മർകസ് റമസാൻ ക്യാമ്പയിന് തുടക്കമായി

0
263
SHARE THE NEWS

കോഴിക്കോട്: മർകസ് റമസാൻ ക്യാമ്പയിന് പ്രൗഢ തുടക്കം. റമളാനുൽ അമൽ എന്ന ശീർഷകത്തിലാണ് ക്യാമ്പയിൻ നടക്കുക. പതിനായിരക്കണക്കിന് വീടുകളിലേക്ക് മർകസ് ഈത്തപ്പഴം എത്തിച്ചു റമസാന് മുമ്പേ കാമ്പയിൻ ആരംഭിച്ചിരുന്നു. കാരന്തൂരിലെ മർകസ് കേന്ദ്ര കാമ്പസ്, മർകസ് നോളജ് സിറ്റി എന്നിവ കേന്ദ്രമാക്കി വിവിധ പദ്ധതികളാണ് റമസാനിൽ നടപ്പാക്കുന്നത്.

മർകസ് നാലാപത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ സമാപനം റമളാൻ ഇരുപത്തിനാലു (മെയ് 6)നു നടക്കും. മർകസ് സമ്മേളനത്തിന്റെ ഭാഗമായി നടന്നുവരുന്ന ആത്മീയ സമ്മേളനവും ഈ വേദിയിൽ നടക്കും. സംസ്ഥാനത്തെ പ്രധാന സയ്യിദന്മാരും പണ്ഡിതരും സംബന്ധിക്കും. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും.

റമളാനിലെ എല്ലാ ശനി , ഞായർ ദിവസങ്ങളിലും പ്രമുഖരുടെ നേതൃത്വത്തിൽ പ്രഭാഷണങ്ങൾ നടക്കും. എ.പി മുഹമ്മദ് മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, മുഹിയുദ്ധീൻ സഅദി കൊട്ടൂക്കര, ലത്തീഫ് സഖാഫി കാന്തപുരം, അലവി സഖാഫി കായലം, ലുഖ്മാനുൽ ഹകീം സഖാഫി പുല്ലാര, സമദ് സഖാഫി മായനാട്, ഫാളിൽ നൂറാനി ദേവതിയാൽ നേതൃത്വം നൽകും. ഇതിനു പുറമെ എല്ലാ ദിവസവും തറാവീഹ് നിസ്‌കാരാനന്തരം സയ്യിദ് ജസീൽ കാമിൽ സഖാഫിയുടെ പ്രഭാഷണവും മർകസ് മസ്ജിദുൽ ഹാമിലിയിൽ നടക്കും.

ദൽഹി, പശ്ചിമ ബംഗാൾ, ചാർഖണ്ഡ്, ഗുജറാത്ത്, യു.പി, ബീഹാർ, കശ്മീർ, ലഡാക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലും മർകസിന്റെ നേതൃത്വത്തിൽ ഇഫ്താറുകളും റമളാൻ സമാശ്വാസ പദ്ധതികളും നടക്കുന്നുണ്ട്. ബദർ ദിനത്തിന് വിപുലമായി മൗലിദ് പാരായണവും അനുസ്മരണ സംഗമവും മർകസ് മസ്ജിദിൽ നടക്കും. മർകസ് സ്ഥാപകദിനമായ ഏപ്രിൽ 18 ഞായറാഴ്ച- മർകസ് ഡെ പരിപാടികൾ നടക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ നേതൃത്വം നൽകും.


SHARE THE NEWS