മുഹിയുദ്ധീൻ മാല: മനഃപാഠ മത്സരം സംഘടിപ്പിക്കുന്നു

0
1069
SHARE THE NEWS

കോഴിക്കോട്: കേരളീയ മുസ്‌ലിംകളുടെ മതപരവും സാഹിതീയവുമായ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ മുഹിയുദ്ധീൻ മാലയുടെ മനഃപാഠ മത്സരം സംഘടിപ്പിക്കുന്നു. മർകസു സഖാഫത്തി സുന്നിയ്യയുടെ ആഭിമുഖ്യത്തിൽ മുഹിയുദ്ധീൻ ശൈഖിന്റെ ആണ്ടു മാസമായ റബീഉൽ ആഖറിൽ സംഘടിപ്പിക്കുന്ന മത്സരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 90,000 (തൊണ്ണൂറായിരം) രൂപ,  40,000 (നാല്പതിനായിരം) രൂപ,  25,000 (ഇരുപത്തിഅയ്യായിരം) രൂപ  ക്യാഷ് പ്രൈസും പത്തുപേർക്ക് പതിനായിരം രൂപ വീതം പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്.

കേരളത്തിന്റെ സംസ്‌കാര സാഹിത്യ ചരിത്രത്തിൽ ആഴമുള്ള സ്വാധീനം ചെലുത്തിയ മുഹിയുദ്ധീൻ മാല രചിച്ചത് കോഴിക്കോട് ഖാളിയായിരുന്ന ഖാളി മുഹമ്മദാണ്. മുഹിയുദ്ധീൻ ശൈഖിന്റെ അപദാനങ്ങളുൾക്കൊള്ളുന്ന ഈ കവിതയുടെ സമകാലിക വായനകളും പഠനങ്ങളും പാരായണങ്ങളും മുസ്‌ലിംകൾക്കിടയിൽ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയുടെ അനുബന്ധമായിപാരായണ മത്സരം, ഓപ്പൺ ടോക്ക്, പ്രശ്‌നോത്തരി,  പുസ്തക രചന, ഡോക്യൂമെന്ററി നിർമ്മാണം എന്നീ വിഭാഗങ്ങളിലുള്ള മത്സരങ്ങളും നടക്കും.

പുരുഷന്മാർക്കും സ്‌ത്രീകൾക്കും വെവ്വേറെ നടക്കുന്ന  മനഃപാഠ മത്സരം, മൂന്നു ഘട്ടങ്ങളിലാണ് അരങ്ങേറുക. വിദഗ്ദരായ പരിശീലനം ലഭിച്ച  വിധികർത്താക്കൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതൃത്വം നൽകും. ഫൈനൽ മത്സരം മർകസിൽ പ്രത്യകം തയ്യറാക്കിയ വേദിയിൽ നടക്കും. മനഃപാഠ മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ https://www.markaz.in/registration/ ഇൽ നൽകിയ ഫോമിൽ ജൂലൈ 20-നകം  രജിസ്റ്റർ ചെയ്യേണ്ടതാണ്.അനുബന്ധ മത്സരങ്ങളുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

Contact: 9072 500 434


SHARE THE NEWS