ഇന്ത്യക്ക് ഓക്സിജൻ സിലിണ്ടറുകൾ നൽകിയ നടപടി; സൽമാൻ രാജാവിന് അഭിനന്ദനവും പ്രാർത്ഥനയുമായി കാന്തപുരം കത്തയച്ചു

0
1395
SHARE THE NEWS

കോഴിക്കോട്: കോവിഡിന്റെ രണ്ടാം വരവിൽ ഓക്സിജൻ സിലിണ്ടറുകൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഇന്ത്യയിലേക്ക് 80 മെട്രിക് ടൺ ഓക്സിജൻ സിലിണ്ടറുകൾ സുജന്യമായി അയച്ച സഊദി അറേബ്യ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന് അഭിനന്ദനമാറിയിച്ച്‌ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കത്തയച്ചു. ഇപ്പോൾ ദുബൈയിലുള്ള കാന്തപുരം സഊദിയിലെ ഇന്ത്യൻ എംബസി വഴിയാണ് കത്ത് കൈമാറിയത്.

കോവിഡിന്റെ അപ്രതീക്ഷിതമായ വ്യാപനത്തിൽ ആയിരക്കണക്കിന് രോഗികൾ ബുദ്ധിമുട്ടിയപ്പോൾ, സ്വന്തം രാജ്യത്തെ പൗരന്മാരെപോലെ കണക്കാക്കി ഇന്ത്യയിലേക്ക് വലിയ സഹായം അയച്ച ഈ മാതൃക വളരെ പ്രശംസനീയമാണ്. ചരിത്രപരമായി മികച്ച സൗഹൃദം നിലനിൽക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാനും ഈ നടപടി സഹായിക്കും. വിശുദ്ധ റമസാനിലാണ് ഈ ജീവകാരുണ്യ പ്രവർത്തനം ഉണ്ടായത് എന്നതും കർമമഹത്വം വർദ്ധിപ്പിക്കുന്നു.

ആപത്ത് കാലത്ത് നടത്തിയ ഈ മനുഷ്യസ്നേഹ പ്രവർത്തനത്തിന് ഇന്ത്യയിലെ കോടിക്കണക്കിനു മനുഷ്യരുടെ മനസ്സുകളിൽ വലിയ കൃതജ്ഞത ഉണ്ട്. സൽമാൻ രാജാവിന്റെ ആരോഗ്യത്തിനു വേണ്ടിയും സൗദി അറേബ്യയുടെയും അവിടെത്തെ പൗരന്മാരുടെയും നന്മക്കു വേണ്ടിയും ഇന്ത്യക്കാർ എന്നും പ്രാർത്ഥിക്കുമെന്നും കാന്തപുരം കത്തിൽ പറഞ്ഞു.


SHARE THE NEWS