മര്‍കസ്‌ അലുംനൈ കാന്തപുരത്തെ ആദരിക്കുന്നു

0
508
SHARE THE NEWS

കോഴിക്കോട്‌: ഒരു ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ കഴിഞ്ഞ നാല്‍പത്‌ വര്‍ഷത്തിനിടയില്‍ മത ഭൗതിക വിദ്യാഭ്യാസം നല്‍കുകയും അശരണരും അനാഥരുമായ വിദ്യാര്‍ത്ഥികളെ ജീവിതത്തിന്റെ നേര്‍വഴിയിലൂടെ മുന്നോട്ട്‌കൊണ്ട്‌ പോകാന്‍ ഭക്ഷണവും വസ്‌ത്രവും തൊഴിലും നല്‍കിയ മര്‍കസ്‌ സാരഥി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ മര്‍കസ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എക്‌സലന്റ്‌ അവാര്‍ഡ്‌ നല്‍കി ആദരിക്കും. ഒരു കോടി രൂപയും പ്രശസ്‌തി പത്രവും ഫലകവും നല്‍കിയാണ്‌ ആദരിക്കുന്നതെന്ന്‌ സംഘാടകര്‍ അറിയിച്ചു.
കോഴിക്കോട്‌ കാലിക്കറ്റ്‌ ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന മര്‍കസിലെ വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെയും കേരളത്തിലെ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കമ്മിറ്റികളുടെയും കേരളത്തിലെ വിവിധ നഗരങ്ങളുടെയും കേരളത്തിന്‌ പുറത്തുള്ള നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അലുംനൈ ചാപ്‌റ്ററുകളുടെയും ഇരുപതോളം വരുന്ന ഗള്‍ഫ്‌ ചാപ്‌റ്റര്‍ പ്രതിനിധികളെയും യു.കെ, യു.എസ്‌.എ, ചൈന, ആസ്‌ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിലെ ഭാരവാഹികളെയും പങ്കെടുപ്പിച്ച്‌ നടത്തിയ മര്‍കസ്‌ അലുംനൈ ഇന്റര്‍നാഷണല്‍ ഡെലിഗേറ്റ്‌ കോണ്‍ക്ലേവിലാണ്‌ തീരുമാനം.
രാജ്യത്തെ ഭരണാധികാരികളെയും വിദേശ ഭരണാധികാരികളെയും പങ്കെടുപ്പിച്ച്‌ അവാര്‍ഡ്‌ സമ്മാനിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. അലുംനൈ കോണ്‍ക്ലേവ്‌ വിവിധ അലുംനൈ കമ്മിറ്റികള്‍ ഒരു വര്‍ഷം നടപ്പിലാക്കേണ്ടുന്ന വാര്‍ഷിക പദ്ധതികള്‍ക്ക്‌ രൂപം നല്‍കി. അലുംനൈ കോണ്‍ക്ലേവ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ലോക വ്യാപകമായി നടത്തി വരുന്ന കാരുണ്യ വിദ്യാഭ്യാസ ആരോഗ്യ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്‌ നടത്തുന്നതിന്‌ വേണ്ടി മര്‍കസ്‌ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നാമധേയത്തില്‍ ശൈഖ്‌ അബൂബക്കര്‍ അഹമ്മദ്‌ ഫൗണ്ടേഷന്‍ രൂപീകരിച്ചു. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളും ഗള്‍ഫ്‌ ചാപ്‌റ്ററുകളുടെ നേതൃത്വത്തില്‍ ശൈഖ്‌ അബൂബക്കര്‍ ഫൗണ്ടേഷന്‍ സഹപാഠിക്ക്‌ ഒരു വീട്‌ എന്ന പദ്ധതി നടപ്പിലാക്കും.
ഓണ്‍ലൈന്‍ ട്രേഡിംഗ്‌, ജൈവകൃഷി, സിവില്‍ സര്‍വ്വീസ്‌ അക്കാദമി, ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌പെഷല്‍ സ്‌കൂളുകള്‍, മെറിറ്റ്‌ ഈവന്റ്‌, ജോബ്‌ ഫെയര്‍, ശൈഖ്‌ അബൂബക്കര്‍ ഫൗണ്ടേഷന്‍ വാര്‍ഷിക പ്രഭാഷണം എന്നിവ മര്‍കസ്‌ അലുംനൈയുടെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അടുത്ത ഒരു വര്‍ഷം കൊണ്ട്‌ നടപ്പിലാക്കാന്‍ അലുംനൈ കോണ്‍ക്ലേവില്‍ തീരുമാനിച്ചു.
അടുത്ത മര്‍കസ്‌ സമ്മേളനത്തോടനുബന്ധിച്ച്‌ മര്‍കസില്‍ നിന്ന്‌ പഠിച്ചിറങ്ങിയ ഒരു ലക്ഷത്തോളം വരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളെ മര്‍കസ്‌ ക്യാമ്പസിലേക്ക്‌ തിരിച്ചു വിളിച്ച്‌ ബാക്‌റ്റു മര്‍കസ്‌ പ്രോഗ്രാം നടത്താനും തീരുമാനിച്ചു.
അലുംനൈ കോണ്‍ക്ലേവ്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. അലുംനൈ പ്രസിഡന്റ്‌ സൈനുല്‍ ആബിദ്‌ ജീലാനി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അബ്ദുറഹ്മാന്‍ എടക്കുനി സംഘടനയുടെ ഒരു വര്‍ഷത്തേക്കുള്ള രൂപരേഖ അവതരിപ്പിച്ചു. ഉനൈസ്‌ മുഹമ്മദ്‌, സ്വാലിഹ്‌ ജിഫ്രി, അക്‌ബര്‍ ബാദുഷ സഖാഫി, അമീര്‍ ഹസന്‍, ഡോ. അബൂബക്കര്‍ പത്തംകുളം, സി.കെ മുഹമ്മദ്‌, മൂസ ഇരിങ്ങണ്ണൂര്‍, അശ്‌റഫ്‌ അരയങ്കോട്‌, ഡോ. സയ്യിദ്‌ ജലാലുദ്ധീന്‍, ഉബൈദ്‌ കാക്കവയല്‍, സഗീര്‍ ചെറൂപ്പ, ജൗഹര്‍, സലാം ഷാ സംസാരിച്ചു.


SHARE THE NEWS