എൻ.ഇ.പി രാജ്യത്തിന്റെ വൈവിധ്യത്തെ ഉൾക്കൊള്ളണം: മർകസ് ദേശീയ സെമിനാർ

0
405
SHARE THE NEWS

കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യയിലെ എല്ലാ സാമൂഹിക ഭാഷാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന വിധത്തിലും അന്താരാഷ്ട്ര നിലവാരത്തിലും വിപുലീകരിക്കണമെന്നു മർകസ് സംഘടിപ്പിച്ച ‘എൻ.ഇ.പി 2020 : വിദ്യാഭ്യാസ രംഗത്തു രൂപപ്പെടുത്തുന്ന മാറ്റങ്ങൾ’ എന്ന ശീർഷത്തിലുള്ള ദ്വിദിന ദേശീയ സെമിനാർ അഭിപ്രായപ്പെട്ടു. നിലവിൽ തയ്യാറാക്കപ്പെട്ട നയത്തിന് പരിമിതികളുണ്ട്. സംസ്കൃത ഭാഷയെ പരാമർശിച്ച പോളിസിയിൽ ജനകീയമായ ഉർദുവിനെയോ ആഴമുള്ള പാരമ്പര്യമുള്ള ബംഗാളി ഭാഷയോ പരാമർശിക്കപ്പെട്ടില്ല. ജനാധിപത്യം ശക്തമായ ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തു, ആവശ ജനവിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഭാവിയെ കരുതലോടെ കാണുന്ന നയമാണ് ആവിഷ്കരിക്കേണ്ടത്. എന്നാൽ, പുതിയ നയത്തിൽ പല ഭാഗത്തും വിദ്യാഭ്യാസ രംഗത്തു സ്വകാര്യ മൂലധനത്തെ പ്രോത്സാഹിപ്പിക്കുയും, സർക്കാറിന്റെ വിവിധ സേവനങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്യുമെന്നുമുള്ള സൂചനകൾ ഉണ്ട്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളായ മതേതരത്വം, സോഷ്യലിസം പോലുള്ള പദങ്ങൾ പോലും പോളിസിയിൽ ഒരിടത്തും പരാമർശിക്കപ്പെട്ടിട്ടില്ല. നമ്മുടെ ജനാധിപത്യത്തെ പുഷ്ഠിപ്പെടുത്തുന്ന വിധത്തിൽ, ലോകത്തിനു മുഴുവൻ മാതൃകയാക്കാവുന്ന ഒരു വിദ്യാഭ്യാസ പോളിസിയാണ് ഇന്ത്യ മുന്നോട്ടു വെക്കേണ്ടത്. അതിനാൽ തന്നെ, കൃത്യതയും ഇന്ത്യയുടെ സാംസ്‌കാരിക ബഹുത്വവും അടയാളപ്പെടുത്തുന്ന വിധത്തിൽ ഈ നയം വിശാലമാക്കണം: സെമിനാർ അഭിപ്രായപ്പെട്ടു.

ജെ.എൻ.യു സാക്കിർ ഹുസ്സൈൻ സെന്റർ ഫോർ എജുക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ.സുരേഷ് ബാബു ,എൻ.സി.ഇ.ആർ.ടി മുൻ കരിക്കുലം തലവൻ പ്രൊഫ എം.എ ഖാദിർ, ഡൽഹി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. യാസർ അറഫാത്ത് , ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ.പി മനോജ് , മർകസ് ശരീഅ സിറ്റി അക്കാദമിക് ഡയറക്ടർ ഡോ.ഉമറുൽ ഫാറൂഖ് എന്നിവർ പ്രഭാഷണം നടത്തി. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖം അവതരിപ്പിച്ചു. മലയാളം യൂണിവേഴ്‌സിറ്റി മുൻ രജിസ്ട്രാർ പ്രൊഫ ഉമർ ഫാറൂഖ് മോഡറേറ്ററായി.

Subscribe to my YouTube Channel
Subscribe to my YouTube Channel

SHARE THE NEWS