പ്രവാസികളെ ക്വാറന്റൈൻ ചെയ്യാൻ മർകസ് സ്ഥപനങ്ങൾ വിട്ടുനൽകും: കാന്തപുരം

0
3746
SHARE THE NEWS

കോഴിക്കോട്: പ്രവാസി മലയാളികളെ ക്വാറന്റൈൻ ചെയ്യാൻ മർകസ് സ്ഥാപനങ്ങളും സുന്നി സ്ഥാപന സമുച്ചയങ്ങളും  വിട്ടുനൽകുമെന്നും, ആവശ്യമായ പരിചരണവും ആരോഗ്യ സഹായവും എസ്.വൈ.എസ് സാന്ത്വനം വളണ്ടിയർമാരെ ഉപയോഗിച്ച് നൽകുമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രസ്താവനയിൽ പറഞ്ഞു.  

കേരളത്തിന്റെ വൈജ്ഞാനിക സാമൂഹിക പുരോഗതിക്കു തുല്യതയില്ലാത്ത സംഭാവന നൽകിയവരാണ് ഗൾഫ് പ്രവാസികൾ. കോവിഡ് 19 ഗൾഫ് രാജ്യങ്ങളിൽ വ്യാപിക്കുന്ന ഈ ഘട്ടത്തിൽ അവരിൽ പലരും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരാണ്. ലോക് ഡൌൺ കഴിയുന്ന ഉടനെ  പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ ഉള്ള നടപടികൾ വേണമെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും കാന്തപുരം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിലും പ്രവാസികളുടെ കാര്യം ഏറ്റവും പ്രധാനമായി പരിഗണിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും, പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ഇത് ഉന്നയിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും  കാന്തപുരം പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ, വിവിധ ഗൾഫ് രാജ്യങ്ങളിലെ വ്യാവസായിക –  സാമൂഹിക -സാംസ്‌കാരിക നേതാക്കളുടെ കൂട്ടമായ പരിശ്രമത്തോടെ പ്രവാസികൾക്ക് ആവശ്യമായ സംരക്ഷണം ഉറപ്പു നൽകണം. അവിടെ പര്യാപ്തമായ സ്ഥലങ്ങളിൽ  പെട്ടെന്ന് ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കണം. പ്രവാസി ഇന്ത്യക്കാർക്ക് സുരക്ഷ ഉറപ്പു വരുത്താൻ ആവശ്യപ്പെട്ടു വിവിധ അറബ് രാഷ്ട്രങ്ങളുടെ ഭരണാധികാരികളുമായും ഇന്ത്യൻ എംബസി അംബാസിഡർമാരുമായും മലയാളി പ്രമുഖരുമായും  ബന്ധപ്പെട്ടു വരികയാണെന്നും കാന്തപുരം പറഞ്ഞു. മികച്ച സംവിധാനങ്ങളും പ്രവാസികളെ ഉൾക്കൊള്ളുന്ന നല്ല ഭരണാധികാരികളും ഉള്ളതിനാൽ ഗൾഫ് രാഷ്രങ്ങൾക്ക് ഈ പ്രതിസന്ധിയെ പെട്ടെന്ന് മറികടക്കാനാവും എന്ന പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.


SHARE THE NEWS