവയും, നിത്യജീവിതത്തെ പ്രതിസന്ധിയിലാക്കുന്നവയുമാണ്.

ഗവണ്മെന്റ് ഓഫീസുകളിൽ നിന്നുള്ള പ്രദേശവാസികളെ ഒഴിവാക്കൽ, മദ്യത്തിന് അംഗീകാരം നൽകൽ, മൽസ്യത്തൊഴിലാളികളുടെ ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ നശിപ്പിക്കൽ, Prevention of Anti-Social Activities Act ചുമത്തി ജനങ്ങളെ ഒരു വർഷം വരെ തടവിൽ വെക്കാനുള്ള ശ്രമമാരംഭിക്കൽ, സ്‌കൂൾ വിദ്യാർത്ഥികളുടെ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് ഒഴിവാക്കൽ, കോവിഡ് പ്രോട്ടോകളിൽ അയവ് വരുത്തൽ – തുടങ്ങി പുതിയ അഡ്മിനിസ്ട്രേറ്റർ വന്നത് മുതൽ ഏർപ്പെടുത്തിയ ഓരോ നിയമങ്ങളും ദീപുകാരുടെ സാധാരണ ജീവിതം ദുരിതമയമാക്കിയിരിക്കുന്നു.

പരമ്പരാഗത സംസ്കാരങ്ങൾ ഇന്നും സൂക്ഷ്മതയിൽ പാലിച്ച്‌, അതിഥികളായെത്തുന്ന എല്ലാവരോടും അപാരമായ സ്നേഹം കാണിച്ച്‌, ഏറെ സമാധാനത്തോടെയും ശാന്തതയുടെയും ജീവിച്ചുവരുന്ന ലക്ഷദീപ് നിവാസികൾക്ക് മേലിൽ ചുമത്തിയ ഈ നിയമങ്ങൾ ദീപിന്റെ തനത് സംസ്കൃതിയെ ഇല്ലാതാക്കുനുതകുന്നവയാണ്. ട്രൈബൽ ജനവിഭാഗങ്ങൾക്ക് അവരുടെ സംസ്കാരത്തിലൂന്നി ജീവിക്കാൻ ആവശ്യമായ മുഴുവൻ സഹായങ്ങളും ഭരണകൂടങ്ങൾ ചെയ്തുവരുന്ന രീതിയാണ് ലോകത്ത് മുഴുവൻ കണ്ടുവരുന്നത്.

അതിനാൽ, ലക്ഷദീപിലെ എഴുപത്തിനായിരത്തോളം വരുന്ന ജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം. അവർക്ക് മേൽ പുതുതായി ചുമത്തപ്പെട്ട നിയമങ്ങൾ ഒഴിവാക്കണം. ലക്ഷദീപിലെ ജനജീവിതം മുമ്പത്തെപ്പോലെ ഭീതിമുക്തമാക്കാൻ ആവശ്യമായ ഇടപെടലുകൾ അടിയന്തരമായി നടത്തണം- കത്തിൽ ആവശ്യപ്പെട്ടു.


SHARE THE NEWS