മലേഷ്യയില്‍ മര്‍കസ്‌ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു

0
570

കോലാലംപൂര്‍: മര്‍കസ്‌ നടത്തിവരുന്ന വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മലേഷ്യയില്‍ വ്യാപിപ്പിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ നൂതനമായ പദ്ധതികളുമായാണ്‌ മര്‍കസ്‌ ക്യാമ്പസ്‌ മലേഷ്യയില്‍ നിലവില്‍ വരുന്നത്‌. മലേഷ്യയിലെ വിവിധ മുസ്‌ലിം സംഘടനകളുടെയും കമ്മിറ്റികളുടെയും സഹകരണത്തോടെ മസ്‌ജിദുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ പദ്ധതികള്‍ മര്‍കസ്‌ നടപ്പിലാക്കുന്നത്‌.
പദ്ധതിയുടെ ഭാഗമായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, മര്‍കസ്‌ ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി എന്നിവര്‍ മലേഷ്യയിലെത്തി. വിവിധ മുസ്‌ലിം സംഘടനകളുടെ നേതാക്കളുമായും സര്‍ക്കാര്‍ പ്രതിനിധികളുമായും കാന്തപുരം ചര്‍ച്ച നടത്തി.
തെരന്‍ഗനു സ്റ്റേറ്റ്‌ ഇസ്‌ലാമിക്‌ അഫേഴ്‌സ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ആഗോളപ്രശസ്‌ത ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ്‌ ഹബീബ്‌ അബൂബക്കര്‍ മുഖ്യാതിഥിയായി. സര്‍വകലാശാലകളില്‍ നിന്നുള്ള മുന്നൂറ്‌ പണ്ഡിതന്മാര്‍ സംബന്ധിച്ചു. തെരന്‍ഗനു ഇസ്‌ലാമിക വകുപ്പ്‌ മേധാവി ഡോ.ഖമര്‍ അര്‍ഫീന്‍, റബത്‌ ജീല്‍ ഡയറക്ടര്‍ ഡോ.നിയാസ്‌, ഡോ.അബ്ദുല്‍ ഹകീം അസ്‌ഹരി എന്നിവര്‍ പ്രസംഗിച്ചു.
മേലക, സെഗാമത്‌, സബാഹ്‌, പുത്രജയ എന്നിവിടങ്ങളില്‍ മര്‍കസ്‌ സംഘത്തിന്‌ സ്വീകരണം നല്‍കി. വിവിധ പരിപാടികളില്‍ ദാത്തോ ഹാജി നൂഹ്‌ ബിന്‍ ഗദുത്ത്‌, ശൈഖ്‌ സുലൈമാന്‍ ബിന്‍ മൈദിന്‍, മുഹമ്മദ്‌ ബഷീര്‍ നൂറാനി, ഖമറുദ്ധീന്‍ സഖാഫി സംബന്ധിച്ചു.
നാളെ (വെള്ളി) കോലാലംപൂരില്‍ നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ കാന്തപുരം പങ്കെടുക്കും. അല്‍ വാരിസീന്‍ ട്രസ്റ്റ്‌ സംഘടിപ്പിക്കുന്ന ചടങ്ങിലും അദ്ദേഹം സംബന്ധിക്കും. ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ മലേഷ്യയുമായി നേരത്തെ മര്‍കസ്‌ അക്കാദമിക ധാരണയില്‍ ഒപ്പുവെച്ചിട്ടുണ്ട്‌.