
കോഴിക്കോട്: നബി പ്രകീര്ത്തനത്തിന്റെ രാജ്യാന്തര വേദിയായി മര്‍കസ് അന്താരാഷ്ട്ര മീലാദ് സമ്മേളനം. 30 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രധാന മുസ്ലിം പണ്ഡിതന്മാര് സമ്മേളനത്തില്‍ പ്രഭാഷണങ്ങള്‍ നടത്തി. മലേഷ്യന്‍ മതകാര്യ മന്ത്രി ഡോ.
ദുല്‍കിഫ്ലി മുഹമ്മദ് അല്‍ ബക്രി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലോകത്തെ ഏകോപിപ്പിക്കുന്ന വികാരമാണ് മുഹമ്മദ് നബിയോടുള്ള സ്നേഹമെന്നു അദ്ദേഹം പറഞ്ഞു.
മനുഷ്യര്‍ക്കിടയില്‍ സഹവര്‍ത്തിത്വവും കരുണയും നിത്യമായി നിലനിറുത്തുവാനുള്ള സന്ദേശമാണ് നബി പഠിപ്പിച്ചത്. പല തരത്തില്‍ മനുഷ്യര്‍ വിഭജിക്കപ്പെടുന്ന ഈ കാലത്ത് നബിയുടെ സന്ദേശങ്ങള്‍ പരമാവധി പ്രചരിപ്പിക്കണം; അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് മദ്ഹു റസൂല്‍ പ്രഭാഷണം നടത്തി. ആവിഷ്കാര സ്വാതന്ത്രത്തിനു പരിധികള്‍ നിശ്ചയിക്കണം. അല്ലെങ്കില്‍, അത് ലോകത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കും. മുഹമ്മദ് നബി(സ്വ)യുടെ ചിത്രമോ കാര്‍ട്ടൂണോ വരക്കുന്നതു ഇസ്ലാമിക ശരീഅത്ത് അനുവദിക്കുന്നില്ല. അതിനാല്‍, അങ്ങനെ നബിയെ മോശമാക്കി കാണിക്കുന്നത് വിശ്വാസികളെ വിഷമിപ്പിക്കും.നബിയെ വളരെ മോശമാക്കി കാര്ട്ടൂണുകള് വരച്ചു സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ചിലര്‍ കരുതിക്കൂട്ടി ഉണ്ടാക്കുന്നതാണ് എന്ന് സംശയിക്കുന്നു. അതിനാല്‍, മതനിന്ദക്കെതിരെയുള്ള നിയമങ്ങള്‍ ശക്തമാക്കണം. പാശ്ചാത്യ രാജ്യങ്ങളില്‍ പലയിടത്തും ഇത്തരം നിയമങ്ങള്‍ ഉണ്ട്. പക്ഷെ, അത് ചില മതവിഭാഗങ്ങള്‍ക്ക് മാത്രം പരിമിതമാക്കിയ അവസ്ഥയുണ്ട്. ഏത് മതവിഭാഗത്തിന്റെയും പ്രവാചകരെയും ആദരിക്കപ്പെടുന്നവരെയും വിരൂപമായി അവതരിപ്പിക്കുന്ന അവസ്ഥ ഇല്ലാതാക്കണം. മതനിന്ദാ നിയമങ്ങള്‍ ശക്തമാക്കണം. സമാധാനമാണ് നമുക്ക് ആവശ്യം. ആവിഷ്കാര സ്വാതന്ത്രം എന്നത്, എന്തും വരക്കാനുള്ള സ്വാതന്ത്രമല്ല. കല മനുഷ്യന്റെ നന്മക്ക് ആവണം. സമൂഹത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ കലയെ തെറ്റായി ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല; കാന്തപുരം പറഞ്ഞു. ഫ്രാന്‍സില്‍ ചര്‍ച്ചില്‍ നടത്തിയ ആക്രമണത്തെ അദ്ദേഹം അപലപിച്ചു. വിശ്വാസത്തിന്റെ മധുരം ലഭിച്ചവര്‍ക്ക് അത്തരം ആക്രമം നടത്താന്‍ ആവില്ല. അവിവേകികള്‍ എവിടെയെങ്കിലും നടത്തുന്ന കുഴപ്പങ്ങള്‍ക്ക് മതത്തിന്റെ മൊത്തം പേരില്‍ പ്രചാരണം നടത്തുന്നത് ശരിയല്ല: കാന്തപുരം വ്യക്തമാക്കി.
ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഡോ. ശൗഖി ഇബ്രാഹീം അല്ലാം മുഖ്യാതിഥിയായി സംബന്ധിച്ചു. സയ്യിദ് അലി ബാഫഖി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ലോക പ്രശസ്ത മദ്ഹ് ഗസല്‍ അവതാരകരായ ഉവൈസ് റസാ ഖാദിരി, മുസ്തഫ ആതിഫ് ഈജിപ്ത്, ശൈഖ് ഷുഹൈബ് ഹുസൈനി ഇറാഖ്, ശൈഖ് ഹമദി മഖ്ദൂമി സിറിയ പ്രകീര്‍ത്തനം അവതരിപ്പിച്ചു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്, കേരള മുസ്ലിം ജമാഅത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ബുഖാരി, ശൈഖ് മുഹമ്മദ് അവ്വാം സിറിയ, ചെച്നിയന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് സലാഹ് മസീവ്, ശൈഖ് ഉസാമ രിഫാഈ ലബനാന്, ഡോ ഹിശാം ഖരീസ ടുണീഷ്യ, ശൈഖ് ഉസാമ മുന്‍സി അല്‍ ഹസനി മക്ക, ശൈഖ് മുഹമ്മദ് അല്‍ യാഖൂബി മൊറോക്കോ, ശൈഖ് അബ്ദുല്‍ അസീസ് ഖതീബ് ഹസനി, ശൈഖ് അബ്ദുറഹ്മാന് റഹൂഫ് യമാനി ചൈന, ഷൈഖ് ഔന് ഖദ്ദൂമി ജോര്‍ദാന്‍, ശൈഖ് ഫൈസല്‍ അബ്ദു റസാഖ് കാനഡ, ശൈഖ് അബു ഇസ്ലാം സ്വീഡന്, ശൈഖ് മുഹമ്മദ് അബ്ദുല്ല ബ്രസീല്‍, ശൈഖ് അബ്ദുല്‍ വാഹിദ് ഡെന്മാര്ക്ക്, ശൈഖ് മുഹമ്മദ് ബിസ്താരി അല്‍ബേനിയ, ശൈഖ് മഹമൂദ് അബ്ദുല്‍ ബാരി സോമാലിയ, ശൈഖ് അഹ്മദ് നയോകി ജപ്പാന്, ശൈഖ് മുഹമ്മദ് അബ്ദുറഹ്മാന് തായ്ലന്ഡ്, ഡോ. ശിഹാബുദ്ധീന്‍ ഗൂസനോവ് ദാഗിസ്താന്‍ എന്നീ പണ്ഡിതര്‍ സമ്മേളനത്തില്‍ പ്രഭാഷണങ്ങള്‍ നടത്തി.
മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി സ്വാഗതവും ഹാഫിസ് അബൂബക്കര്‍ സഖാഫി പന്നൂര് നന്ദിയും പറഞ്ഞു.