കരിപ്പൂര്‍ എയര്‍പോര്‍ട്ട് ജനകീയമാക്കുക: മര്‍കസ് ഗള്‍ഫ് സംഗമം

0
476

കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷാ ജീവനക്കാരും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും പ്രവാസികളോട് പെരുമാറുന്നത് ക്രിമിനല്‍ കുറ്റവാളികളോടുള്ള സമീപനമാണെന്നും റണ്‍വേ നവീകരണത്തിന്റെ പേരില്‍ സമയം മാറ്റിയപ്പോഴും നിലവിലുണ്ടായിരുന്ന എല്ലാ സെക്ടറുകളിലേക്കും സ്വദേശ, വിദേശ വിമാനങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ കരിപ്പൂരിലൂടെ യാത്രചെയ്യുന്ന പ്രവാസികളും ഹജ്ജ്, ഉംറ തീര്‍ഥാടകരും ഉപയോഗപ്പെടുത്തിയിരുന്ന വിമാനം നിലനിര്‍ത്താതെ സഊദിയിലേക്കുള്ള കവാടം കൊട്ടിയടച്ചതിന്റെ പിന്നില്‍ പല ലോബികളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മര്‍കസില്‍ നടന്ന സഊദി ഗള്‍ഫ് സംഗമം അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായാണ് ഹജ്ജ് ക്യാമ്പും കൊച്ചിയിലേക്ക് മാറ്റിയതെന്നും ഇക്കാര്യത്തില്‍ കേരള സര്‍ക്കാറും സമുദായ നേതാക്കളും പ്രവാസി സംഘടനകളും ജാഗ്രത കാണിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. മര്‍കസ് റൈഹാന്‍വാലി ഓഡിറ്റോറിയത്തില്‍ സംഗമം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. വി പി എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ഇബ്‌റാഹീം ബാഫഖി, അബ്ദുര്‍റഹ്മാന്‍ സഖാഫി, വി പി കെ ഹാജി, തറയിട്ടാല്‍ ഹസന്‍ സഖാഫി, മര്‍സൂഖ് സഅദി, കൗസര്‍ സഖാഫി, ബഷീര്‍ സഖാഫി സംബന്ധിച്ചു. ഉബൈദുല്ല സഖാഫി സ്വാഗതവും നൗഷാദ് സഖാഫി നന്ദിയും പറഞ്ഞു.