സയ്യിദന്മാർ ഇസ്‌ലാമിക സമൂഹത്തിലെ ആത്മീയ നേതൃത്വം: കാന്തപുരം മർകസ് സാദാത്ത് സംഗമം പ്രൗഡമായി

0
262

കോഴിക്കോട്:  മുഹമ്മദ് നബി(സ്വ)യുടെ കുടുംബ പാരമ്പരയായ സയ്യിദന്മാരാണ് ലോകത്തെല്ലായിടത്തും മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ  സംസ്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മുഹറം ഒമ്പത് താശൂറാ വിശുദ്ധ ദിനത്തിൽ  ഇന്നലെ മർകസിൽ സംഘടിപ്പിച്ച സംസ്ഥാന തല സാദാത്ത് സംഗമം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുവദ്ദേഹം. കേരളത്തിലെ മുസ്‌ലിം ചരിത്രത്തെയും സാമൂഹിക ജീവിതത്തെയും സമ്പന്നമാക്കിയതും ആഗോള മുസ്‌ലിം ജീവിതവുമായി പൗരാണിക കാലം മുതലേ ബന്ധിപ്പിച്ചതും സയ്യിദന്മാരാണ്. യമനിലെ തെളിച്ചമുള്ള ഇസ്‌ലാമിക പൈതൃകം നമുക്ക് ലഭിച്ചതിനാലാണ്‌, ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന മുസ്‌ലിം സമൂഹമായി കേരളീയ മുസ്‌ലിംകൾ മാറിയത്. അത്തരം സാംസ്കാരികമായ വിനിമയങ്ങൾക്കും, അത് നമ്മുടെ സമൂഹത്തിലേക്ക് ഫലപ്രദമായി പങ്കുവെക്കുന്നതിനും സയ്യിദന്മാർ മുന്നിൽ നിന്നു: കാന്തപുരം പറഞ്ഞു. ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതരും പ്രവാചക കുടുംബാങ്ങങ്ങളുമായ സയ്യിദ് ഹബീബ് ഉമർ ബിൻ ഹാമിദ് അൽ ജീലാനി മക്ക, സയ്യിദ് ഹബീബ് അബൂബക്കർ അൽ അദനി ബിൻ ജീലാനി യമൻ, ഹയ്യിദ് ഹബീബ് ജിഫ്‌രി യെമൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. മർകസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി  സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ,  സി മുഹമ്മദ് ഫൈസി, ഡോ മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പ്രസംഗിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി നൂറു കണക്കിന് സാദാത്തീങ്ങൾ ഓൺലൈനിൽ നടത്തിയ സമ്മേളനത്തിൽ പങ്കെടുത്തു.