പുത്തുമല ദുരന്തത്തിൽ പെട്ട കുടുംബത്തിന് മർകസ് അലുംനി വീട് കൈമാറി

0
643
SHARE THE NEWS

കോഴിക്കോട്:  പുത്തുമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട ഇലഞ്ഞിക്കൽ ഖദീജക്കും കുടുംബത്തിനും മർകസ് അലുമ്‌നിയുടെ വക സ്നേഹ ഭവനം കൈമാറി. ഉള്ളതെല്ലാം പ്രളയം എടുത്തപ്പോൾ എന്ത് ചെയ്യണമെന്ന് വിഷമിച്ചിരുന്ന ഖദീജക്ക് ആ സമയത്തേ വാഗ്ദാനം ചെയ്തതായിരുന്നു വീട്. വയനാട് മേപ്പാടി പഞ്ചായത്തിലെ പതിനാലാം വാർഡിൽ പത്തു ലക്ഷം രൂപ ചെലവഴിച്ചാണ് വീടും സ്ഥലവും മർകസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നൽകിയത്. ഇതോടൊപ്പം കഴിഞ്ഞ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മർകസ് ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനിക്ക് സ്‌കൂൾ അധികൃതരും പൂർവ്വവിദ്യാര്ഥികളും കൂടി ആറ് ലക്ഷം രൂപ ചെലവിൽ കുന്നമംഗലം മിനി ചാത്തങ്കാവിൽ  നിർമിച്ചു നൽകിയ വീടും കൈമാറി.

മർകസിൽ നടന്ന ചടങ്ങിൽ ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ താക്കോൽ കൈമാറി. മറ്റുള്ളവരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞു സഹായിക്കാൻ മുന്നോട്ടുവരുന്നവർക്ക് വലിയ പ്രതിഫലമാണ് ഇസ്‌ലാം മതം  വാഗ്ദാനം ചെയ്തത്. അത്തരത്തിലുള്ള മർകസ് അലുമ്‌നിയുടെ ജീവകാരുണ്യ യത്നങ്ങൾ മാതൃകാപരമാണ് എന്ന് അദ്ദേഹം പറഞ്ഞു. മർകസ് അലുമ്‌നി ചെയർമാൻ സി.പി ഉബൈദുല്ല സഖാഫി,  മർകസ് അലുംനി ജനറൽ സെക്രട്ടറി പി.ടി അബ്ദുള്‍ റഹീം, അബ്ദുറഹ്മാൻ എടക്കുനി തുടങ്ങിയവർ സംബന്ധിച്ചു.


SHARE THE NEWS