മര്‍കസ് ദേശീയ ഫെസ്റ്റ് അവനോക്‌സിന് പ്രൗഢ പരിസമാപ്തി

0
904
എസ്.എസ്.എഫ്. ദേശീയ വൈ.പ്രസിഡന്റ് നൗഷാദ് ആലം മിസ്ബാഹി സന്ദേശ പ്രഭാഷണം നടത്തുന്നു
SHARE THE NEWS

കൊല്‍ക്കത്ത: പൂനൂര്‍ മര്‍കസ് ഗാര്‍ഡനു കീഴില്‍ ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ദേശീയ സര്‍ഗ്ഗോത്സവം ‘മര്‍കസ് അവനോക്‌സ്’ നു കൊല്‍ക്കത്ത തൈ്വബ ഗാര്‍ഡനില്‍ പ്രൗഢ സമാപ്തി. രണ്ട് ദിവസം നീണ്ടു നിന്ന പരിപാടിയില്‍ സൗത്ത് ഇന്ത്യക്കു പുറമെ ബംഗാള്‍, ഹരിയാന, രാജസ്ഥാന്‍, ഒറീസ, ജാര്‍ഖണ്ട്, ഡല്‍ഹി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങളിലായി പങ്കെടുത്തു. ബംഗാള്‍ കുടില്‍ മാതൃകയുള്ള സ്റ്റേജും ബംഗാള്‍ വിഭവങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. വെസ്റ്റ് ബംഗാളിലെ തൈ്വബ ഗാര്‍ഡനില്‍ ബുധനാഴ്ച ഉച്ചയോടെയാണ് അവനോക്‌സിന് തുടക്കമായത്. പ്രിസം ഫൗണ്ടേഷന്‍ മുഖ്യ രക്ഷാധികാരി ഡോ.എ.പി. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ അധ്യക്ഷതയില്‍ വെസ്റ്റ് ബംഗാള്‍ വികസന മന്ത്രി ബച്ചു ഹന്‍സ്ദ ഉത്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഇസ്‌ലാമിക പണ്ഡിതരെ ഒരുമിച്ചിരുത്തി പരസ്പര സാംസ്‌കാരിക-വൈജ്ഞാനിക കൈമാറ്റങ്ങളിലൂടെ സുസ്ഥിര സമൂഹവും സുഭദ്ര രാഷ്ട്രവും നിര്‍മ്മിക്കലാണ് അവനോക്‌സിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഡോ. അസ്ഹരി പറഞ്ഞു. മര്‍കസ് സമ്മേളന പ്രചരണം കൂടിയായ ഈ വര്‍ഷത്തെ അവനോക്‌സില്‍ സമ്മേളന സന്ദേശവും കൈമാറി.

സമാപന സംഗമം തൈ്വബ ഗാര്‍ഡന്‍ ഡയറക്ടര്‍ സുഹൈറുദ്ദീന്‍ നുറാനിയുടെ അധ്യക്ഷതയില്‍ മര്‍കസുല്‍ ഹിദായ കൊടഗ് പ്രിന്‍സിപ്പല്‍ ശിഹാബുദ്ദീന്‍ നുറാനി ഉദ്ഘാടനം ചെയ്തു. മദീനതുന്നൂര്‍ ജോ.ഡയറക്ടര്‍ ആസഫ് നുറാനി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എസ്.എസ്.എഫ് ദേശീയ ഉപാദ്ധ്യക്ഷന്‍ നൗഷാദ് ആലം മിസ്ബാഹി ഒറീസ സന്ദേശ പ്രഭാഷണം നടത്തി. ജുനൈദ് ഖലീല്‍ നുറാനി ബംഗളൂരു, സിദ്ധീഖ് നുറാനി, ഇബ്രാഹിം സഖാഫി, യൂനുസ് ഇര്‍ഫാനി സംബന്ധിച്ചു. ശരീഫ് നുറാനി സ്വാഗതവും ഷിബിലി നുറാനി നന്ദിയും പറഞ്ഞു.

സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ മധ്യപ്രദേശിലെ തൈബ എജ്യു കോംപ്ലക്‌സ് ഇന്‍ഡോറും സീനിയര്‍ വിഭാഗത്തില്‍ കേരളത്തിലെ മദീനത്തുന്നൂര്‍ കാലിക്കറ്റും സ്റ്റാര്‍ ക്യാമ്പസായി തെരഞ്ഞെടുക്കപ്പെട്ടു. സബ് ജൂനിയര്‍ വിഭാഗത്തില്‍ മധ്യപ്രദേശിലെ തൈ്വബ എജ്യു കോംപ്ലക്‌സ് ഇന്‍ഡോറിലെ തൗസീഫ്, ജൂനിയര്‍ വിഭാഗത്തില്‍ മര്‍കിന്‍സ് ഉര്‍ദു ബാംഗ്ലൂരിലെ ഷേര്‍ അലി മദനിയും സീനിയര്‍ വിഭാഗത്തില്‍ ഡല്‍ഹി തൈ്വബ ഗാര്‍ഡന്‍ ലോണിയിലെ നിസാം ഖാദിരിയും വ്യക്തിഗത ചാമ്പ്യന്മാരായി.
അവനോക്‌സ് ഭാഗമായി മര്‍കസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വത്തില്‍ പ്രിസം സഫര്‍ 2020 ആത്മീയ-സാംസ്‌കാരിക-വൈജ്ഞാനിക യാത്ര, തൈ്വബ ഗാര്‍ഡനു കീഴില്‍ നിര്‍മ്മിച്ച 5 വീടുകളുടെ സമര്‍പ്പണം, ത്വയ്ബ കാമ്പസ് മസ്ജിദ് ഉദ്ഘാടനം, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഉദ്ഘാടനം, എലൈറ്റ് മീറ്റ്, മീഡിയ ശില്പശാല എന്നിവ നടന്നു. വ്യാഴാഴ്ച രാവിലെ നടന്ന ത്വയ്ബ ഗാര്‍ഡന്‍ കോളജ് ഓഫ് ഇസ്ലാമിക് സയന്‍സ് കൊല്‍ക്കത്ത, ദിനാജ്പൂര്‍ കാമ്പസുകളിലെ പുതിയ വിദ്യാര്‍ത്ഥികളുടെ ദര്‍സ് ഉദ്ഘാടനം ഡോ. അസ്ഹരി നിര്‍വഹിച്ചു. ബീഹാര്‍, ജാര്‍ഖണ്ഡ്, മണിപ്പൂര്‍, വെസ്റ്റ് ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാല്‍പത് വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം അഡ്മിഷന്‍ എടുത്തത്.
വൈജ്ഞാനിക കരുത്തും പാരമ്പര്യ മൂല്യവും ആധുനിക ബോധവുമുള്ള പുതിയൊരു ഇന്ത്യയെ പുന:സൃഷ്ടിക്കുമെന്ന പ്രതിജ്ഞയോടെയാണ് മര്‍കസ് ഗാര്‍ഡന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രിസം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അവനോക്‌സ് കഴിഞ്ഞ് വിവിധ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ തൈ്വബ ഗാര്‍ഡനില്‍ നിന്ന് മടങ്ങിയത്.


SHARE THE NEWS