മര്‍കസ്‌ ശരീഅത്ത്‌ കോളേജ്‌ അധ്യായനാരംഭം നാളെ

0
460
SHARE THE NEWS

കുന്നമംഗലം : മര്‍കസ്‌ ശരീഅത്ത്‌ കോളേജ്‌ 2016-17 വര്‍ഷത്തെ അധ്യായനാരംഭം നാളെ(ബുധന്‍) നടക്കും. മര്‍കസ്‌ ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ബുഖാരി ഹദീസ്‌ പഠനക്ലാസ്സിനു നേതൃത്വം നല്‌കുന്നതോടെയാണ്‌ പുതിയ അക്കാദമിക വര്‍ഷത്തിലെ ക്ലാസുകള്‍ ആരംഭിക്കുന്നത്‌. ഇന്ത്യയില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ മതബിരുദത്തിനു പഠിക്കുന്ന സ്ഥാപനമാണ്‌ മര്‍കസ്‌. അഞ്ചു കോഴ്‌സുകളിലായി ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ്‌ മര്‍കസ്‌ ശരീഅത്ത്‌ കോളേജില്‍ പഠിക്കുന്നത്‌. ഇതില്‍ ഈജിപ്‌തിലെ പ്രശസ്‌തമായ ഇസ്‌ലാമിക യൂണിവേഴ്‌സിറ്റി അല്‍ അസ്‌ഹറുമായി മര്‍കസ്‌ ശരീഅത്ത്‌ കോളേജിലെ മൂന്നു കോഴ്‌സുകള്‍ക്ക്‌ അഫിലിയേഷന്‍ ഉണ്ട്‌. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നൂറുകണക്കിന്‌ വിദ്യാര്‍ത്ഥികള്‍ ഓരോ വര്‍ഷവും മര്‍കസിലെ ബിരുദപഠനത്തിനെത്തുന്നു. അല്‍ അസ്‌ഹറിന്‌ പുറമെ ഷാര്‍ജയിലെ അല്‍ ഖാസിമിയ്യ യൂണിവേഴ്‌സിറ്റി, മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി, ഇന്ത്യയിലെ പ്രശസ്‌തമായ അലിഗഡ്‌ യൂണിവേഴ്‌സിറ്റി, ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി, ജാമിയ മില്ലിയ്യ യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങളുമായും മര്‍കസ്‌ ശരീഅത്ത്‌ കോളേജിന്‌ അഫിലിയേഷന്‍ ഉണ്ട്‌.
പ്രശസ്‌ത ഹദീസ്‌ ഗ്രന്ഥമായ ബുഖാരി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പതിറ്റാണ്ടുകളായി മര്‍കസില്‍ ക്ലാസ്‌ എടുക്കുന്നു. ദിനേന പ്രഭാതത്തില്‍ നടക്കുന്ന ഈ പഠന ക്ലാസില്‍ ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. ഇസ്‌ലാമിക വിജ്ഞാന ശാഖയിലെ കര്‍മ്മശാസ്‌ത്രം, വിശ്വാസ ശാസ്‌ത്രം, ചരിത്രം, ഖുര്‍ആന്‍ പഠനം, അറബി ഭാഷാ പഠനം എന്നിവക്ക്‌ ഊന്നല്‍ നല്‍കികൊണ്ടുള്ള സിലബസ്‌ ആണ്‌ മര്‍കസ്‌ ശരീഅത്ത്‌ കോളേജിലേത്‌.
നാളെ രാവിലെ ഒമ്പത്‌ മണിക്ക്‌ മര്‍കസ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുക്കും.മര്‍കസ്‌ ശരീഅത്ത്‌ കോളേജ്‌ പ്രഫസര്‍മാരായ എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍, കട്ടിപ്പാറ കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാര്‍, സി.മുഹമ്മദ്‌ ഫൈസി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, വി.പി.എം ഫൈസി വില്യാപ്പള്ളി, മുക്താര്‍ ഹസ്രത്ത്‌, ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ്‌ സഖാഫി, മുഹമ്മദ്‌ കുഞ്ഞി സഖാഫി എന്നിവര്‍ സംബന്ധിക്കും.


SHARE THE NEWS