പിന്നാക്ക ന്യൂനപക്ഷ ക്ഷേമത്തിനു നിയമ നിർമ്മാണം നടത്തണം: കാന്തപുരം

0
66
SHARE THE NEWS

കോഴിക്കോട്: പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ സാമൂഹ്യ വിഭാഗങ്ങളെ തരംതിരിച്ച്‌ പരിഹാരക്രിയകളും ക്ഷേമ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിന് എക്സിക്യു്ട്ടീവ് ഓർഡറുകൾ മാത്രം മതിയാകില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇതിനാവശ്യമായ സമഗ്രമായ നിയമനിർമ്മാണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ഭരണഘടനയുടെ അന്തസത്ത ഉയർത്തിപ്പിടിച്ചുക്കൊണ്ടു പല വിഷയങ്ങളിലും രാജ്യത്തിനു മാതൃക കാട്ടിയ കേരള നിയമ സഭ, പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങളുടെ ക്ഷേമവും പ്രാതിനിധ്യവും ഉറപ്പുവരുത്തുന്ന പുതിയ മാതൃകകൾ ഉണ്ടാക്കാനും മുന്നോട്ടു വരണമെന്നും കാന്തപുരം പറഞ്ഞു.

ന്യൂനപക്ഷങ്ങളിലെ വ്യത്യസ്തമായ ആറ് നോട്ടിഫൈഡ് വിഭാഗങ്ങളെയും ഒരുമിച്ചു പരിഗണിക്കുന്ന രീതി സാമൂഹിക നീതി ഉറപ്പുവരുത്താൻ സഹായിക്കില്ല. പകരം ന്യൂനപക്ഷങ്ങൾക്കിടയിൽ പിന്നാക്കം നിൽക്കുന്ന സമുദായങ്ങളെയും അല്ലാത്തവരെയും വെവ്വേറെ വിഭാഗങ്ങളാക്കി വേർതിരിച്ചു കൊണ്ടുള്ള പരിഹാരക്രിയകളും ക്ഷേമ പദ്ധതികളും ജനസംഖ്യാനുപാതികമായി നടപ്പിലാക്കണം. മറ്റുപല സംസ്ഥാനങ്ങളും ഇത്തരത്തിലുള്ള നിയമ നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ട്.

നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്, പാലോളി കമ്മറ്റി റിപ്പോർട്ട് എന്നിങ്ങനെ മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയും വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ പ്രാതിനിധ്യക്കുറവും വിശദമായി പ്രതിപാദിക്കുന്ന രണ്ടു പഠന റിപ്പോർട്ടുകൾ ഇപ്പോൾ തന്നെ സർക്കാരിനു മുന്നിൽ ഉണ്ട്. അതിലെ നിർദ്ദേശങ്ങൾ പൂർണ്ണമായും നടപ്പിലാക്കണം.

തുല്യാവസാരവകാശ കമ്മീഷനെ നിയമിച്ചുകൊണ്ടു പിന്നാക്ക ന്യൂനപക്ഷങ്ങൾ ഉൾപ്പടെയുള്ള സംവരണ വിഭാഗങ്ങൾക്കവകാശപ്പെട്ട പ്രാതിനിധ്യവും മറ്റു അവകാശങ്ങളും എല്ലാ മേഖലകളിലും ലഭിക്കുന്നുണ്ട് എന്നുറപ്പുവരുത്താനുള്ള വ്യവസ്ഥാപിതമായ സ്ഥിരം സംവിധാനം ഒരുക്കുകയും വേണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.


SHARE THE NEWS