ശൈഖ് ജീലാനി അനുസ്മരണവും ദേശീയ സഹിഷ്ണുതാ സമ്മേളനവും നവംബര്‍ 26ന്

0
158

കോഴിക്കോട്: ലോകത്തെ ഇസ്ലാമിക ആത്മീയ രംഗത്തെ ഉന്നത സ്ഥാനീയരായ ശൈഖ് മുഹ്യിദ്ധീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) അനുസ്മരണവും ദേശീയ സഹിഷ്ണുതാ സമ്മേളനവും ഈ മാസം 26 വ്യാഴം മര്‍കസില്‍ നടക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെ പ്രമുഖരായ ഇസ്ലാമിക ആധ്യാത്മിക പണ്ഡിതന്മാരും മത സാമൂഹിക നേതാക്കളും പങ്കെടുക്കും. റബീഉല്‍ ആഖര്‍ 10ന് (26.11.2020) വൈകുന്നേരം 6.30 മുതലാണ് സമ്മേളനം നടക്കുക. ശൈഖ് ജീലാനിയുടെ അപദാനങ്ങള്‍ വിവരിക്കുന്ന നഅ്തുകള്‍ ആലപിക്കാന്‍ ദേശീയ രംഗത്തെ പ്രമുഖരായ സൂഫി ഗസല്‍ സംഘങ്ങള്‍ നേതൃത്വം നല്‍കും.

പാരസ്പര വിശ്വാസവും സമാധാന സമീപനങ്ങളും വിനഷ്ടമായികൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ സൂഫിസം മുന്നോട്ടു വെക്കുന്ന സഹിഷ്ണുതാപരമായ സമീപനങ്ങള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്കു വിനിമയം ചെയ്യുകയെന്നതാണ് സമ്മേളനം ലക്ഷ്യമാക്കുന്നത്. ശൈഖ് മുഹിയുദ്ധീന്‍ ജീലാനി മുന്നോട്ട് വെച്ച ദര്‍ശനങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും സമ്മേളനത്തിലെ പ്രഭാഷണങ്ങള്‍.

ഇന്ത്യയിലെ മുസ്ലിം സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദിമാക്കിയുള്ള കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നയപ്രഖ്യാപന പ്രഭാഷണവും സമ്മേളനത്തില്‍ നടക്കും. ബാഗ്ദാദ് ശൈഖ് ജീലാനി ദര്‍ഗ ശരീഫിലെ ഇമാമും ഇറാഖി യൂണിവേഴ്സിറ്റിയിലെ പ്രഫസറുമായ ഡോ. അനസ് മഹമൂദ് ഈസാവി മുഖ്യാതിഥിയായിരിക്കും. കോവിഡ് പാശ്ചാത്തലത്തില്‍ യൂട്യൂബിലൂടെയായിരിക്കും പരിപാടി സംപ്രേക്ഷണം ചെയ്യുക.