ബംഗാളിലെ ത്വയ്ബ ഗാര്‍ഡനില്‍ നടന്ന മര്‍കസ് അവനോക്‌സ് കാഴ്ചകളിലൂടെ

0
1178
SHARE THE NEWS

ആസഫ് നുറാനി വരപ്പാറ

ത്വയ്ബ ഗാര്‍ഡന്‍ വെസ്റ്റ് ബംഗാളില്‍ നിന്ന് മര്‍കസ് ഗാര്‍ഡന്‍ നാഷണല്‍ ലിറ്റററി ഗല മര്‍കസ് അവനോക്സ് കഴിഞ്ഞ് മടക്കയാത്രയിലാണ്. രാത്രി പന്ത്രണ്ട് മണിയായിട്ടുണ്ട്. രാവിലെ അഞ്ചു മണിക്കുള്ള ട്രെയിന്‍ ലക്ഷ്യമാക്കി വഡോറ സ്റ്റേഷനിലേക്ക് കഠിന തണുപ്പില്‍ കാന്തപുരം അസീസിയ്യയിലെ സാബിഖുമൊരുമിച്ചാണ് യാത്ര. മദ്രസതു ഇമാം റബ്ബാനി വരുന്നതിനു മുമ്പുള്ള പഴയ അസീസിയ്യയിലെ നിറഞ്ഞ അനുഭവങ്ങളിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ വളരെ വേറിട്ട സ്വത്വമായിരുന്നു സാബിഖ്. ദുര്‍ബല – വിപരീത ബന്ധങ്ങള്‍ ശക്തമായ പിന്‍ബലമാകുന്ന നിമിഷങ്ങള്‍ അനുഭവിപ്പിക്കുകയായിരുന്നു ആ കുളിര്‍ രാത്രി.ബന്ധങ്ങളുടെ ഫിലോസഫി വളരെ സങ്കീര്‍ണ്ണമാണ്. മനസിന്റെ പ്രതിഭാസങ്ങള്‍ സൃഷ്ടിക്കുന്ന തരംഗങ്ങളുടെ വേരിയേഷന്‍ പോസിറ്റീവിനും നെഗറ്റീവിനുമിടയില്‍ മാറി മറിഞ്ഞു കൊണ്ടേയിരിക്കും. ബന്ധങ്ങളിലും വിഛേദങ്ങളിലും സ്വീകരിക്കുന്ന മിതത്വമായിരിക്കും സുന്ദരമായ ജീവിതം നല്കുന്നതെന്ന് ഓര്‍ത്തു പോയി. എല്ലാ മനസ്സിലും നന്മയുടെ വറ്റാത്ത കണികകളും തിന്മയുടെ വൈറസുമുണ്ടാവും. ഏതു സമയത്തും അവയേതും നിര്‍ഗളിക്കാം. കരുതലോടെ നീങ്ങുന്നത് വലിയ കരുത്ത് നല്‍കും.

മൂടിപ്പുതച്ച് ആഞ്ഞുവലിച്ച് ഡ്രൈവ് ചെയ്യുന്ന വലതു വശത്ത് തൊട്ടടുത്തിരിക്കുന്ന ബംഗാളി ചെറുപ്പക്കാരന്‍ ഓര്‍മ്മയുടെ കുമിളങ്ങളെ വര്‍ണ്ണാഭമാക്കി. മഞ്ഞ് കാരണം പുറം ദൃശ്യങ്ങള്‍ അവ്യക്തമായതിനാല്‍ ഹദ്ദാദ് റാതീബ് കഴിഞ്ഞപ്പോള്‍ ഒരു പാടു നേരം അദ്ധേഹത്തെ നോക്കിയിരുന്നു…. നമ്മെ സുഖിപ്പിക്കാന്‍ ലോകത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളില്‍ എത്രപേര്‍ കഷ്ട്ടപ്പെടുന്നുണ്ടാകും. അവരുണ്ടാക്കിയ പീഠത്തില്‍ ആസനസ്ഥരായി നാം അവരെ മനസ്സില്‍ അരികുവല്‍കരിച്ചും കീഴാളമുദ്ര ചാര്‍ത്തിയും സ്വയം മേനിനടിക്കും. എത്ര നീചരാണ് നാം. സ്വയം നിര്‍ണ്ണയാവകാശത്തിന് നാം അവര്‍ക്ക് അവസരം കൊടുക്കാറുണ്ടോ ?….ബംഗാളിലെ പൊട്ടിപ്പൊളിഞ്ഞ ദുര്‍ഘടമായ പാത മുന്നില്‍ കണ്ട് നേരത്തേയിറങ്ങിയതായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ കരുത്തുറ്റ ഡ്രൈവിംഗിലൂടെ തടസ്സങ്ങളില്ലാതെ പ്രതീക്ഷിച്ചതിലും നേരത്തെയെത്തി.

കഴിഞ്ഞ ഞായറാഴ്ചയാണ് അവനോ ക്‌സ് ഫ്രെയിം എഞ്ചിനീയര്‍മാരായ സിദ്ദീഖ് നൂറാനി, ഷിബിലി നൂറാനി എന്നിവരോടൊപ്പം കൊച്ചിയില്‍ നിന്ന് അവനോക്സ് യാത്ര ആരംഭിച്ചത്. ഇമാം ശാഫി കോളേജ് ബുസ്തനാബാദിലെ ജുനൈദിന്റെ വീട്ടിലായിരുന്നു അന്ന് ഞങ്ങള്‍ താമസിച്ചത്. രാത്രി രണ്ട് മണിക്ക് എത്തിയപ്പോഴും രാവിലെ അഞ്ച് മണിക്കും സുഭിക്ഷമായ ഭക്ഷണം നല്‍കിയ അവര്‍ ഞങ്ങളെ സത്കരിച്ച് തീരേ ഉറങ്ങിയിട്ടുണ്ടാവില്ല. ഉസ്താദുമാരെ സ്‌നേഹിച്ച് സ്വയം വിസ്മൃതരാകുന്ന ഇവരൊക്കെയാണല്ലോ ദീനിന്റെ ശക്തി. കൊച്ചിയില്‍ നിന്നും ചെന്നൈ വഴി കൊല്‍ക്കത്തയില്‍ എത്തിയപ്പോള്‍ വൈകുന്നേരം അഞ്ച് മണിയായിട്ടുണ്ട്. പിന്നീട് കൊല്‍ക്കത്തയില്‍ നിന്ന് ബസ് വഴിയാണ് തൈ്വബ ഗാര്‍ഡനിലേക്ക് പോയത് . രാത്രി നാല് മണിക്കും കടുത്ത മഞ്ഞു മൂടലിലും തലയില്‍ മുണ്ടിട്ട് വേഗത്തില്‍ സൈക്കിള്‍ ചവിട്ടിപ്പോകുന്ന ബംഗാളി കര്‍ഷകരുടെ കാഴ്ച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു.

സുബഹി സമയമായിട്ടുണ്ട്. നിസ്‌കരിക്കണമല്ലോ …ബസ് നിറുത്താന്‍ അവശ്യപ്പെട്ടപ്പോള്‍ ക്ലീനറുടെ അത്ര മോശമല്ലാത്ത പ്രതികരണം. അവകാശ ബോധമില്ലാത്ത ബംഗാളി ജനതോടുള്ള ശൈലിയായിരിക്കും.നിറുത്തണമെന്ന് കുറച്ച് കടുപത്തില്‍ പറഞ്ഞപ്പോള്‍ മയത്തില്‍ നിറുത്താമെന്നയി .പക്ഷേ പിന്നീട് പെട്ടെന്നാണ് ഒരു പാലത്തിന് സമീപം നിര്‍ത്തിയത്. പെട്ടെന്ന് ഇറങ്ങിയതിനാല്‍ മൊബൈല്‍ അത്ര ശ്രദ്ധിച്ചില്ല. തിരിച്ച് കയറി അല്പം കഴിഞ്ഞപ്പോഴാണ് ഫോണ്‍ നഷ്ടപ്പെട്ടത് അറിഞ്ഞത്. ത്വയ്ബയിലെത്തി ട്രൈസ് ചെയ്തപ്പോള്‍ വുളൂഇന് ഇറങ്ങിയ സ്ഥലത്ത് മൊബൈല്‍ കിടപ്പുണ്ടെന്ന് മനസ്സിലായി. സുഹൈര്‍ നൂറാനിയുടെ പരിചയമുപയോഗിച്ച് ആളെവിട്ട് കണ്ടെടുത്തു. തിരിച്ച് കയ്യിലെത്താന്‍ രണ്ടു ദിവസമെടുത്തതിനാല്‍, ഒരു പാടു വര്‍ഷങ്ങള്‍ക്കുശേഷം മൊബൈലി ല്ലാതെ സ്വസ്ഥമായി രണ്ടു ദിവസം ജീവിക്കേണ്ടി വന്നു. മൊബൈല്‍ കാലത്ത് ചിലപ്പോള്‍ ഒരു നിമിഷത്തെ അഭാവം പോലും കനത്ത നഷ്ടങ്ങളും ഭീതിയുല്പാദനവും ഉണ്ടാക്കുമെന്ന് അനുഭവമാണല്ലോ.

രാവിലെ എട്ട് മണിക്ക് ഫുല്‍വാഡിയിലെത്തുമ്പോഴേക്ക് തൈ്വബ ഗാര്‍ഡന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശരീഫ് നൂറാനി ഞങ്ങളെ സ്വീകരിക്കാന്‍ വണ്ടിയുമായി അവിടെയെത്തിയിരുന്നു. കടുത്ത ജീവിതാനുഭവങ്ങള്‍ നല്‍കിയ ശക്തിയായിരിക്കും അന്യദേശത്ത് കരുത്തോടെ വൃത്തിയായി സ്ഥാപനചലനത്തിന് അദ്ധേഹത്തെ സാധിപ്പിക്കുന്നതെന്ന് ഇടക്ക് ഓര്‍ത്തു പോയി. കടുത്ത മഞ്ഞില്‍ മഞ്ഞ പൂവിട്ടു നില്‍ക്കുന്ന കടുക് ചെടികള്‍ നിറഞ്ഞ പാടം ഫോണില്ലാത്ത മനസ്സിന് കുളിരേകി.കേരളത്തില്‍ നിന്നുള്ള , തൈ്വബ ഗാര്‍ഡന്‍ ഡയറക്ടറും ശില്‍പിയുമായ സുഹൈര്‍ നൂറാനി ആതവനാട്, ശരീഫ് നൂറാനി നടുവണ്ണൂര്‍, ഇബ്രാഹിം സഖാഫി കിണാശ്ശേരി എന്നിവര്‍ കുടുംബ സമേതം താമസിക്കുന്ന ഫ്ളാറ്റില്‍ ആയിരുന്നു ഞങ്ങളുടെ പ്രാതല്‍.പിന്നീട് സുഹൈര്‍ നൂറാനിയോടൊപ്പം ബംഗാള്‍ കാഴ്ചകളിലേക്ക് ഇറങ്ങി.ഇരുപത്തഞ്ചു വര്‍ഷം മുമ്പുള്ള കേരളമായിരുന്നു അവിടെ കണ്ടത്. കമ്പുകള്‍ ചാരി മണ്ണ് തേച്ച ചുമരുള്ള ഓലക്കുടിലുകള്‍, സൈക്കിള്‍ റിക്ഷകള്‍, മണ്ണടുപ്പുകള്‍, അപൂര്‍വ്വം നാലുകെട്ടു ഭവനങ്ങള്‍, കവാടത്തില്‍ കാലിത്തൊഴുത്തുകള്‍, ചാണകം മെഴുകിയ തറകള്‍….. കോണ്‍ക്രീറ്റ് വീടുകള്‍ അത്യപൂര്‍വം, ഏക്കറുകള്‍ പരന്നു കിടക്കുന്ന വയലുകള്‍. ഇടനിലക്കാരുടെ ചൂഷണ തളര്‍ത്തിയതിനാല്‍ കൃഷി ഉപേക്ഷിച്ച് മറ്റു ജീവിത മാര്‍ഗ്ഗങ്ങള്‍ തേടാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇടക്കിടക്ക് വഴിയരികില്‍ കുളങ്ങള്‍ കണ്ടപ്പോള്‍ കൗതുകം തോന്നി ചോദിച്ചപ്പോഴാണറിഞ്ഞത് മീന്‍ കൃഷി നടത്തുകയാണ് അതില്‍. ലക്ഷങ്ങള്‍ വരെ ലാഭം ലഭിക്കും.പാത്രങ്ങള്‍ കഴുകലടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഈ കുളങ്ങളാണ് അവരുടെ ആശ്രയം.

യാത്രക്കിടെ രണ്ട് നിലയുള്ള പുതുതായി നിര്‍മ്മിച്ച കൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് വീടിന് മുന്നിലിരിക്കുന്ന ആളെ ചൂണ്ടി സുഹൈറുദ്ധീന്‍ നൂറാനി പറഞ്ഞു. ‘കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് മെമ്പര്‍ ആയതാണ് ‘ .ചൂഷണം ചെയ്യപ്പെടുമ്പോഴും സ്വയം പ്രതികരിക്കന്‍ പോലും ബോധമില്ലാത്ത പാമര ജനങ്ങള്‍.ഇവരുടെ മേല്‍ കയറിയാണ് ഇത്തരം ചൂഷകര്‍ തഴച്ചു വളരുന്നത്.അത് കൊണ്ട് തന്നെ ജനങ്ങള്‍ക്ക് വിവരം വെക്കുന്ന സംവിധാനങ്ങളോട് കടുത്ത വെറുപ്പ് പ്രകടിപ്പിക്കും ഇവര്‍.അതിന്റെ സാക്ഷ്യങ്ങള്‍ ബംഗാള്‍ ടീമും അനുഭവിച്ചിട്ടുണ്ട്. ഗുണ്ടാ വിളയാട്ടത്തിലൂടെ കൈപ്രയോഗം വരെ നടത്തിയത്രെ അവിടുത്തെ ചില പ്രമാണിമാര്‍. കേരളത്തിലും മുമ്പ് ചിലര്‍ പണ്ഡിതരെ ചൊല്‍ പിടിയിലൊരുക്കാന്‍ ശ്രമിച്ചിരുന്നല്ലോ. ആ ധാര്‍ഷ്ഠ്യത്തെ നിരാകരിച്ചതാണല്ലോ കാന്തപുരം ഉസ്താദിന്റെ വിജയവും സുന്നി അസ്തിത്വത്തെ ദൃശ്യവല്‍കരിച്ചതും. ഈ ചരിത്രമറിയുന്ന ബംഗാള്‍ ടീമും മാറി നിന്നില്ല. ഭൂമിയും സ്ഥാപനവും പ്രൗഢമായ വീടും വണ്ടിയും സ്വന്തമാക്കി തലയുയര്‍ത്തി നിന്നപ്പോള്‍ പ്രമാണിവര്‍ഗ്ഗം സ്വയം ഉള്‍വലിഞ്ഞു.ഇന്ത്യന്‍ ഗ്രാമങ്ങളുടെ വികസനമെന്ന ഗാന്ധിയന്‍ സ്വപ്നം ഇപ്പോഴും സബര്‍മതി ചര്‍ക്കയില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അപ്പോഴും ബംഗാള്‍ പറയുന്നുണ്ടായിരുന്നു.വിദ്യാഭ്യാസ നവോത്ഥാനത്തിലൂടെ ഈ സ്വപ്നത്തിന് ജീവന്‍ നല്‍കുകയാണിപ്പോള്‍ തൈ്വബ ഗാര്‍ഡന്‍.

ബംഗാളികളുടെ പ്രധാന ആശ്വാസമാണ് കേരളം.കേരളക്കാരെ അവര്‍ക്ക് വലിയ ആദരവാണ്. കൊല്‍ക്കത്തയില്‍ നിസ്‌കരിക്കാന്‍ പോകവേ കേരളക്കാരാണെന്ന് പറഞ്ഞ നിമിഷം വഴിയിലെ കച്ചവടക്കാരന്‍ , ‘ഹണ്ട്‌റഡ് പേര്‍സെന്റജ് ലിറ്ററസി ‘ എന്ന് ആശ്ചര്യത്തോടെ പ്രതികരിച്ചqപ്പോള്‍ അഭിമാനം തോന്നി. അവര്‍ക്ക് നമ്മളെ കുറിച്ച് നല്ല മതിപ്പാണ്.യാത്രയുടെ തലേദിവസം വെള്ളിയാഴ്ച്ച യദൃശ്ചികമായി നാട്ടിലെ ബാര്‍ബര്‍ ഷോപ്പില്‍ സുഹൃത്തിനെ പ്രതീക്ഷിച്ചു കയറിയതായിരുന്നു.അദ്ദേഹം ഇല്ലെന്നറിഞ്ഞിപ്പോള്‍ തിരിച്ചിറങ്ങുകയായിരുന്നു.പക്ഷെ, അവിടെയുള്ള ബംഗാളിയുടെ മുഖം കണ്ടപ്പോള്‍ താടി നന്നാക്കാന്‍ ഇരുന്നു കൊടുത്തു.ബംഗാളിലേക്കുള്ള യാത്രക്ക് ഒരുങ്ങുകയുമാണല്ലോ.ഇടയില്‍ ബംഗാളിയോട് കേരളക്കാരെ കുറിച്ച് ചോദിച്ചു. കേരളക്കരുടെ സ്വാഭവത്തെ കുറിച്ചും ജോലിക്കാരോട് കാണിക്കുന്ന പരിഗണനയെ കുറിച്ചും അദ്ദേഹം സന്തോഷത്തോടെ പ്രതികരിച്ചു. അദ്ധേഹം കുടുംബ സമേതം സുഖമായി കേരളത്തില്‍ ജീവിക്കുകയാണ്. ഗള്‍ഫ് ബൂമിന്റെ പറുദീസയില്‍ കരകയറിയ നമ്മള്‍ തീര്‍ച്ചയായും ഇങ്ങനെ തിരിച്ചു കൊടുക്കണമല്ലോ! ബംഗാളില്‍ എത്തിയപ്പോഴാണറിഞ്ഞത് അവിടെയൊന്നും ജോലിക്കാര്‍ക് ഭക്ഷണം കൊടുക്കുന്ന സ്വഭാവമില്ല. നമ്മള്‍ മലയാളികള്‍ രണ്ടും മൂന്നും തവണ ഭക്ഷണം കൊടുത്ത് ജോലിക്കാരെ സന്തോഷിപ്പിക്കും.ഇസ്ലാമിന്റെ തൊഴില്‍ പാഠങ്ങളാണല്ലോ നമ്മെ നയിക്കുന്നത്.

മര്‍കസ് സമ്മേളന ഭാഗമായി തൈ്വബ ഗാര്‍ഡനു കീഴില്‍ അഞ്ചു വീടുകള്‍ നിര്‍മിച്ചതിന്റെ ഉദ്ഘാടനം പിറ്റേന്ന് നടക്കുന്നുണ്ടായിരുന്നു. ആ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ കുറച്ച് സ്ത്രീകള്‍ വന്ന് മര്‍കസ് ഗാര്‍ഡനിലെ സഹപാഠിയായിരുന്ന മുഹമ്മദ് അലി നൂറാനിയോട് സംസാരിക്കുന്നത് കണ്ടു. തിരൂരങ്ങാടിക്കാരനായ മുഹമ്മദലി നൂറാനി ഇപ്പോള്‍ ബംഗാളിയാണ്, ഭാര്യയും കുട്ടിയും കൂടെയുണ്ട്. എസ്.എസ്.എഫ്. സാഹിത്യോത്സവില്‍ ഉര്‍ദു പ്രഭാഷണം നടത്തി ശോഭിച്ചിരുന്ന അദ്ധേഹമിപ്പോള്‍ ബംഗാള്‍ ഭാഷയിലും ഉജ്ജ്വലമായി പ്രഭാഷിക്കും. അവര്‍ക്കും വീടുകള്‍ വേണമെന്ന് സംസാരിച്ചതാണെന്ന് പിന്നീട് നൂറാനി പറഞ്ഞു. ദ്രവിച്ചു പൊളിഞ്ഞു വീഴാറായ അവരുടെ കുടിലുകള്‍ കണ്ടപ്പോള്‍ നമ്മുടെ സുഖങ്ങളൊക്കെ ഓര്‍ത്തുപോയി. തൈ്വബ അവിടുത്തെ ജനതയുടെ ഒരു ആശ്വസ കേന്ദ്രമാണ്. മക്തബകളും പള്ളികളും സ്‌കൂളുകളും ഓര്‍ഫനേജും ഖുര്‍ആന്‍ സ്റ്റഡി സെന്ററും ഇസ്ലാമിക് സയന്‍സ് കോളേജുമായി പരന്നു കിടക്കുകയാണ്, ഒരു ബംഗാള്‍ മര്‍കസായി..! രാവിലെയും രാത്രിയിലും പത്തിരിയും ചപ്പാത്തിയും പ്ലയ്റ്റില്‍ നിറഞ്ഞു നിന്നപ്പോള്‍ അതിനെ കുറിച്ച് വെറുതെ ചോദിച്ചതായിരുന്നു ,മര്‍കസ് സഹപാഠിയായിരുന്ന ഇബ്‌റാഹീം സഖാഫിയോട് …. കേരളീയ നാടന്‍ ശൈലിയില്‍ ബംഗാള്‍ ഗ്രാമവാസികളെ സമര്‍ത്ഥമായി കീഴടക്കിയ നിസ്വാര്‍ത്ഥന്‍ …. കേരളീയ സേവകര്‍ ബംഗാള്‍ മനസുകളെ കയ്യിലെടുത്തിരിക്കുന്നുവെന്ന് ബോധ്യപ്പെട്ടത് അപ്പോഴുയിരുന്നു.സ്ത്രീകള്‍ വീട്ടില്‍ നിന്ന് പാചകം ചെയ്ത് കൊടുത്തയച്ചതാണത്രെ അവയൊക്കെയും.

മക്തബകള്‍ക്ക് നേതൃത്വം നല്‍കുന്നത് റബ്ബാനികളും മുഈനികളുമാണ്. കഴിഞ്ഞ റബീഉല്‍ അവ്വലില്‍ ഓരോ മക്തബകളിലും യൂണിറ്റ് മീലാദ് പ്രോഗ്രാമും തുടര്‍ന്ന് തൈ്വബ ഗാര്‍ഡനില്‍ വെച്ച് എല്ലാ മക്തബകളും ഒരുമിച്ച ഗ്രാന്‍ഡ് പ്രോഗ്രാമും സംഘടിപ്പിച്ചത് ബംഗാളികള്‍ക്ക് വലിയ ആവേശം നല്‍കി. കേരളത്തില്‍ നിന്നുള്ള സേവന തല്‍പരര്‍ക്ക് ഒരു വര്‍ഷം പ്രത്യേക പരിശീലനം നല്‍കുന്ന മുഈനി ,റബ്ബാനി സംരംഭങ്ങള്‍ സുന്നീ ദേശീയ മുന്നേറ്റങ്ങള്‍ക്ക് ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് സാധ്യമാക്കുന്നത്.

ദിനാജ്പൂരിലും മല്ലിക്പൂരിലുമായി ദിശാ ബോധമുള്ള ഇസ്ലാമിക പണ്ഡിതരെ വാര്‍ത്തെടുക്കുന്ന രണ്ട് ഇസ്ലാമിക് സയന്‍സ് സ്ഥാപനങ്ങള്‍ തൈ്വബ ഗാര്‍ഡനുകീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാവിയില്‍ ബംഗാളി മുസ്ലിംകളുടെ സുസ്ഥിരമായ പുരോഗതി നിലനില്‍ക്കുന്നത് ഈ പണ്ഡിതരെ ആശ്രയിച്ചായിരിക്കും.കാരണം അവര്‍ക്ക് എന്നും നമ്മെ ആശ്രയിക്കാന്‍ സാധിക്കില്ലല്ലോ.നമുക്ക് തിരിച്ച് നല്‍കാനും കഴിയില്ല.മഖ്ദൂമുമാര്‍ കേരളത്തില്‍ ചെയ്തതു പോലെ ജ്ഞാനശക്തിയും ധിഷണാശേഷിയും നേതൃപാടവവുമുള്ള മതപണ്ഡിതരെ അവിടെ സൃഷ്ടിക്കണം. നൂറാനി കൂട്ടായ്മ പ്രിസം ഫൗണ്ടേഷന്‍ അത്തരം പണ്ഡിതരെ വാര്‍ത്തെടുക്കുകയെന്ന ഉദ്ദേശത്തോടയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമിക് സയന്‍സ് സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍ കുന്നത്. ഈ ലക്ഷ്യം ഏറ്റവും ഫലപ്രദമായി സാധിപ്പിക്കുന്നതിന് മാതൃകാപരമായ അനുഭവങ്ങളിലൂടെ ആത്മവിശ്വാസമുള്ളവരാക്കാന്‍ അവനോക്സിലൂടെ സാധിക്കും. ഈ അടിസ്ഥാന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്ന് രണ്ടാം അവനോക്‌സില്‍ നിന്നും വ്യക്തമായി.

ബാംഗ്ലൂര്‍ മര്‍കിന്‍സില്‍ കഴിഞ്ഞ വര്‍ഷം നടന്ന പ്രഥമ അവനോക്‌സില്‍ അത്ര ആകര്‍ഷണീയമല്ലാത്ത വസ്ത്രം ധരിച്ച് ഭയത്തോടെ സ്റ്റേജില്‍ കയറിയിരുന്ന ദിനാജ്പൂര്‍ തൈ്വബ ഗാര്‍ഡനിലെ വിദ്യാര്‍ഥികള്‍ രണ്ടാം അവനോക്‌സില്‍ എത്തിയപ്പോള്‍ മനോഹരമായ ഡ്രസും നൂറാനി തലപ്പാവും ധരിച്ച് വളരെ ആവേശത്തോടെ പങ്കെടുക്കുന്നത് കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി.ക്വിസ് മത്സരത്തില്‍ പതിനൊന്നില്‍ എട്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് ഞെട്ടിപ്പിച്ച് ഒന്നാം സ്ഥാനം നേടിയ അവരുടെ ചിത്രം മനസ്സില്‍ മായാതെ കിടപ്പുണ്ട്. ഈയൊരു മാറ്റമാണ് അവനോക്‌സിനെ വിപ്ലവകാരമാക്കുന്നത്.

സീനിയര്‍ വിഭാഗത്തില്‍ കലാ പ്രതിഭാ പട്ടം അലങ്കരിച്ചും വ്യത്യസ്ത ഇനങ്ങളില്‍ ഒന്നാം സ്ഥാനമടക്കമുള്ള നേട്ടങ്ങള്‍ കൈവരിച്ചും രാജസ്ഥാന്‍, ഹരിയാന, ബംഗാള്‍, ഡല്‍ഹി കാമ്പസുകളിലെ റബ്ബാനികള്‍ അവെനോക്സില്‍ വലിയ ആവേശമായി മാറി. നാല്‍പത്തിയൊന്ന് റബ്ബാനികളാണ് ഈ വര്‍ഷം പ്രിസത്തിന് കീഴില്‍ മദീനതുന്നൂര്‍ ഫിനിഷിങ് സ്‌കൂളില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്. അവനോക്‌സ് കഴിഞ്ഞ രാത്രി ഒരു മണിക്കൂറോളം അവരോടൊപ്പമിരുന്ന് സംസാരിച്ചു.പിറന്ന മണ്ണ് വിട്ട്, സേവനത്തോട് അവര്‍ കാണിക്കുന്ന താല്‍പര്യവും ആവേശവും അവരുടെ മുഖത്ത് പ്രകടമായിരുന്നു.ഈ പരിശീലന കാലയളവില്‍ തന്നെ മികച്ച സേവനങ്ങള്‍ അവര്‍ കാഴ്ച വെച്ചിട്ടുണ്ട്.ഇന്ത്യയുടെ ഭാവി പ്രതീക്ഷകളായ റബ്ബാനികളോടൊപ്പം തൈ്വബ മുറ്റത്ത് ചിലവഴിച്ച നിമിഷങ്ങള്‍ മറക്കാനാവാത്തതായിരുന്നു. മത്സരത്തിനു വന്ന എല്ലാ ടീമുകളും എവിടെയെങ്കിലുമൊക്കെ അടയാളങ്ങള്‍ പതിപ്പിച്ചാണ് തിരിച്ചത്. സീനിയര്‍ വിഭാഗത്തില്‍ മദീനതുന്നൂര്‍ കേരള സ്റ്റാര്‍ കാമ്പസായപ്പോള്‍ ജൂനിയറിലും സബ്ജൂനിയറിലും സ്റ്റാര്‍ കാമ്പസ് ട്രോഫി ലഭിച്ചത് തൈ്വബ ഇന്റോറിനായിരുന്നു. വേദിയുടെ മുന്നിലിരുന്ന് എല്ലാ മത്സരികള്‍ക്കും ആവേശം നല്‍കിയ ഇന്റോര്‍ ടീമിനെ പത്യേകം ശ്രദ്ധിച്ചിരുന്നു. സീനിയര്‍ വിഭാഗത്തില്‍ ഡല്‍ഹി തൈ്വബ ഗാര്‍ഡനിലെ നിസാമുദീനും ജൂനിയര്‍ വിഭാഗത്തില്‍ മര്‍ക്കിന്‍സ് ഉര്‍ദുവിലെ ഷേര്‍ അലി മദനിയും സബ് ജൂനിയറില്‍ തൈ്വബ ഇന്റോറിലെ തൗസീഫും വ്യക്തഗത ചാമ്പ്യന്മാരായി.വലിയ പ്രതീക്ഷകളും ആശ്വാസവുമായ അവനോക്‌സ് ഇനിയും തുടരണം. ഇടക്ക് , അത്യുപ്രചോദന സുഹൃത്തും വേറിട്ട സാമൂഹ്യ പ്രവര്‍ത്തകനും അപൂര്‍വ്വ ജീവിയുമായ ഷാഹിദ് നിസാമി ഒരു കാര്യം ഓര്‍മ്മപ്പെടുത്തി, നമുക്ക് ഫിലിപഥ് പോലോത്ത നമ്മുടെ സ്ഥാപനങ്ങളിലെ പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച് അവനോക്‌സ് മോഡല്‍ ദേശീയ സംരംഭങ്ങള്‍ ആരംഭിക്കണം. എപ്പോഴും പ്രതീക്ഷകള്‍ മാത്രം സംസാരിക്കുന്ന അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും സാധ്യമാകട്ടെ …

ഈ വര്‍ഷത്തെ ബംഗാള്‍ അവേനോക്സിന്റെ സവിശേഷതയായിരുന്നു ഡോ.എ.പി.മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ നടന്ന പ്രിസം സഫര്‍.കേരളത്തിലെ സുമനസ്‌കരുടെ സാന്നിദ്ധ്യം ബംഗാള്‍ തൈ്വബ ടീമിനും പ്രിസം ഫൗണ്ടേഷനും വലിയ ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. ബംഗാളിലെ നൂറാനിമാരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളെ നേരിട്ട് ദര്‍ശിച്ച് കേരളീയ പണ്ഡിതരെ കുറിച്ചുള്ള വലിയ പ്രതീക്ഷകളുമായിട്ടാണ് സഫര്‍ അംഗങ്ങള്‍ മടങ്ങിയത്. മദീനതുന്നൂര്‍ അവസാന ബാച്ച് ഉസ്താദിനോടൊപ്പം സാധാരണ നടത്താറുളള യാത്രക്ക് ഈ വര്‍ഷത്തെ പതിമൂന്നാം ബാച്ചിന് അവസരം ലഭിച്ചത് പ്രിസം സഫറിനൊപ്പമായിരുന്നു. പുതു ഇടങ്ങള്‍ മനസ്സില്‍ താലോലിച്ചിരിക്കുന്ന അവര്‍ക്ക് ബംഗാള്‍ കാഴ്ച്ചകള്‍ വലിയ ഉണര്‍വ്വ് നല്‍കിയിട്ടുണ്ടാകും. അല്ലെങ്കിലും ഉസ്താദിനൊപ്പമുള്ള യാത്ര സൃഷ്ടിക്കുന്ന അനുഭൂതി സുവിദിതമാണല്ലോ.ഏതു പ്രതികൂല സാഹചര്യത്തിലും സാധാരണ ശൈലി സ്വീകരിക്കുന്ന, എവിടെയും വിസ്മയം തീര്‍ക്കുന്ന ഉസ്താദിലെ അത്യപൂര്‍വ്വത സഹയാത്രികനില്‍ കരുത്തിന്റെ ഊര്‍ജ്ജ പ്രവാഹമുണ്ടാക്കും.

തലേ ദിവസം ഉദ്ഘാടനം നിര്‍വഹിക്കപെട്ട തൈ്വബ കാമ്പസ് മസ്ജിദില്‍ വ്യാഴാഴ്ച്ച സുബഹിക്ക് ശേഷം നടന്ന ചടങ്ങ് ഏറെ അഭിമാനവും
സന്തോഷവും നല്‍കി. മദീനത്തുന്നൂറില്‍ എല്ലാവര്‍ഷവും നടക്കുന്ന പുതിയ ബാച്ചിന്റെ ഉദ്ഘാടനം ‘അല്‍ഫാതിഹ’ ചടങ്ങ് മനസ്സില്‍ ഓര്‍ത്ത നിമിഷം, മല്ലിക്പൂരിലെയും ദിനാജ്പൂരിലെയും തൈബ ഗാര്‍ഡന്‍ ഇസ്ലാമിക് സയന്‍സിലെ പുതിയ വിദ്യാര്‍ത്ഥികളുടെ ദര്‍സ് ആരംഭം.മുതഅല്ലിം വേഷത്തിലുള്ള ഊര്‍ജ്ജ സ്വലരായ നാല്‍പത് കുട്ടികള്‍ക്ക് ഡോ.എ.പി. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അറബിയിലും ഉര്‍ദുവിലും ചൊല്ലി കൊടുത്ത് മഹത്തായ ആരംഭം കുറിച്ചു. തൈബ ഗാര്‍ഡന്‍ ലക്ഷ്യമാക്കി ബംഗാളിന് പുറമെ ജാര്‍ഖണ്ഡ്, ബീഹാര്‍, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആവേശത്തോടെ പഠിക്കാന്‍ വന്ന കുരുന്നുകള്‍. ഭാവിയില്‍ കേരളത്തിലെ പണ്ഡിതരെപ്പോലെ ഉള്‍കാഴ്ച്ചയോടെ ബംഗാള്‍ ജനതയെ നയിക്കാന്‍ തീരുമാനിനിച്ചുറച്ചവര്‍.

ഇന്ന് ബംഗാളിലും സമീപ സംസ്ഥാനങ്ങളിലും തൈ്വബ ഗാര്‍ഡന്‍ ഇസ്ലാമിക് സയന്‍സ് കോളേജ് പ്രസിദ്ധമാണ്. ശിഹാബുദ്ധീന്‍ നൂറാനി കൊടകാണ് സംസാരത്തിനടക്ക് ആ കാര്യം പറഞ്ഞത്. അദ്ദേഹം ബംഗാളിലേക്കുള്ള അവനോക്‌സ് യാത്രയില്‍ ടെയിനില്‍ വെച്ച് മണിപ്പൂരില്‍ നിന്നുള്ള കുട്ടികളേയും രക്ഷിതാക്കളേയും പരിചയപ്പെട്ടു. എങ്ങോട്ടാണെന്ന് ചോദിച്ചപ്പോള്‍ കുട്ടികള്‍ ആവേശത്തോടെ പറഞ്ഞുവത്രെ. ‘ഹം പട്‌നെ കേലിയേ തൈ്വബ ഗാര്‍ഡന്‍സെ ആതാഹൂം ‘ …. അല്‍ഹംദുലില്ലാഹ് …..മൂന്ന് ദിവസത്തെ ബംഗാള്‍ സമയങ്ങളില്‍ തൈ്വബയിലെ മുതഅല്ലിമുകളെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മഗ്രിബ് തസ്ബീഹിനും സുബ്ഹി ജമാഅത്തിനും കൃത്യമായി എത്തി ഭംഗിയില്‍ സ്വഫ് കെട്ടി വൃത്തിയായി എല്ലാ കര്‍മ്മങ്ങളും നിര്‍വ്വഹിക്കുന്ന അച്ചടക്കമുള്ള വിദ്യാര്‍ത്ഥികള്‍. അവരുടെ ഉസ്താദുമാര്‍ അവരെ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായി. ഇനിയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരള മോഡല്‍ ഇസ്ലാമിക് സയന്‍സ് സ്ഥാപനങ്ങള്‍ ഉയര്‍ന്ന് വരേണ്ടതുണ്ട്. അതിന് നേതൃത്വം നല്‍കാന്‍ പരിചയ സമ്പന്നരായ ഉസ്താദുമാര്‍ വേണം. ദര്‍സ് നടത്താന്‍ താല്‍പര്യമുള്ള നിലവില്‍ അവസരങ്ങള്‍ ഇല്ലാത്ത പ്രാപ്തരായ ഉസ്താദുമാര്‍ക്ക് നല്ലൊരു ഇടമാണ് അവിടം. മഖ്ദൂമുമാരില്‍ നിന്നും നമുക്ക് ലഭിച്ച വെളിച്ചം തിരികെ നല്‍കാനുള്ള ശ്രമങ്ങളില്‍ നമുക്കും പങ്കാളികളാകാം. സുല്‍ത്വാനുല്‍ ഉലമയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യന്‍ മണ്ണ് ഉഴുത് നല്ല വിത്തുപാകി ആത്മാര്‍ത്ഥമായി പണിയെടുക്കുന്നവര്‍ മഹാ ഭാഗ്യവന്മാരാണ്, വലിയ മനസ്സുള്ളവരും.

ബംഗാളെഴുത്ത് പൂര്‍ണ്ണമാവുന്നത് ശുകൂര്‍ നൂറാനി കൂടി വരുമ്പോഴാണ്. നിറം മങ്ങിയ ബംഗാളിന് മനസ്സ് നിറയുന്ന നിറം പുരട്ടുന്ന കലാകാരന്‍. മീഡിയ പ്രവര്‍ത്തനം വല്ലാത്ത തലക്കനമാണല്ലോ. പെര്‍ഫക്ഷന് വേണ്ടി കട്ടും കോപ്പിയും പേസ്റ്റും ചെയ്ത് ഭ്രാന്ത് പിടിച്ച് ,തീര്‍ത്ത ആശ്വാസത്തില്‍ ഫോര്‍വേര്‍ഡ് ചെയ്യുമ്പോഴായിരിക്കും നിരൂപകന്റെ കാടടച്ചുള്ള വിമര്‍ശനം.ശരിയായ തൊണ്ണൂറ്റി ഒമ്പതിനെക്കുറിച്ച് ആശ്വസിപ്പിക്കാന്‍ ഒരു നന്മ മരവും ഉണ്ടാകില്ല. ഒന്നില്‍ എല്ലാം കലങ്ങിപ്പോകും …. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മീഡിയ സുഹൃത്ത് പറഞ്ഞ ഈ വാക്കുകള്‍ ഓര്‍ത്തുപ്പോയി ബംഗാളിന്റെ പരിമിതിയില്‍ മനോഹരമായി ആവിഷ്‌കരിക്കുന്ന ശുകൂര്‍ നൂറാനിയുടെ മീഡിയ റൂം കണ്ടപ്പോള്‍ … ദൃശ്യതയില്‍ അഭിരമിക്കുന്ന ആധുനിക ലോകത്ത് സ്വയം അദൃശ്യരായി മറക്കുപിന്നിലിരിക്കുന്ന ഇവരുടെ ഇടം അമൂല്യമാണ്.

സമാപന സദസ്സില്‍ സുഹൈറുദ്ധീന്‍ നൂ റാനി നടത്തിയ പ്രസംഗം പ്രൗഢമായിരുന്നു. തന്റെ മദീനത്തുന്നൂര്‍ അനുഭവങ്ങള്‍ പങ്കു വെച്ചത് പുതുതലമുറ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രചോദനമായി.ക്ലാസ്സ് തിരിയാത്തതിനാല്‍,പഴയ കാലത്ത് വ്യാപകമായിരുന്ന വാക്മാനില്‍ റെക്കോര്‍ഡ് ചെയ്ത് പിന്നീടിരുന്ന് അവ കേട്ട് പഠിച്ച തീവ്രമായ ഓര്‍മ്മകളൊക്കെ … ..സ്വന്തം കഴിവിനേക്കാളുപരി ഉസ്താദുമാരുടെ പൊരുത്തമാണ് തന്റെ ജീവിതത്തെ നിര്‍ണയിച്ചതെന്ന് അദ്ദേഹം. ഗാര്‍ഡനില്‍ പഠിക്കുമ്പോള്‍ കിത്താബ് മനസ്സിലാക്കാന്‍ പ്രയാസം വന്നപ്പോള്‍ പഠനം അവസാനിപ്പിക്കാന്‍ തുനിഞ്ഞെങ്കിലും മൊയ്തു ഉസ്താദിന്റെ ഉപദേശങ്ങള്‍ തന്നെ പിടിച്ച് നിര്‍ത്തിയത് അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. അവനോക്‌സ് യാത്ര കഴിഞ്ഞ് ഗാര്‍ഡനില്‍ എത്തിയ ശേഷം ഞാന്‍ ഉസ്താദിനോട് ഈ വിഷയം പറഞ്ഞപ്പോള്‍ പഴയ ഓര്‍മകള്‍ ഉസ്താദ് അയവിറക്കി. ‘ഒരു പ്രാവശ്യം അല്‍ഫിയ്യയില്‍ സുഹൈറിനെ അടിച്ചപ്പോള്‍ അവന്‍ പൊട്ടിക്കരഞ്ഞു. കുട്ടികളോട് എന്താണിങ്ങനെ കരയുന്നതെന്ന് ചോദിച്ചപ്പോള്‍ ജാഫര്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു. സുഹൈര്‍ നന്നായി പഠിക്കാറുണ്ട്. ഉസ്താദ് ചോദിക്കുമ്പോള്‍ കിട്ടാത്തതാണ്. ‘ ഗുരുവും ശിഷ്യനും പരസ്പരമറിഞ്ഞ് ക്ഷമയോടെ നീങ്ങുമ്പോള്‍ അസാധ്യമായ കവാടങ്ങളൊക്കെ മെല്ലെ തുറക്കപ്പെടും. ഇന്‍ക്‌ളൂസീവ് മെക്കാനിസത്തിന്റെ പരമാവധി സാധ്യതകളെ പ്രയോജനകരമാക്കാന്‍ ഗുരു ശ്രമിക്കണം.. ഗുരുവിന്റെ ദീര്‍ഘമായ ചില നിശ്ശബ്ദ സഹനങ്ങള്‍ സുന്ദരമായ പുഷ്പങ്ങളുല്‍പാദിപ്പിക്കും.

സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒരുപാട് മനുഷ്യര്‍ മരം കോച്ചുന്ന തണുപ്പിലും നിലത്ത് ചുരുണ്ടുകൂടി കിടക്കുന്ന രംഗം കണ്ടപ്പോള്‍ മനസ്സ് വല്ലാതെ നോവിച്ചു.ട്രെയിന്‍ വരാന്‍ ഒരു മണിക്കൂര്‍ കൂടി ബാക്കിയുണ്ടായിരുന്നതിനാല്‍ കയ്യിലുണ്ടായിരുന്ന ഷാള്‍ വിരിച്ച് അവരോടൊപ്പം ഒന്നു മയങ്ങി.ട്രെയിനെത്തിയപ്പോള്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്ന് നിസ്‌ക്കരിക്കാമെന്ന് കരുതി ഉള്ളില്‍ കയറി. സ്വസ്ഥമായി ഇരിക്കാന്‍ പോലും പറ്റാത്ത അരോചകരമായ അന്തരീക്ഷം.കടലത്തോടുകളും പ്ലാസ്റ്റിക് ബോട്ടിലുകളും നിറഞ്ഞ ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ നമുക്ക് കൗതുകമാണെങ്കിലും യാചകര്‍ക്ക് ചാകരയാണ്. ഉടനെ ഒരാള്‍ വന്ന് അടിച്ചു വാരി യാചനയാരംഭിച്ചു. നിസ്‌കാരം കഴിഞ്ഞപ്പോഴേക്കും ട്രെയിന്‍ ചലിക്കാന്‍ തുടങ്ങിയിരുന്നു. വ്യത്യസ്ത സംസ്ഥാനങ്ങളിലൂടെയുള്ള പ്രഭാത സമയത്തെ ബംഗാള്‍ ട്രെയിന്‍ യാത്ര മനസ്സ് നിറയെ ആസ്വദിച്ചു.നീണ്ടുകിടക്കുന്ന വയല്‍ പാടങ്ങള്‍ക്കിടയിലൂടെ ബോഗി പോലെ നീണ്ടിടുങ്ങിയ മനസ്സുമായി ട്രെയിന്‍ കുതിച്ചു , അനന്തമായ ആഗ്രഹങ്ങളുടെ തീരാത്ത സമാന്തര പാതകളിലൂടെ, സ്വപ്നങ്ങളുടെ ആകാശങ്ങളെ ലക്ഷ്യമാക്കി. മനോഹരമായ മര്‍കസ് അവനോക്‌സ് ഒരുക്കിയ പ്രിസം ഫൗണ്ടേഷനും തൈ്വബ ഗാര്‍ഡനും വിവിധ സംസ്ഥാനങ്ങളിലെ മര്‍കസ് ഗാര്‍ഡന്‍ സ്ഥാപനങ്ങള്‍ക്കും നന്ദി. പ്രത്യേകിച്ചും എല്ലാത്തിനും സാധ്യതകളൊരുക്കിയ പ്രിസം ഫൗണ്ടേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ടി.പി. സുബൈര്‍ അലി നൂറാനിക്കും.

മര്‍കസ് ഗാര്‍ഡന്‍ ജോ.ഡയറക്ടറാണ് ലേഖകന്‍


SHARE THE NEWS