മര്‍കസ് നോളജ് സിറ്റിയില്‍ സാംസ്കാരിക കേന്ദ്രം വരുന്നു

0
591

ദുബൈ: വൈജ്ഞാനിക മുന്നേറ്റത്തിന്‍െറ പുതുചരിത്രത്തിലേക്ക് വാതില്‍തുറന്ന് മര്‍കസ് നോളജ് സിറ്റിയില്‍ സാംസ്കാരിക കേന്ദ്രം നിര്‍മാണം ആരംഭിച്ചതായി നോളജ്സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഉപയുക്തമായ സംവിധാനങ്ങളാണ് ഇവിടെയൊരുക്കുക. അന്താരാഷ്ട്ര ഹെറിറ്റേജ് മ്യൂസിയം,  ഗവേഷണ-അക്കാദമിക് ലൈബ്രറി, ഡിജിറ്റല്‍ സെമിനാര്‍ ഹാള്‍, ഹിസ്റ്റോറിക്ക ല്‍ ഹബ്, സ്റ്റുഡന്‍റ്സ് സ്റ്റഡി ഹോം,  കള്‍ച്ചറല്‍ തിയറ്റര്‍, ലക്ചര്‍ ഹാളുകള്‍, ഡോര്‍മിറ്ററി, പാര്‍ക്കിംഗ് ബേ തുടങ്ങിയവയാണ് കേന്ദ്രത്തില്‍ ഉണ്ടാവുക. ശ്രദ്ധേയമായ ശില്‍പ മാതൃകയാണ് സ്വീകരിക്കുന്നത്. സാംസ്കാരിക ടൂറിസത്തിന്‍െറ പ്രധാന കേന്ദ്രമായി സെന്‍റര്‍ മാറ്റിയെടുക്കും.
ഇസ്ലാമിക, ഇന്ത്യ ചരിത്രാന്വേഷികള്‍ക്ക് പഠിക്കാനും പകര്‍ത്താനുമുതകുന്ന നിരവധി പ്രദര്‍ശനങ്ങള്‍ ഹെറിറ്റേജ് മ്യൂസിയത്തില്‍ ഒരുക്കും. 70 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2019ല്‍ നിര്‍മാണം പൂര്‍ത്തിയാക്കും.
അറിവും പൈതൃകങ്ങളും സാംസ്കാരിക ചിഹ്നങ്ങളും രാജ്യാന്തരനിലവാരമുള്ള പരിശീലന കേന്ദ്രങ്ങളും ഒന്നിച്ചുചേരുന്ന സാംസ്കാരിക കേന്ദ്രത്തിന്‍െറ മറ്റൊരു ആകര്‍ഷണം അനുബന്ധമായി സ്ഥാപിക്കുന്ന സൂക്കാണ്.
പൗരാണിക മാതൃകയില്‍ പണികഴിക്കുന്ന സൂക്കില്‍ 150 തോളം വ്യാപാര സ്ഥാപനങ്ങള്‍ ഒരുക്കും.
അമ്പതിലേറെ വ്യത്യസ്ത വ്യാപാരങ്ങള്‍ക്കുളള വിശാലമായ സൗകര്യങ്ങളാണ് ഇവിടെ ഉണ്ടാവുക. ടാലന്‍മാര്‍ക്ക് ഡെവലപ്പേഴ്സാണ് പദ്ധതിയുടെ ബില്‍ഡറായി ചുമതല ഏറ്റെടുത്തിട്ടുള്ളത്. പ്രവാസികള്‍ക്ക് സംരംഭവുമായി സഹകരിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
മര്‍കസ് നോളജ് സിറ്റിയില്‍ ലോ കോളജ്, യൂനാനി മെഡിക്കല്‍ കോളജ് തുടങ്ങിയവ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും ഹകീം അസ്ഹരി വ്യക്തമാക്കി.
ഹബീബുറഹ്മാന്‍, മുഹമ്മദ് ശക്കീല്‍. അബ്ദുസലാം എരിഞ്ഞിമാവ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

News Courtesy: Madhyamam