
ബാംഗ്ലൂര്‍: മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ബംഗളൂരു തല പ്രചാരണ സമ്മേളനം പ്രൗഢമായി. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തുന്നതിനാണ് മര്‍കസ് മുന്‍കൈ എടുത്തത്. നാല് പതിറ്റാണ്ട് കൊണ്ട് വിജയകരമായി അത് നടപ്പിലാക്കാന്‍ സാധിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം സാധ്യമാവുന്ന ഒരു സാമൂഹിക സംവിധാനമാണ് മര്‍കസ് വളര്‍ത്തിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ദക്ഷിണേന്ത്യയുടെ പ്രധാന സാംസ്കാരിക വൈജ്ഞാനിക നഗരിയായി നോളജ് സിറ്റി മാറുമെന്ന് അദ്ദേഹം പറഞ്ഞു. മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന മില്യണ്‍ ട്രീസിന്റെ ഉദ്ഘാടനവും സമ്മേളനത്തില്‍ നടന്നു. സി പി ഉബൈദുല്ല സഖാഫി സമ്മേളന പദ്ധതികള്‍ വിശദീകരിച്ചു. ഇബ്രാഹീം ബാഫഖി തങ്ങള്‍, സി എം ഇബ്റാഹീം, അബ്ദുറഷീദ് സൈനി കക്കിഞ്ച, ഷൗക്കത്ത് ബുഖാരി, ഇസ്മാഈല്‍ സഖാഫി, സയ്യിദ് ഷൗക്കത്ത് അലി സഖാഫി പ്രസംഗിച്ചു.