ഡല്‍ഹി കലാപം: ഇരകള്‍ക്ക് പുതുജീവിതം നല്‍കി മര്‍കസിന്റെ ഉന്തുവണ്ടി സമ്മാനം

0
631
SHARE THE NEWS

ന്യൂഡല്‍ഹി: ജാഫറാബാദിലെ ഇഫ്തികാര്‍ ഹുസൈന്‍ ഒരാഴ്ചയായി സങ്കടക്കടലിലാണ്. ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബത്തിന്റെ അന്നത്തിനു വക കണ്ടെത്തിയിരുന്നത് തെരുവില്‍ പഴവില്‍പന നടത്തിയിരുന്ന ഉന്തുവണ്ടി വഴിയായിരുന്നു. കലാപകാരികളുടെ ഇരച്ചിലില്‍ പഴംപോലും മാറ്റിവെക്കാനായില്ല അദ്ദേഹത്തിന്. എല്ലാമുപേക്ഷിച്ചു കുടുംബത്തെയും കൂട്ടി ഓടുകയായിരുന്നു. പിന്നീട് ചിത്രങ്ങളില്‍ കണ്ടത് ചാരമായ തന്റെ ജീവനോപാധിയാണ്.

കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇനിയെന്ത് എന്ന ചിന്തയില്‍ വിങ്ങിനില്‍ക്കുമ്പോഴാണ് കോഴിക്കോട് മര്‍കസിന്റെ പ്രതിനിധികള്‍ വീട്ടിലെത്തുന്നത്. ഇഫ്തികാര്‍ മുറ്റത്തിറങ്ങി നോക്കുമ്പോള്‍ കണ്ടത്, തന്റെ പഴയ ഉന്തുവണ്ടിയേക്കാള്‍ മനോഹരമായ ഒന്ന് സമ്മാനിക്കാന്‍ എത്തിയതാണ് അവര്‍. സങ്കടങ്ങളിക്കിടയിലും ആഹ്ലാദത്തിന്റെ മന്ദസ്മിതം വിരിഞ്ഞു ഇഫ്തികാറിന്റെ മുഖത്ത്. നാളെ മുതല്‍ ജാഫറാബാദ് തെരുവില്‍ പഴക്കച്ചവടം പുനരാരംഭിക്കുകയാണ് ഇഫ്തികാര്‍.

കലാപം നടന്ന സ്ഥലങ്ങളിലെല്ലാം മുസ്ലിംകള്‍ പ്രധാനമായി വരുമാനമായി കണ്ടിരുന്നത് തെരുവ് കച്ചവടങ്ങളാണ്. 15 ഉന്തുവണ്ടികളാണ് മര്‍കസ് പ്രാഥമിക ഘട്ടത്തില്‍ സമ്മാനിക്കുന്നത്. ഓരോ പ്രദേശത്തിന്റെയും നഷ്ടത്തിന്റെ കണക്ക് എടുക്കുകയാണ് മര്‍കസ് ഡല്‍ഹി ഓഫീസ് പ്രതിനിധികള്‍. വീടുകളുടെയും കടകളുടെയും കേടുപാടുകള്‍ തീര്‍ത്തു കൊടുക്കല്‍, വസ്ത്ര-പാത്ര വിതരണം, ഓരോ കുടുംബത്തിനും ആവശ്യമായ ഭക്ഷ്യധാന്യ വിതരണം, വിദ്യാഭ്യാസ ഉപകരണങ്ങള്‍ നല്‍കല്‍ എന്നിവയും മര്‍കസ് നിലവില്‍ നടത്തിവരുന്നു. പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ട വീടുകള്‍ നിര്‍മിക്കാനുള്ള വിശാലമായ പ്രൊജക്ടും മര്‍കസ് രൂപീകരിച്ചു കഴിഞ്ഞുവെന്ന് മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി അറിയിച്ചു.

ഉന്തുവണ്ടി വിതരണത്തിന് ജാഫറാബാദ് എം.എല്‍.എ അബ്ദുറഹ്മാന്‍ നേതൃത്വം നല്‍കി. ജാഫറാബാദ് നഗരസഭാ കൗണ്‍സിലര്‍ ഹാജി അഫ്സല്‍, മുഹമ്മദ് ശാഫി നൂറാനി, മുഹമ്മദ് സാദിഖ് നൂറാനി, നൗഫല്‍ ഖുദ്റാന്‍, നൗശാദ് സഖാഫി, മൗലാന ഖാരി സഗീര്‍, മൗലാനാ ഫൈറൂസ് സംബന്ധിച്ചു.


SHARE THE NEWS