അബുദാബി: അബുദാബി റീം ഐലൻഡിൽ സ്ട്രക്കോൺ കൺസ്ട്രക്ഷൻ കമ്പനിയിലെ ഇന്ത്യക്കാർ ഉൾപെടെ വിവിധ രാജ്യക്കാരായ 350 തൊഴിലാളികൾക്ക് മർകസ് ഹെൽപ് ഡെസ്ക് സഹായം എത്തിച്ചു. ഈ കമ്പനിയിലെ മൂന്നു മലയാളികൾ അടക്കം 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് പരിഭ്രാന്തരായ മറ്റു തൊഴിലാളികളുടെ പ്രയാസം മർകസ് ഹെൽപ് ഡെസ്ക് കമ്മ്യൂണിക്കേഷൻ മാനേജർ മുനീർ പാണ്ട്യാല ഇന്ത്യൻ എംബസിയെയും വിദേശകാര്യ മന്ത്രാലയത്തെയും അറിയിച്ചിരുന്നു. തൊഴിലാളികളെ മാറ്റി പാർപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ വിദേശകാര്യമന്ത്രാലയം എംബസിയെ ചുമതല പെടുത്തി. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ട മൂന്നു പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി കമ്പനി അധികൃതർ അറിയിച്ചു. കാര്യമായ രോഗലക്ഷണം കാണിക്കാത്ത കോവിഡ് ബാധിതരെ പ്രത്യേക മുറികളിലേക്കു മാറ്റി ക്വാറന്റീൻ ചെയ്തിട്ടുണ്ട്. മറ്റു തൊഴിലാളികളെ ലേബർ ക്യാംപിൽ തന്നെ മറ്റു മുറികളിലായി പാർപ്പിച്ചിരിക്കുകയാണ്. പരിമിതമായ പൊതു ശുചിമുറിയും അടുക്കളയും ഉപയോഗിക്കുന്നതിനാൽ രോഗം പകരുമോ എന്ന വേവലാതിയാണ് ഇതര തൊഴിലാളികൾ. മലയാളിയുടെയും മുംബൈക്കാരന്റെയും ഉടമസ്ഥതയിലുള്ളതാണ് നിർമാണ കമ്പനി. നാട്ടിലുള്ള ഉടമകൾക്ക് യാത്രാ നിയന്ത്രണം മൂലം തിരിച്ചെത്താൻ സാധിച്ചിട്ടില്ല.