മര്‍കസ് സമ്മേളനം: പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തി വയനാട്

0
258

കാസര്‍കോട്: മര്‍കസ് സമ്മേളന പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് വയനാട് ജില്ലയില്‍ ഉജ്ജ്വലമായ മുന്നേറ്റം. ജില്ലയിലെ അഞ്ച് സോണുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതിപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സുല്‍ത്താന്‍ ബത്തേരി, വെള്ളമുണ്ട, മാനന്തവാടി, കല്‍പറ്റ, മേപാടി എന്ന്ീ സോണുകളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ജില്ലയിലെ പ്രധാനപ്പെട്ട ഇടങ്ങള്‍ മുഴുവന്‍ കേന്ദ്രീകരിച്ചുള്ള റോഡ് മാര്‍ച്ച് നടത്താനും സമ്മേളന പ്രചാരണ സമിതി അംഗങ്ങള്‍ തീരുമാനിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ ലീഡേഴ്‌സ് കമ്മ്യൂണ്‍ നടത്തി. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, അബൂബക്കര്‍ സഖാഫി പന്നൂര്‍ പങ്കെടുത്തു. ജില്ലയിലെ സോണ്‍, സര്‍ക്കിള്‍, യൂണിറ്റ് തലങ്ങളിലെല്ലാം ശക്തമായ പ്രചാരണങ്ങളും പദ്ധതികളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. പൊതുയോഗങ്ങള്‍, ഫ്‌ലക്‌സ്, ബോര്‍ഡ്, ചുമരെഴുത്ത് തുടങ്ങി വയനാടിന്റെ അങ്ങോളമിങ്ങോളം മര്‍കസ് സമ്മേളന പ്രചാരണം കരുത്തുറ്റ രീതിയില്‍ നടക്കുന്നു.

കീഴ്ഘടകങ്ങളില്‍ മര്‍കസ് നിധി വിഭവ ശേഖരണവും നടക്കുന്നു. ഓരോ യൂണിറ്റില്‍ നിന്നും 43,000 രൂപ അടിസ്ഥാന സംഖ്യയായി മര്‍കസിലേക്ക് സമാഹരിക്കുന്ന പദ്ധതിയാണ് മര്‍കസ് നിധി. സംസ്ഥാനത്തെ 6000 യൂണിറ്റുകളില്‍ ഈ പദ്ധതി നടപ്പാക്കുന്നുണ്ട്. മര്‍കസിന്റെയും നോളജ് സിറ്റിയുടെയും നിര്‍മാണാത്മകമായ ആവശ്യങ്ങളിലേക്ക് ഫണ്ട് വിനിയോഗിക്കുന്നതിനു വേണ്ടി ആവിഷ്‌കരിച്ചതാണ് പദ്ധതി. പദ്ധതിയെ വയനാട് ജില്ല ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്.

സമ്മേളനത്തിന്റെ കാസര്‍കോട് പ്രചാരണ സമിതി ചെയര്‍മാന്‍ കെ.ഒ മുഹമ്മദ് ബാഖവി, ജനറല്‍ കണ്‍വീനര്‍ മുഹമ്മദലി സഖാഫി പുറ്റാട്, സംഘടനയുടെ ജില്ലാ നേതാക്കളായ കെ.എസ് മുഹമ്മദ് സഖാഫി, അമ്പിളി ഹസന്‍ ഹാജി, മുഹമ്മദലി ഫൈസി, മുഹമ്മദ് സഖാഫി ചെറുവേരി, സി.എം നൗഷാദ് എന്നിവരാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.