ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ല: 25000 വിദ്യാര്‍ത്ഥികളുടെ സമാധാനപ്രതിജ്ഞക്ക് വേദിയായി മര്‍കസ്

0
2404
SHARE THE NEWS

കോഴിക്കോട്: ജനങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്‌നേഹത്തോടെ ജീവിക്കാനും സമാധാനത്തിനുമായി 25000 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത കൂറ്റന്‍ അസംബ്ലിക്ക് വേദിയായി മര്‍കസ്. ഐക്യരാഷ്ട്ര സഭയുടെ വിവേചനരഹിത ദിനത്തിയും ജോര്‍ദാന്‍ ഗവണ്‍മെന്റ് സംഘടിപ്പിച്ച ലോക മത സൗഹൃദ വാരത്തിന്റെയും ഭാഗമായി സമാധാനവും സഹകണരവും ദയയും ലോകമാകെ സജീവമാക്കുക എന്ന സന്ദേശത്തോടെയാണ് മര്‍കസ് കാമ്പസില്‍ അസംബ്ലി സംഘടിപ്പിച്ചത്. വ്യത്യസ്ത യൂണിഫോമുകളില്‍ കേരളത്തിലെ 50 പ്രധാന മര്‍കസ് സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സംഗമിച്ച പരിപാടിയില്‍ സമാധാന യത്‌നങ്ങള്‍ക്കായി പ്രത്യേക പ്രതിജ്ഞയും നടന്നു. മര്‍കസ് കാമ്പസുകളില്‍ പഠിക്കുന്ന 20 സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന അസംബ്ലി പ്രൗഢമായിരുന്നു.

മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹവും കരുണയും വിദ്യാര്‍ത്ഥികാലത്തേ മനസ്സിലുറക്കണം. മതപരമോ പ്രാദേശികമോ ഭാഷാപരമോ ആയ വ്യത്യാസങ്ങള്‍ മനുഷ്യര്‍ തമ്മിലുള്ള പരസ്പര ബന്ധം ഇല്ലാതാക്കാന്‍ കാരണമാവരുത്. ഇന്ത്യയുടെ സൗന്ദര്യം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാരമ്പര്യമുള്ള രാഷ്ട്രം എന്ന നിലക്കാണ്. ആ പാരമ്പര്യത്തെ നാം ശക്തിപ്പെടുത്തണം: അദ്ദേഹം പറഞ്ഞു.

സെന്റ് തോമസ് ചര്‍ച്ച് കൂന്ദമംഗലം പാസ്റ്റര്‍ ഫാദര്‍ അനൂപ് തോമസ് ഇംഗ്ലീഷിലും സ്വാമി തച്ചോലത്ത് ഗോപാലന്‍ മലയാളത്തിലും പ്രതിജ്ഞ ചൊല്ലി നല്‍കി. ‘ഞങ്ങളുടെ ചിന്തകളിലോ പ്രവര്‍ത്തനങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങളോ വര്‍ഗീയതയോ തീവ്രവാദമോ കടന്നുവരില്ല. ലോക സമാധാനത്തിനും വിവേചനങ്ങളാല്‍ ബുദ്ധിമുട്ടു അനുഭവിക്കുന്നവരുടെ വിമോചനത്തിനും വേണ്ടി ഞങ്ങള്‍ പ്രയത്‌നിക്കും’ വിദ്യാര്‍ഥികള്‍ പ്രതിജ്ഞ ഏറ്റുചൊല്ലി.

മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി സന്ദേശം നല്‍കി. 25000 കുട്ടികള്‍ക്ക് രാജ്യത്തെ 25 ലക്ഷം ജനങ്ങളെയെങ്കിലും ഭാവിയില്‍ സ്വാധീനിക്കാന്‍ കഴിയുമെന്നും സ്‌നേഹത്തിന്റെ സന്ദേശം ജീവിതാന്ത്യം വരെ നിലനിറുത്തണമെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രൊഫ ഉമര്‍ ഫാറൂഖ്, ഉനൈസ് മുഹമ്മദ് പ്രസംഗിച്ചു.


SHARE THE NEWS