ഓൺലൈനിൽ പങ്കെടുത്തത് പതിനായിരങ്ങൾ; മർകസ് റമസാൻ ആത്മീയ സമ്മേളനത്തിന് പ്രൗഢസമാപ്തി

0
227
SHARE THE NEWS

കോഴിക്കോട്: വിശുദ്ധ റമളാനിലെ ലൈലതുൽ ഖദർ പ്രതീക്ഷിക്കപ്പെടുന്ന ഇരുപത്തിയഞ്ചാം രാവിൽ മർകസിൽ നടന്ന ആത്മീയ സമ്മേളനത്തിൽ ഓൺലൈനിൽ സംബന്ധിച്ചത് പതിനായിരങ്ങൾ. കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചു നടത്തിയ സമ്മേളനം കോവിഡ് അതിരൂക്ഷമായ ഈ സമയത്ത് വിശ്വാസികൾക്കുള്ള ബോധവത്കരണം കൂടിയായി.

മനുഷ്യന്റെ സ്വന്തം ശരീരത്തെയും മറ്റുള്ളവരെയും ഹാനികരമായ അവസ്ഥ നേരിടുന്നതിൽ നിന്ന് സംരക്ഷിക്കണമെന്നും, അതിനാൽ സർക്കാറിന്റെ കോവിഡ് നിയന്ത്രണ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രതിസന്ധികളും പരീക്ഷണങ്ങളും കടന്നുവരുമ്പോൾ കൂടുതൽ പ്രാർത്ഥനാനിരതമാകാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അതിനാൽ റമസാനിലെ അവസാനത്തെ പത്തിലെ ഏറ്റവും വിശിഷ്‌ടമായ ഈ ദിനരാത്രങ്ങളിൽ വിശ്വാസികൾ പ്രാർഥനക്കും ഭക്‌തി വർദ്ധിപ്പിക്കുന്ന കർമ്മങ്ങൾക്കും മുൻഗണന നൽകണം. ദാന ധർമങ്ങളിൽ സജീവമാകണം. നമുക്ക് ചുറ്റുമുള്ള പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പണം. കോവിഡ് നിയന്ത്രണം കര്ശനമാക്കിയ ഈ ഘട്ടത്തിൽ വളരെ സൂക്ഷിച്ചുവേണം വിശ്വാസികളുടെ വ്യവഹാരങ്ങളെന്നും കാന്തപുരം പറഞ്ഞു. എല്ലാവരും ജാഗ്രത പുലർത്തിയാലേ ഇപ്പോൾ വന്ന പ്രതിസന്ധിയെ വേഗത്തിൽ മറികടക്കാൻ കഴിയുകയുള്ളൂ. പ്രതിരോധ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും യുവാക്കൾ മുന്നിട്ടിറങ്ങുകയും വേണം : കാന്തപുരം പറഞ്ഞു.

മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നിർവ്വഹിച്ചു. രാത്രി 9 മണി മുതൽ 2 വരെ നടന്ന ചടങ്ങിൽ തൗബ, ഇസ്തിഗ്ഫാർ, സ്വലാത്ത്, തഹ്‌ലീൽ സമാപന പ്രാർത്ഥന എന്നിവ നടന്നു. സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, സി മുഹമ്മദ് ഫൈസി, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സി പി ഉബൈദുല്ല സഖാഫി സ്വാഗതവും ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ നന്ദിയും പറഞ്ഞു.

Subscribe to my YouTube Channel

SHARE THE NEWS