നാടണഞ്ഞ് മര്‍കസ് അലുംനിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം

0
468

ദുബൈ: കോവിഡ് വിതച്ച ദുരിതത്തില്‍ കഷ്ടപ്പെടുന്ന 194 യാത്രക്കാരെ വഹിച്ചു മര്‍കസ് അലുംനി യുഎഇ ചാപ്റ്റര്‍ ഒരുക്കിയ ആദ്യ ചാര്‍ട്ടേഡ് വിമാനം ഇന്നലെ രാത്രി 12 മണിയോടെ ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തി. മര്‍കസ് അലുംനിക്ക് അനുമതി ലഭിച്ച 45 വിമാനങ്ങളില്‍ ആദ്യത്തേതാണിത്. 20 ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടപ്പെട്ട 38 പേര്‍, മെഡിക്കല്‍ എമര്‍ജന്‍സി ആവശ്യമായ 22 പേര്‍, വിസ കാലാവധി പൂര്‍ത്തിയായ 69 പേര്‍ അടങ്ങുന്നതാണ് യാത്രികര്‍. ടിക്കറ്റ് നിരക്ക് വഹിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ യാത്രികര്‍ക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേരിട്ട് ഇടപെട്ടാണ് ടിക്കറ്റുകള്‍ ശരിയാക്കി നല്‍കിയത്.
എ.സി.എഫും മര്‍കസും ഗള്‍ഫിലെ ഇന്ത്യന്‍ പ്രവാസികളെ സംരക്ഷിക്കാനും, ആവശ്യമായവര്‍ക്ക് നാട്ടിലെത്താനുള്ള സാധ്യമായ പ്രവര്‍ത്തനങ്ങളും നയതന്ത്ര ഇടപെടലുകളും നടത്തുന്നുണ്ടെന്നു കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസിന് കീഴിലെ അടുത്ത വിമാനം ഇന്ന്(വ്യാഴം) കോഴിക്കോട് എത്തും. ആദ്യമായാണ് ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനം അയക്കുന്നത്. ഈ ദൗത്യത്തിന് ചുക്കാന്‍ പിടിച്ച യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചത്. കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളിലേക്കും ഹൈദരാബാദ്, ഡല്‍ഹി, ബോംബെ തുടങ്ങി ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലേക്കും വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അറിയിച്ചു.