മര്‍കസ് ദേശീയ സഹിഷ്ണുതാ സമ്മേളനം സമാപിച്ചു

0
585
മര്‍കസ് സംഘടിപ്പിച്ച ദേശീയ സഹിഷ്ണുതാ സമ്മേളനത്തില്‍ ബാഗ്ദാദ് ശൈഖ് ജീലാനി ദര്‍ഗ ശരീഫിലെ ഇമാമും ഇറാഖി യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. അനസ് മഹ്മൂദ് ഈസാവി, ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും സംസാരിക്കുന്നു.
SHARE THE NEWS

കോഴിക്കോട്: ഇന്ത്യയുടെ അഖണ്ഡതയെ സംരക്ഷിക്കുന്ന ഭരണഘടനയെ പരിപാവനമായി കാത്തുസൂക്ഷിക്കേണ്ടത് രാജ്യത്തെ ഭരണകൂടങ്ങളുടെയും പൗരന്മാരുടെയും ബാധ്യതയാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസില്‍ ശൈഖ് ജീലാനി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയ സഹിഷ്ണുതാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലതരം സംസ്‌കാരങ്ങളും മതങ്ങളുമായിട്ടും വളരെ സൗഹൃദത്തോടെ ജീവിക്കുന്ന നാടാണ് നമ്മുടേത്. ഒരിന്ത്യക്കാരന് ലോകത്തെവിടെ ചെന്നാലും ലഭിക്കുന്ന സ്വീകാര്യത സഹിഷ്ണുത നാട്ടിലെ പ്രതിനിധിയെന്ന നിലയിലാണ്. ആ പാരമ്പര്യം കോട്ടം തട്ടാതെ നിലനിറുത്തണമെന്നും കാന്തപുരം പറഞ്ഞു. ബാഗ്ദാദ് ശൈഖ് ജീലാനി ദര്‍ഗ ശരീഫിലെ ഇമാമും ഇറാഖി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ ഡോ. അനസ് മഹമൂദ് ഈസാവി മുഖ്യാതിഥിയായിരുന്നു. എല്ലാവര്‍ക്കും നന്മ ചെയ്യാനും അങ്ങനെ ജീവിതം പ്രകാശിപ്പിക്കാനും കഴിഞ്ഞവരായിരുന്നു സൂഫികള്‍ എന്നും ഇസ്ലാം മുന്നോട്ടു വെക്കുന്ന മാനവിക ദര്‍ശനത്തെ അവര്‍ മഹത്തരമായി സമൂഹത്തില്‍ അവതരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ സ്വാധീനം ഏറ്റവും കൂടുതല്‍ ഉണ്ടായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പ്രമുഖ മുസ്ലിം യുവ പണ്ഡിതനായ ശൈഖ് സാഖിബ് ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തങ്ങളില്‍ ലോകത്തെ മുസ്ലിം നേതാക്കള്‍ മാതൃക കാണുന്നുവെന്നും അഭിമാനകരമായ വിദ്യഭ്യാസ അസ്തിത്വം പണിയാന്‍ അദ്ദേഹത്തിന് സാധിച്ചത് ഏറെ സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Subscribe to my YouTube Channel

സയ്യിദ് അലി ബാഫഖി പ്രാര്‍ത്ഥന നടത്തി. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രധാന സുന്നി പണ്ഡിതന്മാരായ ജയ്പൂര്‍ മുഫ്തി മൗലാന ഖാലിദ് അയ്യൂബി, അജ്മീര്‍ ശരീഫിലെ അല്ലാമാ മെഹ്ദി മിയാ ചിശ്തി, ഡോ ശമീം അഹ്മദ് മുനാമി പാറ്റ്‌ന, സിയാഉദ്ധീന്‍ നഖ്ശബന്ധി, ഹസ്രത്ത് അല്ലാമാ മെഹ്ദി മിയ, മൗലാനാ ഖാലിദ് അയ്യൂബി മിസ്ബാഹി എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ഷെയ്ഖ് മുഹിയുദ്ധീന്‍ ജീലാനിയുടെ പേരിലുള്ള മൗലിദ് പാരായണവും പരിപാടിയില്‍ നടന്നു.

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ധീന്‍ മുത്തനൂര്‍ സമാപന പ്രാര്‍ത്ഥന നടത്തി. ഷാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം സ്വാഗതവും ശിഹാബ് സഖാഫി പെരുമ്പിലാവ് നന്ദിയും പറഞ്ഞു.


SHARE THE NEWS