മര്‍കസ്‌ ആത്മീയ സമ്മേളനം: നഗരി ഒരുങ്ങി

0
479

കോഴിക്കോട്‌: റമസാന്‍ 25ാം രാവില്‍ മര്‍കസില്‍ നടക്കുന്ന ആത്മീയ സമ്മേളനത്തിനും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ റമളാന്‍ പ്രഭാഷണത്തിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉച്ചക്ക്‌ 1 മണി മുതല്‍ രാത്രി 1 മണി വരെ നടക്കുന്ന പരിപാടികളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിരക്കണക്കിന്‌ വിശ്വാസികള്‍ സംബന്ധിക്കും. പരിപാടിയുടെ പ്രചാരണാര്‍ത്ഥം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്‌.
ഉച്ചക്ക്‌ ളുഹ്‌ര്‍ നിസ്‌കാരാനന്തരം തുടങ്ങുന്ന ഖുര്‍ആന്‍ പ്രഭാഷണം സി. മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്യും. അബൂബക്കര്‍ സഖാഫി വെണ്ണക്കോട്‌ പ്രഭാഷണം നടത്തും. തുടര്‍ന്ന്‌ അസര്‍ വരെ മൗലിദ്‌ പാരായണം. അസറിന്‌ ശേഷം കാന്തപുരം ഉസ്‌താദിന്റെ നേതൃത്വത്തില്‍ കവര്‍ സ്വീകരിക്കല്‍ ചടങ്ങ്‌ നടക്കും. അതോടൊപ്പം ഖദീദതുല്‍ വിത്‌രിയ്യയുടെ പാരായണവും നടക്കും. ആറ്‌ മണിക്ക്‌ മരണപ്പെട്ടവര്‍ക്ക്‌ വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടക്കും.
ശേഷം നടക്കുന്ന സമൂഹ നോമ്പുതുറയില്‍ ആയിരങ്ങള്‍ സംബന്ധിക്കും. തുടര്‍ന്ന്‌ തറാവീഹീന്‌ മുമ്പ്‌ ഖത്മുല്‍ ഖുര്‍ആനും ഹദ്ദാദും നടക്കും. തറാവീഹിന്‌ ശേഷം നടക്കുന്ന ആത്മീയ സമ്മേളനം സമസ്‌ത പ്രസിഡന്റ്‌ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ അലിബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ്‌ യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സയ്യിദ്‌ സൈനുല്‍ ആബീദീന്‍ ബാഫഖി മലേഷ്യ, സയ്യിദ്‌ ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌്‌ലിയാര്‍, എ.പി മുഹമ്മദ്‌ മുസ്‌്‌ലിയാര്‍ സന്ദേശപ്രഭാഷണം നടത്തും.
തുടര്‍ന്ന്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ റമളാന്‍ പ്രഭാഷണം നടക്കും. ശേഷം തൗബ, തഹ്‌ലീല്‍, ഇസ്‌തിഗാഫാര്‍, സ്വലാത്ത്‌ എന്നിവക്ക്‌ പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും നേതൃത്വം നല്‍കും.