റമസാനിൽ ഓൺലൈനിൽ വൈവിധ്യകരമായ പരിപാടികളുമായി മർകസ്

0
934

കോഴിക്കോട്: കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ പൂർണ്ണമായി പാലിച്ചു റമസാനിൽ വൈവിധ്യമാർന്ന പരിപാടികൾ ഓൺലൈനിൽ നടത്തുമെന്ന് മർകസ്. സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുശോല അബ്ദുൽ ജലീൽ സഖാഫിയുടെ ‘കോവിഡ് കാലത്തെ റമസാൻ’ എന്ന ചോദ്യോത്തര സീരീസ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

റമസാൻ  ഒന്ന് മുതൽ ആത്മീയ പ്രഭാഷണങ്ങൾ, ലോകത്തെ പ്രമുഖ മുഫ്തിമാരുമായുള്ള കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ഓൺലൈൻ സംഭാഷണങ്ങൾ, കോവിഡ് കാലത്ത് സൂക്ഷിക്കാനുള്ള മതപരമായ കർമ്മങ്ങൾ വിവിധ ഭാഷകളിൽ  തുടങ്ങിയവ ഓൺലൈനിലൂടെ സംപ്രേക്ഷണം ചെയ്യും. ആരോഗ്യ വിദഗ്ദർ, അക്കാദമീഷ്യർ, ചരിത്രകാരന്മാർ തുടങ്ങിയവരുമായുള്ള സംഭാഷണങ്ങൾ, ലോകത്തെ വിവിധ രാഷ്ട്രങ്ങളിലുള്ള മർകസ് പൂർവ്വവിദ്യാർത്ഥികളുടെ  റമളാൻ അനുഭവങ്ങൾ എന്നിവയും വിവിധ ദിവസങ്ങളിൽ നടക്കും.

അറബി, ഉറുദു, മലയാളം ഭാഷകളിലുള്ള മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രത്യേക സന്ദേശങ്ങളും റമളാനിലെ ഓരോ ദിവസവും നടക്കും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവരുടെ റമളാൻ സന്ദേശപ്രഭാഷണങ്ങളും ഓൺലൈനിൽ നടക്കും. വെള്ളിയാഴ്ചകളിൽ പ്രധാന പണ്ഡിതരുടെ പ്രഭാഷണങ്ങൾ, റമളാൻ പതിനേഴിന് ബദർ ദിനം, റമളാൻ ഇരുപത്തിയഞ്ചാം രാവിന് ആത്മീയ സമ്മേളനം എന്നിവ നടക്കും. അതേസമയം, മർകസ് കേന്ദ്രകാമ്പസിലും വിവിധ കീഴ്സ്ഥാപനങ്ങളിലും നടന്നുവരുന്ന ഇഫ്‌താർ മീറ്റുകൾ ഇത്തവണ ഉണ്ടാവില്ലെന്ന് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അറിയിച്ചു. www.youtube.com/markazonline,  www.youtube.com/sheikhaboobacker എന്നീ യൂട്യൂബ് പേജുകളിൽ വിവിധ പരിപാടികൾ നടക്കും.