മര്‍കസ് സാദാത്ത് ഡേക്ക് ഉജ്ജ്വല സമാപനം

0
994

കാരന്തൂര്‍: പ്രവാചക കുടുംബപരമ്പരയിലുള്ള കേരളത്തിലെ വിവിധ ഖബീലകളില്‍ നിന്നുള്ള സയ്യിദന്‍മാരെ ഒരുമിപ്പിച്ച് മര്‍കസില്‍ നടത്തിയ സാദാത്ത് ഡേ സമാപിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി നൂറ് കണക്കിന് സയ്യിദന്‍മാര്‍ പങ്കെടുത്തു. പഠന ക്ലാസുകള്‍, ആദരിക്കല്‍ ചടങ്ങ്, ദിക്‌റ് ദുആ മജ്‌ലിസ്, ഇഫ്താര്‍ എന്നിവ അടങ്ങിയതായിരുന്നു സാദാത്ത് ഡേ പരിപാടികള്‍.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സാദാത്ത് ഡേ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുസ്‌ലിംകളുടെ വൈജ്ഞാനികവും സാമൂഹികവുമായ വളര്‍ച്ചക്ക് അതുല്യമായ നേതൃത്വം നല്‍കിയവരാണ് സയ്യിദ് കുടുംബങ്ങളെന്നും നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം സജീവമാക്കുന്നതില്‍ അവര്‍ വഹിക്കുന്ന പങ്ക്

ശ്രദ്ധേയമാണെന്നും കാന്തപുരം പറഞ്ഞു.
ളുഹ്‌റിന് ശേഷം മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രത്യേക ചടങ്ങില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദന്‍മാരുടെ ശ്രേഷ്ഠതകള്‍ എന്ന വിഷയത്തില്‍ സി.മുഹമ്മദ് ഫൈസിയും നമ്മള്‍ സാദാത്തീങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ വി.പി.എ തങ്ങള്‍ ആട്ടീരിയും പ്രബന്ധമവതരിപ്പിച്ചു.
അസര്‍ നിസ്‌കാരാനന്തരം നടന്ന ദിക്‌റ് ദുആ മജ്‌ലിസ് സയ്യിദ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ആദരിക്കല്‍ ചടങ്ങിന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ നേതൃത്വം നല്‍കി. ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ പ്രഭാഷണം നടത്തി. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ്, സയ്യിദ് സ്വാലിഹ് ജിഫ്‌രി, മുത്തനൂര്‍ തങ്ങള്‍, സയ്യിദ് സബൂര്‍ ബാ ഹസന്‍ അവേലം, സയ്യിദ് മുഹ്‌സിന്‍ അഹ്ദല്‍,സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ കടലുണ്ടി, ഷിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, വാരണാക്കാര തങ്ങള്‍, സയ്യിദ് മുല്ലക്കര തങ്ങള്‍ കോളശ്ശേരി, സയ്യിദ് കാരക്കാട്ട് തങ്ങള്‍ എന്നിവര്‍ ദിക്‌റ് മജ്‌ലിസിന് നേതൃത്വം നല്‍കി. സമദ് സഖാഫി മായനാട് സ്വാഗതവും അക്ബര്‍ ബാദുഷ സഖാഫി സന്ദിയും പറഞ്ഞു.