മര്‍കസ് നോളജ് സിറ്റി: ആദ്യ ടവറിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ നിക്ഷേപകര്‍ക്ക് കൈമാറി

0
835
ലാന്‍ഡ്മാര്‍ക് വില്ലേജ് താക്കോല്‍ദാന ചടങ്ങ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു. ലാന്‍ഡ്മാര്‍ക് വില്ലേജ് മാനേജിംഗ്് ഡയറക്ടര്‍ അരുണ്‍ കുമാര്‍, ഡയറക്ടര്‍ അന്‍വര്‍ സാദത്ത് എന്നിവര്‍ സമീപം.
SHARE THE NEWS

കോഴിക്കോട് | മര്‍കസ് നോളജ് സിറ്റിയിലെ ഏക പാര്‍പ്പിട സമുച്ചയമായ ലാന്‍ഡ്മാര്‍ക് വില്ലേജിന്റെ ആദ്യഘട്ട ഹാന്‍ഡ് ഓവര്‍ നടന്നു. ലാന്‍ഡ്മാര്‍ക് വില്ലേജിലെ ക്ലബ് ഹൗസില്‍ വെച്ച് നടന്ന പ്രൗഢമായ ചടങ്ങിന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. നിര്‍മാണം പൂര്‍ത്തിയായ ആദ്യ ടവറിലെ അപ്പാര്‍ട്‌മെന്റുകളാണ് നിക്ഷേപകര്‍ക്ക് കൈമാറിയത്.

ഉന്നത ജീവിത നിലവാരവും മികച്ച സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന ലാന്‍ഡ്മാര്‍ക് വില്ലേജ് സൗത്ത് ഇന്ത്യയിലെ മികച്ച പാര്‍പ്പിട സമുച്ചയമാണെന്നും സുരക്ഷിതവും സന്തോഷകരവുമായ ജീവിത ഇടം വെല്ലുവിളിയാകുന്ന ആഗോള സാഹചര്യത്തില്‍ ലാന്‍ഡ്മാര്‍ക് വില്ലേജ് നല്ല പ്രതീക്ഷകളാണ് നല്‍കുന്നതെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. നിക്ഷേപകര്‍ക്ക് അപാര്‍ടുമെന്റുകള്‍ കൈമാറി സംസാരിക്കുകയായിരുന്നു അദ്ധേഹം.

ജാമിഅ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി കീനോട്ട് അഡ്രസ്സ് അവതരിപ്പിച്ചു. മര്‍കസ് നോളജ് സിറ്റിയുടെ ആരംഭ ഘട്ടം മുതല്‍ ഈ നഗരത്തിന്റെ ഭാഗമായ ലാന്‍ഡ്മാര്‍ക് വില്ലേജിന്റെ വളര്‍ച്ച എന്തുകൊണ്ടും ശ്ലാഘനീയമാണെന്ന് അദ്ധേഹം പറഞ്ഞു. ലാന്‍ഡ്മാര്‍ക് ബില്‍ഡേര്‍സ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ അധ്യക്ഷനായിരുന്നു. 1334 ഫ്ളാറ്റുകളും 60 ഓഫീസ് എഡു സ്‌പേസുകളും അടക്കം 1394 യൂനിറ്റുകളാണ് ലാന്‍ഡ്മാര്‍ക് വില്ലേജ് മര്‍കസ് നോളജ് സിറ്റിയില്‍ നിർമിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു. രണ്ട് അക്കാദമിക വര്‍ഷങ്ങളിലായി 312 ഫാമിലികളെ മര്‍കസ് നോളജ് സിറ്റിയുടെ ഭാഗമാക്കാന്‍ ലാന്‍ഡ്മാര്‍കിന് സാധിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

ഇരുപത് ഏക്കറിലായി ആറ് ടവറുകളാണ് വില്ലേജില്‍ നിര്‍മിക്കുന്നത്. വിവിധ അപാര്‍ടുമെന്റുകള്‍ക്കു പുറമെ ബിസിനസ്, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള മികച്ച ഓഫീസ് സ്‌പേസുകളും ഉള്‍കൊള്ളുന്നതാണ് പാര്‍പ്പിട സമുച്ചയം. മറ്റു ടവറുകളുടെ നിര്‍മാണം തകൃതിയായി നടക്കുകയാണ്.

സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി എന്നിവര്‍ അനുഗ്രഹ ഭാഷണം നിര്‍വഹിച്ചു. മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസലാം മുഹമ്മദ്, അക്ബര്‍ സാദിഖ്, ലാന്‍ഡ്മാര്‍ക് ബില്‍ഡേര്‍സ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത്, ലാന്‍ഡ്മാര്‍ക് വില്ലേജ് പ്രൊജക്ട് ഹെഡ് ശബീറലി ഇല്ലിക്കല്‍ സംസാരിച്ചു.


SHARE THE NEWS