മർകസ് നാല്പത്തിമൂന്നാം വാർഷികം; മാർച്ച് 31, ഏപ്രിൽ 1 തിയ്യതികളിൽ സനദ് ദാനം, റമസാൻ 24ന് സമാപനം

0
1344
SHARE THE NEWS

കോഴിക്കോട്: മർകസ് നാല്പത്തിമൂന്നാം വാർഷികവും സനദ് ദാനവും മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കുമെന്ന് മർകസ് സമ്മേളന സ്വാഗതസംഘം അറിയിച്ചു. 2021 മാർച്ച് 27 ശനിയാഴ്ച സംഘടനാ നേതാക്കളുടെ പ്രതിനിധി സമ്മേളനം നടക്കും. മാർച്ച് 31, ഏപ്രിൽ 1 തിയ്യതികളിലായി സഖാഫി പണ്ഡിതർക്കുള്ള സനദ് ദാനം, ഏപ്രിൽ 3 ഹാഫിളുകൾക്കുള്ള സനദ് ദാനം നടക്കും. ഏപ്രിൽ18ന് മർകസ് ദിന പരിപാടികൾ സംഘടിപ്പിക്കും. റമളാൻ ഇരുപത്തിയഞ്ചാം രാവിന് നടക്കുന്ന ആത്മീയ സമ്മേളനത്തോടെ സമ്മേളനം സമാപിക്കും. മർകസ് ചാൻസിലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷം ഏപ്രിലിൽ നടക്കേണ്ട നാല്പത്തിമൂന്നാം വാർഷിക സമ്മേളനം കോവിഡ് നിയന്ത്രണങ്ങൾ കാരണം നീട്ടിവെച്ചിരുന്നു.

2029 സഖാഫി പണ്ഡിതന്മാർക്കും(മതബിരുദദാരികൾ) 313 ഹാഫിളുകൾക്കും(ഖുർആൻ മനഃപാഠമാക്കിയവർ) ഈ വർഷം സനദ് നൽകും. മാർച്ച് 31 ബുധൻ രാവിലെ 9 മണി മുതൽ 12 മണി വരെ 2018 ബാച്ചിനും ഉച്ചക്ക് 2 മുതൽ 5 മണി വരെ 2019 ബാച്ചിനും ഏപ്രിൽ 1 വ്യാഴം രാവിലെ 9 മണി മുതൽ 12 മണി വരെ 2020 ബാച്ചിനും ഉച്ചക്ക് 2 മുതൽ 5 മണി വരെ 2021 ബാച്ചിനും ബിരുദം നൽകും. മൂന്നു വർഷങ്ങളിലായി ഇസ്ലാമിക മതപഠനത്തിൽ ബിരുദാനന്തര ബിരുദം നേടിയ പണ്ഡിതന്മാർക്കുള്ള സനദ് ദാനവും ഏപ്രിൽ ഒന്നിന് നടക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിവിധ സമയങ്ങളിലാണ് സനദ് ദാനം നടക്കുന്നത്. സനദ് ദാന സംഗമത്തിൽ രക്ഷിതാവോ പ്രതിനിധിയോ ആയി ഒരാൾക്ക് മാത്രമാണ് സനദ് സ്വീകരിക്കുന്നവരോടൊപ്പം പ്രവേശനം നൽകുക. പ്രാസ്ഥാനിക നേതൃസംഗമത്തിൽ മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ഘടകങ്ങളുടെ സോൺ, ഡിവിഷൻ തല ഭാരവാഹികൾ പങ്കെടുക്കും.

യോഗം മർകസ് സമ്മേളന സ്വാഗത സംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി പ്രാർത്ഥന നിർവ്വഹിച്ചു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ പദ്ധതികൾ അവതരിപ്പിച്ചു. ജി അബൂബക്കർ, സി പി ഉബൈദുല്ല സഖാഫി, അഡ്വ മുഹമ്മദ് ശരീഫ്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ലത്തീഫ് സഖാഫി പെരുമുഖം, ദുൽകിഫിൽ സഖാഫി, അക്ബർ ബാദുഷ സഖാഫി പങ്കെടുത്തു.


SHARE THE NEWS