മര്‍കസ്‌ റമളാന്‍ ആത്മീയ സമ്മേളനത്തിന്‌ അന്തിമരൂപമായി

0
448

കോഴിക്കോട്‌: റമളാന്‍ 25 രാവില്‍(ജൂണ്‍ 29) മര്‍കസില്‍ നടക്കുന്ന കാന്തപുരത്തിന്റെ റമസാന്‍ പ്രഭാഷണത്തിനും മര്‍കസ്‌ ആത്മീയ സമ്മേളനത്തിനും അന്തിമരൂപമായി. ഉച്ചക്ക്‌ ളുഹര്‍ നിസ്‌കാരാനന്തരം ആരംഭിക്കുന്ന പരിപാടി അര്‍ദ്ധരാത്രി വരെ നീണ്ടുനില്‍ക്കും. റമളാന്‍ സന്ദേശ പ്രഭാഷണം, ബദര്‍ മൗലിദ്‌ പാരായണം, കവര്‍ സ്വീകരിക്കല്‍, ദിക്‌റ്‌ മജ്‌ലിസ്‌ എന്നിവ നടക്കും. തുടര്‍ന്ന്‌ മഗ്‌രിബ്‌ നിസ്‌കാരാനന്തരം വിപുലമായ ഇഫ്‌താറും തറാവീഹിന്‌ ശേഷം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ റമസാന്‍ പ്രഭാഷണവും നടക്കും. തുടര്‍ന്ന്‌ പ്രമുഖ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ ഖത്മുല്‍ ഖുര്‍ആനും തൗബയും തഹ്‌ലീലും നടക്കും. ഇത്‌ സംബന്ധമായി മര്‍കസില്‍ നടന്ന യോഗത്തില്‍ വി.എം കോയ മാസ്‌റ്റര്‍ അധ്യക്ഷത വഹിച്ചു. സമദ്‌ സഖാഫി മായനാട്‌ ഉദ്‌ഘാടനം ചെയ്‌തു. ബി.പി സിദ്ധീഖ്‌ ഹാജി കോവൂര്‍, ഉമര്‍ സഖാഫി മാങ്ങാട്‌, ശുക്കൂര്‍ സഖാഫി വെണ്ണക്കോട്‌, വി.എം റഷീദ്‌ സഖാഫി, അഡ്വ. സമദ്‌ പുലിക്കാട്‌, എഞ്ചി. യൂസുഫ്‌ ഹാജി, കൈരളി അബ്ദുറഹ്മാന്‍ ഹാജി, ശംസുദ്ധീന്‍ പെരുവയല്‍, അഷ്‌റഫ്‌ കാരന്തൂര്‍ സംസാരിച്ചു. കോഴിക്കോട്‌ ജില്ലയിലെ വിവിധ സോണുകളിലെ മുസ്ലിം ജമാഅത്ത്‌, എസ്‌.വൈ.എസ്‌ നേതാക്കള്‍ പങ്കെടുത്തു. ലത്തീഫ്‌ സഖാഫി സ്വാഗതവും ബാദുഷ സഖാഫി നന്ദിയും പറഞ്ഞു.