മൊബൈലും റീചാര്‍ജും സൗജന്യം: ഓണ്‍ലൈന്‍ പഠനത്തിന് വേറിട്ട മാതൃകയവതരിപ്പിച്ച് മര്‍കസ്

0
940
മര്‍കസ് ശരിഅ കോളജ് വിദ്യാര്‍ത്ഥിക്ക് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ടാബ് കൈമാറുന്നു. സി മുഹമ്മദ് ഫൈസി സമീപം
SHARE THE NEWS

കോഴിക്കോട്: ഓണ്‍ലൈനില്‍ പഠനത്തിന് വേറിട്ട സൗകര്യങ്ങളൊരുക്കി മര്‍കസ് ശരീഅ കോളജ്. വിവിധ സംസ്ഥാനങ്ങളിലെ 3000 വിദ്യാര്‍ത്ഥികള്‍ക്കാണ് ശരീഅ വിഭാഗത്തില്‍ ക്ലാസ്സുകള്‍ നടക്കുന്നത്. മര്‍കസ് വെബ്‌സൈറ്റില്‍ പ്രത്യേകം സംവിധാനിച്ച സാങ്കേതിക സൗകര്യങ്ങള്‍ വഴി ഓരോ വിദ്യാര്‍ത്ഥിക്കും വീട്ടിലിരുന്നു ക്‌ളാസില്‍ പങ്കെടുക്കാം. ഗുരുനാഥന്മാരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും വെബ് പേജില്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ക്ലാസിലേക്ക് പ്രവേശിക്കുന്ന സമയവും വിരമിക്കുന്ന സമയവും കൃത്യമായി രേഖപ്പെടുത്തുന്നതിനാല്‍ ഹാജറും ലഭ്യം. രാവിലെ 8 മണിക്ക് നടക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ സ്വഹീഹുല്‍ ബുഖാരി ദര്‍സില്‍ 950ഓളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

ഓണ്‍ലൈന്‍ ക്ലാസില്‍ സംബന്ധിക്കാന്‍ മൊബൈലില്ലാത്ത ശരീഅ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍കസ് ടാബുകള്‍ നല്‍കി. അതോടൊപ്പം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മാസാന്തം റീചാര്‍ജ് ചെയ്തു നല്‍കല്‍, ഭക്ഷ്യ ധാന്യങ്ങള്‍ നല്‍കല്‍, പഠനോപകരണ വിതരണം എന്നിവയും മര്‍കസ് ഈ മാസം മുതല്‍ നടപ്പിലാക്കുമെന്ന് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. ശരീഅ കോളജിലെ ഉസ്താദുമാര്‍ക്കു വീട്ടില്‍ നിന്ന് ക്ലാസ്സെടുക്കാന്‍ ലാപ്‌ടോപ്പും മര്‍കസ് വക നല്‍കും. ഓണ്‍ലൈന്‍ ക്‌ളാസുകള്‍ക്കായി ആധുനിക സൗകര്യങ്ങളോടെ രണ്ടു സ്റ്റുഡിയോകളും മര്‍കസില്‍ പ്രവര്‍ത്തിക്കുന്നു.

ടാബ് വിതരണ ചടങ്ങിന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സി.പി ഉബൈദുല്ല സഖാഫി, അക്ബര്‍ ബാദുഷ സഖാഫി, സയ്യിദ് മുഹമ്മദ് ശിഹാബ് സഖാഫി എന്നിവര്‍ സംബന്ധിച്ചു.


SHARE THE NEWS