അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തില്‍ മര്‍കസ് വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം

0
616
SHARE THE NEWS

കോഴിക്കോട്: ഇരുപത് രാഷ്ട്രങ്ങളിലെ ഖുര്‍ആന്‍ പഠിതാക്കള്‍ മാറ്റുരച്ച അന്താരാഷ്ട്ര ഖുര്‍ആന്‍ മനഃപാഠ മത്സരത്തില്‍ മര്‍കസ് കോളജ് ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ് വിദ്യാര്‍ത്ഥി ത്വാഹാ ഉവൈസിനു ഒന്നാം സ്ഥാനം. ഖുര്‍ആന്‍ പാരായണ വിദഗ്ധരായ ശൈഖ് മുഹമ്മദ് ഹസന്‍ വഹബി യു.എ.ഇ, ശൈഖ് അബ്ദുല്‍ വാഹിദ് ഫുളൈലി സ്‌പെയിന്‍, ശൈഖ് മുഹമ്മദ് അബ്ദുല്‍ മുന്‍ഇം ബ്രസീല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് മത്സരത്തിന്റെ വിധികര്‍ത്താക്കളായത്. ഓണ്‍ലൈനില്‍ നടന്ന മത്സരം മൂന്നു ഘട്ടങ്ങളിലായാണ് നടന്നത്. ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തു അഹിബ്ബാഇല്‍ ഖുര്‍ആന്‍ എന്ന സംഘടനയാണ് മത്സരം സംഘടിപ്പിച്ചത്.
മലപ്പുറം ജില്ലയിലെ ആക്കോട് സ്വദേശിയായ പീടികത്തൊടിയില്‍ അബ്ദുല്‍ മുനീര്‍-സുനീറ ദമ്പതികളുടെ മകനാണ് ത്വാഹാ ഉവൈസ്. അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഒന്നാം സമ്മാനം ഉള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ വിജയിയായിട്ടുണ്ട് ഈ വിദ്യാര്‍ത്ഥി. ത്വാഹാ ഉവൈസിനെ മര്‍കസ് മാനേജ്മെന്റ് അനുമോദിച്ചു.


SHARE THE NEWS