മർകസ് നിധി; വയനാട് ജില്ലാ സമർപ്പണം ചരിത്രനേട്ടമായി

0
506
മർകസ് നിധി പദ്ധതിയിൽ വയനാട് ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ ഫണ്ട് സമാഹരിച്ച കാട്ടിച്ചിറക്കൽ യൂണിറ്റിന് മർകസ് മർകസ് സാരഥികൾ ഉപഹാരം നൽകുന്നു
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റി അഭിമാന പദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി പ്രസ്ഥാന നേതൃത്വം പ്രഖ്യാപിച്ച മർകസ് നിധിയുടെ വയനാട് ജില്ലയുടെ വിഹിതം ​ഇന്നലെ(വ്യാഴം) സമർപ്പിച്ചു. ജില്ലകളുടെ സമർപ്പണച്ചടങ്ങുകൾ നടക്കുന്നതിൻ്റെ മുന്നോടിയായാണ് ഇന്നലെ വയനാടിൻ്റെ സമർപ്പണച്ചടങ്ങ് നടന്നത്. കഴിഞ്ഞ ഒന്നരമാസമായി വയനാട് ജില്ലാ മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ പ്രസ്ഥാനികകുടുംബം ഒന്നാകെ നിധിശേഖരണത്തിനായി കർമ രംഗത്തായിരുന്നു.

മലയോരജില്ലയായ വയനാട് കൊവിഡ് പ്രതിസന്ധിക്കിടയിലും വലിയൊരു വിഹിതം തന്നെ മർകസ് ചാൻസിലർ സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ കൈയിലേല്പിച്ചു. ജില്ലയിലെ മുഴുവൻ യൂണിറ്റുകളും ഈ മഹാ യജ്ഞത്തിൽ പങ്കാളികളായി. മാനന്തവാടി സോണിൽ എടവക സർക്കിളിലെ കാട്ടിച്ചിറക്കൽ യൂണിറ്റ് മാത്രം 8ലക്ഷം രൂപ സമാഹരിച്ചു. ഏറ്റവും കൂടുതൽ നിധി സമാഹരിച്ച സോൺ വെള്ളമുണ്ടയും സർക്കിൾ എടവകയുമാണ്. ജില്ലയിലെ പകുതിയോളം യൂണിറ്റുകൾ ടാർഗറ്റും മറ്റനേകം യൂണിറ്റുകൾ ഡബ്ൾ ടാർഗറ്റും പൂർത്തിയാക്കി.

വയനാട് ജില്ലാ മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് നേതൃത്വത്തിന് കീഴിൽ മാനന്തവാടി, കൽപ്പറ്റ,മേപ്പാടി, സുൽത്താൻ ബത്തേരി, വെള്ളമുണ്ട സോണുകളെ ഏകീകരിച്ചാണ് നിധി പ്രവർത്തനം പൂർത്തിയാക്കിയത്. ഏറ്റവും കൂടുതൽ നിധി ശേഖരിച്ച കാട്ടിച്ചിറക്കൽ യൂണിറ്റിനു പ്രത്യേക ഉപഹാരം നൽകി.

മർകസിന്റെ മഹത്തായ വിദ്യാഭ്യാസ മുന്നേറ്റം സാധ്യമായത് പ്രവർത്തകർ നൽകിയ അകമഴിഞ്ഞ സഹായം കൊണ്ടാണെന്നും വയനാട് ജില്ലയുടെ സമാനതകളില്ലാത്ത ഈ സഹായത്തിന് പ്രാർത്ഥന മാത്രമാണ് തിരിച്ചു നൽകാനുള്ളതെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. കോവിഡിന്റെ ഈ പ്രതിസന്ധി കാലത്തും മർകസ് പ്രഖ്യാപിച്ച പദ്ധതി ഏറ്റെടുത്തു പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാക്കിയ യൂണിറ്റ് പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

വയനാട് ജില്ലയിൽ നിന്നുള്ള പ്രാസ്ഥാനിക നേതാക്കളായ പി ഹസൻ മുസ്‌ലിയാർ, കെ.ഒ.അഹ്മദ്കുട്ടി ബാഖവി, എസ്.ശറഫുദ്ദീൻ, വി.എസ്.കെ.തങ്ങൾ,മുഹമ്മദലി സഖാഫി പുറ്റാട്, സി.എം.നൗശാദ്,കെ.എസ് മുഹമ്മദ് സഖാഫി,മുഹമ്മദ് സഖാഫി ചെറുവേരി എന്നിവരുടെ നേതൃത്വത്തിലാണ് നിധി കൈമാറിയത്.

മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ എന്നിവർ മർകസ് പദ്ധതികൾ വിശദീകരിച്ചു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർത്ഥന നടത്തി.


SHARE THE NEWS