മര്‍കസ് സമ്മേളനം: കള്‍ച്ചറല്‍ ആര്‍ക്കൈവുമായി മദീനതുന്നൂര്‍ സഫര്‍

0
732
SHARE THE NEWS

കോഴിക്കോട്: ‘സുസ്ഥിര സമൂഹം, സുഭദ്ര രാഷ്ട്രം’ എന്ന പ്രമേയത്തില്‍ ഏപ്രില്‍ 9 മുതല്‍ 12 തിയതികളില്‍ നടക്കുന്ന മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളന പ്രചാരണ ഭാഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മദീനതുന്നൂര്‍ കള്‍ച്ചറല്‍ ആര്‍ക്കൈവ് സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന മദീനതുന്നൂര്‍ സഫര്‍ 2020യില്‍ സന്ദര്‍ശിക്കുന്ന പ്രധാന സ്ഥലങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അജ്മീര്‍, സര്‍ഹിന്ദ്, ഗുജറാത്ത്, രാജസ്ഥാന്‍, വെസ്റ്റ് ബംഗാള്‍, ഉത്തരാഖണ്ഡ്, ഹൈദരാബാദ്, ബോംബെ, ഗുല്‍ബര്‍ഗ്, ഡല്‍ഹി, ആഗ്ര, കീളക്കര തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന പ്രോഗ്രാമില്‍ പ്രമുഖര്‍ സംബന്ധിക്കും. ഈ സ്ഥലങ്ങളിലെ പൈതൃക നിക്ഷേപങ്ങളും സാംസ്‌കാരിക വൈവിധ്യങ്ങളും മനസ്സിലാക്കി മര്‍കസ് മോഡല്‍ വികസനത്തിനുള്ള പദ്ധതികള്‍ രൂപീകരിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്. പദ്ധതിയുടെ സമഗ്രതക്കായി മാപ് ദി മോണ്യുമെന്റ്, ഫോട്ടോ ട്രാവല്‍ ഡയറി, ഒഡീസി ട്രാവലോഗ്, ട്രാവല്‍ ക്വിസെയര്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കള്‍ച്ചറല്‍ ആര്‍ക്കൈവിന്റെ ദേശീയതല ഉദ്ഘാനം ഇന്ന്(ശനി) അജ്മീറില്‍ നടക്കും. മദീനതുന്നൂര്‍ ജോ.ഡയറക്ടര്‍ ആസഫ് നൂറാനിയുടെ അധ്യക്ഷതയില്‍ ദര്‍ഗ ഖാദിം ഹള്‌റത് അല്ലാമ സയ്യിദ് മുഹമ്മദ് മഹ്ദി മിയാ ചിശ്തി ഉദ്ഘാടനം ചെയ്യും. മുഫ്തി സയ്യിദ് മുഹമ്മദ് നൂറുല്‍ ഐന്‍ ചിശ്തി അസ്ഹരി, മുഫ്തി ഉമര്‍ മിസ്ബാഹി നഈമി, അബ്ദുല്‍ ജലീല്‍ മുഈനി, അബൂബക്കര്‍ നൂറാനി ഓമശ്ശേരി സംബന്ധിക്കും. ഖാജാ മുഈനുദ്ദീന്‍ മണ്ണാര്‍ക്കാട്, റിഷാദ് ഇഖ്ബാല്‍ മയ്യില്‍, ജാബിര്‍ മുഹമ്മദ് പുല്ലാളൂര്‍ സംസാരിക്കും. പ്രിസം ഫൗണ്ടേഷന്‍ കഴിഞ്ഞ മാസം സംഘടിപ്പിച്ച ജോര്‍ഫിക്സെ നാഷണല്‍ പ്രോജക്ടുമായി സഹകരിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കുകയെന്ന് സഫര്‍ കോഡിനേറ്റര്‍ ശഫീഖ് വെന്നിയൂര്‍ അറിയിച്ചു.


SHARE THE NEWS