പണ്ഡിതര്‍ പ്രബോധന മേഖലയില്‍ സക്രിയരായി മുന്നേറണം: കാന്തപുരം

0
683

മലപ്പുറം: അസഹിഷ്‌ണുതയും അരാജകത്വവും ക്രമാതീതമായി വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ സമൂഹത്തില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പണ്ഡിതര്‍ പ്രബോധന മേഖലയില്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെ സക്രിയരായി മുന്നേറണമെന്ന്‌ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉമല ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ശാന്തിയും സമാധാനവും നിറഞ്ഞ സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കി ജീവിച്ച പൂര്‍വ്വികരുടെ പാത സ്വീകരിച്ച്‌ സമൂഹത്തെ വഴിനടത്താന്‍ പണ്ഡിതന്മാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം മഹബ്ബ സ്വകയറില്‍ സംഘടിപ്പിച്ച മലപ്പുറം ജില്ലാ സഖാഫി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാന്തപുരം. സംഗമം മര്‍കസ്‌ ജനറല്‍ മാനേജര്‍ സി.മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ്‌ യൂസുഫുല്‍ ജീലാനി വൈലത്തൂര്‍, കേരള മുസ്‌ലിം ജമാഅത്ത്‌ ജനറല്‍ സെക്രട്ടറി സയ്യിദ്‌ ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, അലവി സഖാഫി കൊളത്തൂര്‍, തറയിട്ടാല്‍ ഹസന്‍ സഖാഫി, പത്തപ്പിരിയം അബ്ദുല്‍റശീദ്‌ സഖാഫി സംസാരിച്ചു. പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ സ്വാഗതവും ഊരകം അബ്ദുറഹ്‌മാന്‍ സഖാഫി നന്ദിയും പറഞ്ഞു.