ലണ്ടന്‍ മീലാദ്‌ സമ്മേളനത്തിന്‌ ഉജ്ജ്വല സമാപനം

0
663

ലണ്ടന്‍: ലണ്ടന്‍ മലയാളി മുസ്‌ലിംകള്‍ സംഘടിപ്പിച്ച മീലാദ്‌ ക്യാമ്പയിന്‍ സമാപിച്ചു. ലണ്ടന്‍ വൈറ്റ്‌ ചാപ്പലില്‍ ഖാരിഅ്‌ അബ്ദുല്‍അസീസിന്റെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം യു.കെയിലെ പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ശൈഖ്‌ ഖാലിദ്‌ ഹുസൈന്‍ അശ്‌റഫി ഉദ്‌ഘാടനം ചെയ്‌തു. യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ മാതൃകയായ പ്രവാചകന്റെ സത്യ സമാധാന സന്ദേശങ്ങള്‍ അദ്ദേഹം സദസ്സുമായി പങ്കുവെച്ചു. ഡോ. എ.പി അബ്ദുല്‍ഹകീം അസ്‌ഹരി മുഖ്യപ്രഭാഷണം നടത്തി. പ്രവാചകരുടെ മാതൃകകള്‍ ജീവിതത്തില്‍ പകര്‍ത്തണമെന്നും അതുവഴി സഹജീവികളോടുള്ള സ്‌നേഹവും ബഹുമാനവും മനസ്സില്‍ ഊട്ടിയുറപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ ഒമാനിലെ സയ്യിദ്‌ അബ്ദുല്ല ബാഉമറിന്റെ നേതൃത്വത്തിലുള്ള സംഘവും ലണ്ടന്‍, മൊറോക്കൊ ടീമും അവതരിപ്പിച്ച പ്രകീര്‍ത്തന സദസ്സും വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും ദഫ്‌ പ്രോഗ്രാമും നടന്നു. അല്‍ ഇഹ്‌സാന്‍ സെക്കണ്ടറി മദ്രസാ വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ്‌ദാനം ഡോ.എ.പി അബ്ദുല്‍ഹകീം അസ്‌ഹരി നിര്‍വഹിച്ചു.