
കുന്നമംഗലം: സുന്നത്ത് ജമാഅത്തിന്റെ വിശ്വാസ പ്രകാരം ജീവിക്കുന്ന മുസ്ലിംകള്ക്കിടയില് ഐക്യം നിറഞ്ഞുനില്ക്കുന്ന മാതൃകാ കേന്ദ്രങ്ങളായി മഹല്ലുകള്‍ മാറണമെന്ന് കുന്നമംഗലം മഹല്ല് ഖാസി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. കുന്നമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റി സംഘടിപ്പിച്ച മഹല്ല് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ പ്രദേശത്തെയും വിശ്വാസികളുടെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനു നേതൃത്വം നല്‍കേണ്ടത് മഹല്ലുകളാണ്. വിദ്യാഭ്യാസ രംഗത്ത് പുതിയ കാല്‍വെയ്പുകള്‍ നടത്താന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും മഹല്ല് നേതൃത്വം മുന്നിലുണ്ടാകണം.
ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വളരെ വലിയ വികാസം നേടിയ ഈ ഘട്ടത്തില്‍ അതിന്റെ ശരിയായ ഉപയോഗം ശീലിപ്പിക്കാനും, തെറ്റായ ഉപയോഗങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനും മഹല്ലുകളില്‍ പരിശീലനങ്ങള്‍ നടത്തണം. പാവപ്പെട്ടവര്‍ക്ക് എല്ലാവരും താങ്ങായി നിന്ന്, ഇസ്ലാം വിഭാവനം സാഹോദര്യത്തിന്റെ മനോഹരമായ മാതൃകകള്‍ മഹല്ലുകളില്‍ പുലരണം; അദ്ദേഹം പറഞ്ഞു. കേരള ഹജ്ജ് കമ്മറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. കുന്നമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റി പ്രസിഡന്റ് സയ്യിദ് അബ്ദുള്ള കോയ, ജനറല്‍ സെക്രട്ടറി സൈനുദ്ധീന്‍ നിസാമി, എം.പി അബൂബക്കര്‍, കെ അബ്ദുല്‍ മജീദ്, അബ്ദുസലീം സി, തുടങ്ങിയവര്‍ സംസാരിച്ചു.