അറബ്-കേരളീയ ബന്ധം വിശകലനം ചെയ്ത് മര്‍കസ് അന്താരാഷ്ട്ര സെമിനാര്‍

0
254
SHARE THE NEWS

കോഴിക്കോട്: അറബ് രാജ്യങ്ങളും കേരളവും തമ്മിലുള്ള ഭാഷാപരവും സാംസ്‌കാരികവുമായ ബന്ധങ്ങള്‍ വിശകലനം ചെയ്തു മര്‍കസ് സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ സമാപിച്ചു. ലോക അറബി ഭാഷാദിനത്തിന്റെ ഭാഗമായി നടത്തിയ സെമിനാര്‍ ഷാര്‍ജ അല്‍ ഖാസിമിയ്യ യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. റശാദ് മുഹമ്മദ് സാലിം ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വൈജ്ഞാനിക വ്യവഹാരങ്ങളെയും നാഗരിക മുന്നേറ്റങ്ങളെയും ശക്തിപ്പെടുത്തുന്നതില്‍ ഏറ്റവും പ്രധാന പങ്കുവഹിച്ച ഭാഷയാണ് അറബിയെന്നു അദ്ദേഹം പറഞ്ഞു. അറബ് ഭാഷയുടെ തനത് രൂപം ഇപ്പോഴും മനോഹരമായി ഉപയോഗിക്കുന്നവരാണ് മലയാളികള്‍. അറബ് ലോകത്തും പുറത്തും മികച്ച തൊഴിലുകള്‍ നേടാന്‍ അറബിയില്‍ ചെറുപ്പത്തിലേ നേടുന്ന കഴിവ് കേരളത്തില്‍ നിന്നുള്ളവരെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മര്‍കസില്‍ നിന്നുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഷാര്‍ജ അല്‍ ഖാസിമിയ്യ യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പോടെ അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. അറബി ഭാഷാ പഠനം മലയാളികളുടെ ലോകയാത്രകള്‍ക്ക് സഹായിച്ചിട്ടുണ്ടെന്നും, സാക്ഷരതാ മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകര്‍ന്നിട്ടുണ്ടെന്നും മര്‍കസ് നോളജ് സിറ്റിയില്‍ അറബ് ഭാഷയെ ഏറ്റവും ആധുനികമായ പ്രകാരത്തില്‍ കൈകാര്യം ചെയ്യുന്ന പണ്ഡിതസമൂഹം രൂപപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അറബ് ലോകവും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക-വൈജ്ഞാനിക ആദാന പ്രദാനങ്ങള്‍ക്ക് മര്‍കസും നോളജ് സിറ്റിയും പ്രധാനമായ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കാന്തപുരം പറഞ്ഞു. യു.എ.ഇ എഴുത്തുകാരന്‍ അഹ്മദ് ഇബ്രാഹീം, യു.എ.ഇ മര്‍കസ് അക്കാദമിക കോഡിനേറ്റര്‍ ഡോ അബ്ദുന്നാസര്‍ വാണിയമ്പലം എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന അറബി പഠനത്തിന്റ വിവിധ രീതി ശാസ്ത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ അബ്ദുല്‍ ബസ്വീര്‍ സഖാഫി പിലാക്കല്‍, ആസഫ് മുഹമ്മദ് നൂറാനി വരപ്പാറ എന്നിവര്‍ സംസാരിച്ചു.


SHARE THE NEWS